ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ലോകത്ത് ലക്ഷോപലക്ഷം ഗ്രന്ഥങ്ങളുണ്ട്; ധാരാളം ഭാഷകളും. പലതും ലോകഭാഷകള്‍. എല്ലാ ഭാഷകളിലും കണക്കറ്റ ഗ്രന്ഥങ്ങള്‍. ഈ ഗ്രന്ഥങ്ങളില്‍ ലോകവ്യാപകമായി ഏറ്റവുമധികം പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥമാണ് വിശുദ്ധഖുര്ആന്. ഈ അറബിഗ്രന്ഥം എല്ലാ ഭാഷക്കാരും സകല നാട്ടുകാരും വായിക്കുന്നു.
ബൈബിള്‍ പോലുള്ള വേദഗ്രന്ഥങ്ങളും ലോകത്തെങ്ങും വ്യാപകമായി വായിക്കപ്പെടുന്നുണ്ടെങ്കിലും ഓരോ നാട്ടുകാരും അവരവരുടെ ഭാഷയിലാണത് വായിക്കുന്നത്. ബൈബിളിന്റെ മൂലഭാഷ ഇന്ന് മൃതാവസ്ഥയിലാണ്.
ഭൂഗോളത്തിന്റെ നാനാ മുക്കുകളില്‍ വസിക്കുന്ന വിവിധ സമൂഹങ്ങളില്‍ ഈ ഗ്രന്ഥം -ഖുര്‍ആന്‍- അറബിഭാഷയില്‍തന്നെ ഹൃദിസ്ഥമാക്കിയവര്‍ ആയിരക്കണക്കിലുണ്ട്. നിത്യവും പ്രഭാതപ്രദോഷങ്ങളില്‍ അവരത് ഉരുവിട്ടുകൊണ്ടിരിക്കുന്നു. ലോകത്ത് ഏറ്റവുമധികം ജനങ്ങളാല്‍ മനഃപാഠമാക്കപ്പെട്ട ഗ്രന്ഥവും ഇതുതന്നെ. ഏറ്റവുമധികം വാദകോലാഹലങ്ങള്‍ നടക്കുന്നതും ഇതിനെപ്പറ്റിത്തന്നെ.
ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തെക്കുറിച്ച് കേള്‍ക്കാനിടയാവാത്ത ഒരു മനുഷ്യനെങ്കിലും ഭൂമുഖത്ത് ഉണ്ടാകാനിടയില്ല. ഒന്നുകില്‍ ഖുര്‍ആന്‍ നല്കുന്ന സുമോഹനസുന്ദരവാഗ്ദാനങ്ങളില്‍ വിസ്മയിച്ച് അവന് നില്ക്കുന്നു; സ്വര്‍ഗീയാനുഭൂതികള്‍ നുകരാനുള്ള കൊതിയോടെ, ഖുര്‍ആന്‍ വരച്ചുകാട്ടുന്ന മാസ്മരികലോകത്തെത്താനുള്ള അതിയായ വെമ്പലോടെ. അല്ലെങ്കിലവര് ഖുര്‍ആനിലെ താക്കീതുകള്‍ക്ക് മുമ്പില്‍ ഭീതിതരായി നില്ക്കുന്നു, നരകീയജീവിതത്തിന്റെ ചിത്രീകരണങ്ങള്‍ക്കു മുന്നില്‍ നടുങ്ങുന്നു.
ഭൂമിയില്‍ ജനിച്ചുകഴിഞ്ഞ ഒരു മനുഷ്യന്നും ഇനിയൊരിക്കലും ഇല്ലായ്മയിലേക്ക് രക്ഷപ്പെട്ടുകളയാനാവില്ല. മരണം ഒരു രംഗമാറ്റം മാത്രം. പുതിയ അരങ്ങേറ്റം എങ്ങനെ വേണമെന്ന് മനുഷ്യന് സ്വയം നിര്‍ണയിക്കേണ്ടതുണ്ട്, രണ്ടിലൊന്ന് തെരഞ്ഞെടുക്കേണ്ടതുണ്ട്. ഇതൊരു ശാസനമാണ്. അവഗണിക്കാനാവാത്ത ഈ അന്ത്യശാസനം ഓരോ മനുഷ്യന്റെയും ചെവികളിലേക്ക് സ്വയം കടന്നുചെല്ലുന്നതാക്കാന് ഖുര്‍ആന്ന് കഴിയുന്നു. മനുഷ്യബുദ്ധികളില് ഈ ഗ്രന്ഥം പ്രകമ്പനമുണ്ടാക്കുന്നു, ചിന്തയെ തട്ടിയുണര്‍ത്തുന്നു. വീക്ഷണവൈവിധ്യങ്ങള്ക്കത് ഹേതുവാകുന്നു.
ഈ ഖുര്‍ആന്‍ ഒരു ചെറിയ ഗ്രന്ഥം. എഴുപത്തേഴായിരത്തിലധികം വാക്കുകള്‍ മാത്രമടങ്ങുന്ന ഗ്രന്ഥം. പക്ഷേ, ഈ ഗ്രന്ഥം ഒരു മഹാത്ഭുതമാണ്. വായിക്കുന്ന ആരെയും അത് പിടികൂടും, പിടിച്ചുകുലുക്കും. ഒന്നുകില്‍ അംഗീകരിക്കുക, അല്ലെങ്കില്‍ നിഷേധിക്കുക. മനുഷ്യസമൂഹത്തില്‍ ഓരോരുത്തന്റെയും മുമ്പിലേക്ക് ഇത്രയും ശക്തമായി സ്വയം കടന്നുവരുന്ന ഈ ഖുര്‍ആന്‍ ധാരാളം പേരെ മിത്രങ്ങളും അനുയായികളുമാക്കുന്നു. വളരെയധികം ശത്രുക്കളെയും സൃഷ്ടിക്കുന്നു.
മിത്രങ്ങള്‍ക്കും അനുയായികള്‍ക്കും പാടാനും ആസ്വദിക്കാനും കഴിയുന്ന ഈ ഖുര്‍ആന്ന് മനുഷ്യസമൂഹത്തിന്റെ യാതൊരു ഭാഷയ്ക്കുമില്ലാത്ത ഒരു ഭാഷാശൈലിയാണുള്ളത്. ഗദ്യവുമല്ല, പദ്യവുമല്ല. വൃത്തമില്ല, പ്രാസവുമില്ല. എന്നാല്‍, ഉത്തരാധുനികമെന്ന പോലെ എല്ലാമുണ്ട്. ഗദ്യമുണ്ട്, പദ്യമുണ്ട്, കവിതയുണ്ട്, കഥയുണ്ട്, പാട്ടുണ്ട്, പ്രാസമുണ്ട്, ആഖ്യാനവും നോവലും നാടകവുമെല്ലാമുണ്ട്. പഠനവും ചര്‍ച്ചയുമുണ്ട്. തലക്കെട്ടുകള്‍ വളരെ ചെറുത്. ഏറ്റവും അത്യന്താധുനികം. അധ്യായങ്ങള്‍ വളരെ ചെറുതും വലുതുമെല്ലാമുണ്ട്. എല്ലാം മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നു! അനുകരിക്കുക അസാധ്യമായ സമ്മിശ്രശൈലി! മിത്രങ്ങള്‍ക്ക് കരളില്‍ കുളിരു കോരിയിടുന്ന വചനപീയൂഷം! കാരുണ്യാനുഭൂതി പ്രസരിപ്പിക്കുന്ന വാഗ്പ്രയോഗങ്ങള്‍! എത്ര കേട്ടിരുന്നാലും മതിവരാത്ത താളലയങ്ങളുടെ രാഗം.
ഈ ഗ്രന്ഥം സ്വന്തം വാദമുഖങ്ങളെ ചോദ്യംചെയ്യാന്‍ മനുഷ്യനോടാവശ്യപ്പെടുന്നു. ബുദ്ധിപരമായി സംവദിക്കാന്‍ തയാറാവാതെ അംഗീകരിക്കാന്‍ വരുന്നവനെ ഈ ഗ്രന്ഥം വിഡ്ഢിയായി കാണുന്നു: ''തങ്ങളുടെ രക്ഷിതാവിന്റെ (ദൈവത്തിന്റെ) വചനങ്ങള്‍ കേള്‍പ്പിക്കപ്പെട്ടാല്‍ അന്ധമായും ബധിരമായും അതിന്മേല് മുട്ടുകുത്തിവീഴുന്നവരല്ല വിശ്വാസികള്‍'' (അല്‍ഫുര്‍ഖാന്‍: 73).
സ്വന്തം വീക്ഷണങ്ങളെയും സിദ്ധാന്തങ്ങളെയും അവിശ്വസിക്കാനും എതിര്‍ക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യന് വകവച്ചുകൊടുക്കുന്നു, ഈ ഗ്രന്ഥം. അതിന്റെ പേരില്‍, മനുഷ്യന് വിശ്വസിക്കുന്ന ഈ ഭൗതികജീവിതത്തില്‍ അവന്റെ യാതൊരു അവകാശവും നിഷേധിക്കപ്പെടില്ലായെന്ന് ഉറപ്പുനല്‍കുന്നു. പരലോകത്താണ് പ്രശ്നം. അതില്‍ അവിശ്വസിക്കുന്നവര്‍ക്ക് അത് പ്രശ്നമാവുന്നുമില്ലല്ലോ. എത്ര ഉന്നതമായ സമീപനം! എത്ര ഉദാത്തമായ നിലപാട്! വാഗ്വാദം നടത്തി അവിശ്വസിക്കുന്നവര്‍ക്ക്, കളവാക്കി തള്ളിക്കളയുന്നവര്‍ക്ക് നീതിയും രക്ഷയും ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും സ്വാതന്ത്ര്യവും അവര്‍ വിശ്വസിക്കുന്ന ഈ ഭൗതികജീവിതത്തില്‍ നല്കിയെങ്കിലേ വിശ്വാസികള്‍ക്ക് പരലോകത്ത് അനശ്വരസ്വര്‍ഗം ലഭ്യമാവൂ എന്ന് സമര്‍ഥിക്കുന്നു, ഈ ഗ്രന്ഥം.
രചയിതാവില്ലാത്ത ഗ്രന്ഥം! ഇത്തരത്തില്‍ ലോകത്തെ ഏകഗ്രന്ഥം! ഈ ഗ്രന്ഥത്തിന്റെ രചയിതാവ് സാക്ഷാല്‍ ദൈവം തന്നെ. ഈ ഗ്രന്ഥത്തിന്റെ ഏറ്റവും ശക്തമായ അവകാശവാദവും അതുതന്നെ. ദൈവത്തില്‍നിന്ന്, അത്യുന്നതനും പ്രതാപശാലിയും സര്‍വജ്ഞനും കരുണാമയനും സ്രഷ്ടാവും പരിപാലകനും സംഹാരകനുമെല്ലാമായ ദൈവത്തില്‍നിന്ന് അവതീര്‍ണമായ ഗ്രന്ഥം. മുഴുവന്‍ മനുഷ്യരാശിക്കുമായുള്ള സന്ദേശങ്ങളടങ്ങുന്ന ഗ്രന്ഥം. ദൈവത്തിന്റെ അവസാനത്തെ ദൂതനായ മുഹമ്മദ് നബിയിലേക്ക് മാലാഖ മുഖേന അവതീര്‍ണമായ ഗ്രന്ഥം. ഇതാണ് ഖുര്‍ആന്റെ അവകാശവാദം.
ഈ ഗ്രന്ഥത്തിന്റെ വേരുകള്‍ അന്വേഷിച്ചുപോയാല്‍ ഗ്രന്ഥമെന്താണെന്നറിഞ്ഞിരുന്നിട്ടില്ലാത്ത ഒരു സമൂഹത്തില്‍, കടലാസില്ലാത്ത ഒരു കാലഘട്ടത്തില്‍ എത്തുന്നു. എഴുത്തും വായനയും തന്നെ നന്നേ വിരളമായിരുന്ന ഒരു ജനതയില്‍; വിജ്ഞാനം ഒട്ടും തന്നെ പരിഗണനീയമല്ലാതിരുന്ന, പോരും പെണ്ണും പാനവും മാത്രം ജീവിതരീതിയാക്കിയിരുന്ന ഒരു സമൂഹത്തില്‍. അജ്ഞതയുടെ അന്ധകാരയുഗത്തില്‍ ജനിച്ചുവളര്‍ന്ന മുഹമ്മദ് നബിയിലാണ് ഈ ഗ്രന്ഥത്തിന്റെ പഴമ തേടിച്ചെന്നാലെത്തുന്നത്.
മൃദുലപാളികളില്‍ ഉല്ലേഖനം ചെയ്ത് പ്രസിദ്ധീകരിക്കപ്പെടുന്ന ഗ്രന്ഥം. ''ത്വൂര്‍മലയാണ, വരികളായി എഴുതപ്പെട്ട ഗ്രന്ഥം; മൃദുലതാളുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്'' (അത്ത്വൂര്‍: 1,2,3) എന്ന് സ്വയം ഉദ്ഘോഷിക്കുകയായിരുന്നു ഈ ഗ്രന്ഥം. ഇതിന്റെ വാഹകനായ മുഹമ്മദ് നബി, കടലാസുപാളികളോ അഭ്രപാളികളോ കമ്പ്യൂട്ടര്‍ഫ്ളോപ്പികളോ ഇല്ലാതിരുന്ന കാലത്ത് ഈ വചനങ്ങള്‍ അപ്പാടെ ജനങ്ങളുടെ സന്നിധിയിലെത്തിച്ച് പ്രമാണമാക്കി തന്റെ ദൗത്യം പൂര്‍ത്തിയാക്കി. വിശ്വസ്തനും സത്യസന്ധനുമായ ദൂതന്. അദ്ദേഹം ഗ്രന്ഥത്തിന്റെ കോപ്പിറൈറ്റ് അവകാശപ്പെട്ടില്ല. അദ്ദേഹത്തിനത് സാധിക്കുമായിരുന്നില്ല. അദ്ദേഹത്തിന്റെ കഴിവുകള്‍ക്കും സാധ്യതകള്‍ക്കുമെത്രയോ ഉപരിയായിരുന്നു ഈ ഗ്രന്ഥം!
ഈ ഗ്രന്ഥം അതിന്റെ വാഹകനായ മുഹമ്മദ് നബിയോട് തന്നെ ആജ്ഞാപിച്ചു: നീ നാവിട്ടടിക്കേണ്ട. ഇത് ജനങ്ങള്‍ക്ക് ഓതിക്കേള്പ്പിച്ചാല്മതി. അത് പിന്നീട് വേണ്ടപോലെ നാം വിശദീകരിച്ചുകൊള്ളും: ''നീ ഖുര്‍ആന്‍കൊണ്ട് ധൃതിപ്പെട്ട് നിന്റെ നാവിട്ടടിക്കേണ്ടതില്ല; അതിന്റെ സമാഹരണവും പാഠാവലിയും നമ്മുടെ ബാധ്യതയാണ്. നാം അതിനെ പാരായണം ചെയ്തുതരുമ്പോള്‍ നീ അത് ഏറ്റു പാരായണം ചെയ്താല്‍ മതി. അതിന്റെ (ആശയങ്ങള്‍) വ്യക്തമാക്കല്‍ നാം പിന്നീട് നിര്‍വഹിച്ചുകൊള്ളും'' (അല്‍ഖിയാമഃ 16-19). അറ്റമില്ലാതെ പരന്നുകിടന്ന അറേബ്യന്‍മരുഭൂമിയൂടെ ഒരു മൂലയില്‍, ഹിജാസിലെ മക്കയില്‍, അബ്രഹാമിന്റെ അത്ഭുതനീരുറവയായ സംസം എന്ന ഏക ജലസ്രോതസ്സിനു ചുറ്റുമായി പരസ്പരം പോരടിച്ച് കഴിഞ്ഞുകൂടിയിരുന്ന ഗോത്രസമൂഹങ്ങളില്‍ ജനിച്ചുവളര്‍ന്ന മുഹമ്മദ് നബിക്ക് സ്വന്തം നിലയില്‍ അതൊരിക്കലും കഴിയുമായിരുന്നില്ല.
അന്നേവരെ മനുഷ്യവംശത്തിന് ചിന്തിക്കാന്‍പോലും കഴിഞ്ഞിട്ടില്ലാത്ത എന്തെല്ലാം വിഷയങ്ങള്‍ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു! സസ്യങ്ങളിലും ചെടികളിലും ലിംഗവൈരുധ്യമുണ്ട്. അവയുടെ പരസ്പരസങ്കലനം വഴി വംശവര്ധനവുണ്ടാവുന്നു. സസ്യങ്ങളെക്കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നിടത്തെല്ലാം അവയെ ഇണകളായി മുളപ്പിച്ചതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതായി കാണാം. ഉദാ: ''അവര്‍ ഭൂമിയിലേക്ക് നോക്കിയില്ലേ, എത്രയെത്രയിനം വിശിഷ്ട സസ്യ ഇണകളെയാണ് നാം അതില്‍ മുളപ്പിച്ചിരിക്കുന്നത്'' (അശ്ശുഅറാഅ്: 7).
''നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന തൂണുകള്‍ ഇല്ലാതെ ഉപരിമണ്ഡലങ്ങളെ അവന് സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളെയുമായി ഇളകാതിരിക്കാനായി ഭൂമിയില്‍ അവന് പര്‍വതങ്ങളെ സ്ഥാപിച്ചിരിക്കുന്നു. എല്ലായിനം ജന്തുജാലങ്ങളെയും അവന് അതില്‍ വിന്യസിക്കുകയും ചെയ്തിരിക്കുന്നു. ഉപരിമണ്ഡലത്തില്‍നിന്ന് നാം വെള്ളമിറക്കുകയും വിശിഷ്ട സസ്യയിനങ്ങളെയെല്ലാം നാം ഭൂമിയില്‍ മുളപ്പിക്കുകയും ചെയ്തു'' (ലുഖ്മാന്: 10), ''ഭൂമിയെ നാം പരത്തുകയും കനത്ത പര്‍വതങ്ങള്‍ അതില്‍ സ്ഥാപിക്കുകയും കൗതുകമുള്ള സസ്യഇണകളെയെല്ലാം അതില്‍ മുളപ്പിക്കുകയും ചെയ്തു'' (ഖാഫ്: 7), ''........... നാം മഴപെയ്യിച്ചാല്‍ വരണ്ട ഭൂമി ഉണര്‍ന്ന് വികസിച്ച് കൗതുകമുള്ള പലതരം സസ്യഇണകളെ മുളപ്പിക്കുകയും ചെയ്യുന്നു'' (അല്‍ഹജ്ജ്: 5)
മനുഷ്യരടക്കമുള്ള ജന്തുജീവികളെല്ലാം വിരുദ്ധലിംഗ ഇണകളാണ്. സസ്യജന്തുവര്ഗങ്ങളല്ലാത്ത പല സംവിധാനങ്ങളും ഇതുപോലെ ഇണകളാണ്: ''ഭൂമി മുളപ്പിക്കുന്ന എല്ലാറ്റിനെയും മനുഷ്യരെയും അവര്‍ക്കറിഞ്ഞുകൂടാത്ത മറ്റു പലതിനെയും ഇണകളാക്കി സൃഷ്ടിച്ചവന് എത്ര വാഴ്ത്തപ്പെടേണ്ടവന്‍'' (യാസീന്‍: 36).
കുഞ്ഞുങ്ങളുടെ നിദാനം പുരുഷബീജങ്ങള്‍ മാത്രമല്ല, സ്ത്രീകള്‍ക്കും തുല്യപങ്കുണ്ട്. ജീവന്റെ ഉല്പത്തി വെള്ളത്തില്‍നിന്നാണ്. ''നിഷേധികള്‍ കണ്ടില്ലേ, ഉപരിമണ്ഡലങ്ങളും ഭൂമിയുമെല്ലാമൊന്നിച്ച് ഒരു പിണ്ഡമായിരുന്നതും പിന്നീട് നാം അവയെ വേര്പ്പെടുത്തിയതുമാണെന്നും എല്ലാ ജൈവവസ്തുക്കളുടെയും ഉത്ഭവം നാം വെള്ളമാക്കിയതും. ഇനിയും അവര്‍ വിശ്വസിക്കുന്നില്ലേ?'' (അല്‍ അമ്പിയാഅ്: 30).
കുഞ്ഞുങ്ങളുടെ നിദാനം പുരുഷബീജങ്ങള്‍ മാത്രമല്ല, സ്ത്രീകള്‍ക്കും തുല്യപങ്കുണ്ട്. ജീവന്റെ ഉല്പത്തി വെള്ളത്തില്‍നിന്നാണ്. ''നിഷേധികള്‍ കണ്ടില്ലേ, ഉപരിമണ്ഡലങ്ങളും ഭൂമിയുമെല്ലാമൊന്നിച്ച് ഒരു പിണ്ഡമായിരുന്നതും പിന്നീട് നാം അവയെ വേര്പ്പെടുത്തിയതുമാണെന്നും എല്ലാ ജൈവവസ്തുക്കളുടെയും ഉത്ഭവം നാം വെള്ളമാക്കിയതും. ഇനിയും അവര്‍ വിശ്വസിക്കുന്നില്ലേ?'' (അല്‍ അമ്പിയാഅ്: 30).
ജീവന്റെ ഉല്പത്തിയുടെ മാത്രമല്ല, അതിന്റെ നൈരന്തര്യത്തിന്റെ അടിസ്ഥാനവും വെള്ളമാണ്. അഥവാ ഭൂമിയുടെ ഉപരിതലത്തില്‍ സസ്യ-ജന്തുജാലങ്ങളുടെ ജീവന് നിലനില്ക്കുന്നതിന്റെ രഹസ്യമതാണെന്നും ഈ അത്ഭുതദ്രാവകം സൃഷ്ടികര്‍ത്താവ് ഉപരിലോകത്തുനിന്ന് ഇറക്കുന്നതാണെന്നും അതിന്റെ വിതരണ-ക്രമീകരണങ്ങള്‍ പൂര്‍ണമായും അവന്റെ നിയന്ത്രണത്തിലാണെന്നും അതവന് പിന്‍വലിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമ്പോള്‍ ഭൂമി വരണ്ട് ചത്തുപോകുന്നത് മനുഷ്യന് കാണാമെന്നും വീണ്ടും വെള്ളമിറക്കുമ്പോള്‍ ഭൂമി തണുത്ത് കുളിര്‍ത്ത് ജീവന്‍വയ്ക്കുകയും അതില്‍ സസ്യ-ജന്തുജാലങ്ങള്‍ വീണ്ടുമുണ്ടാവുകയും ചെയ്യുന്നതും കാണാനും പാഠമുള്‍ക്കൊള്ളാനും ഖുര്‍ആന്‍ മനുഷ്യനോടാവശ്യപ്പെടുന്നു. ഖുര്‍ആനിലെ താഴെ വചനങ്ങള്‍ പരിശോധിക്കുക: 2:22, 6:99, 7:57, 14:32, 16:65, 20:53, 21:30, 22:5, 24:45, 25:54, 29:63, 30:24, 35:27.
മനുഷ്യോല്പത്തി മണ്ണിലെ ധാതുലവണങ്ങളും വെള്ളവും ചേര്‍ന്ന മിശ്രിതത്തില്‍നിന്നാണ്: ''കളിമണ്ണ് കലങ്ങിയോ ഉരുകിയോ മൃദുലമാവുമ്പോഴുള്ള ഹമഅ്. അതില്‍ ധാതുലവണങ്ങള്‍ പാകമാക്കപ്പെടുന്നു. ഈ സ്വല്‍സ്വാല്‍കൊണ്ടാണ് മനുഷ്യനെ നാം സൃഷ്ടിച്ചത്'' (അല്ഹിജ്ര്: 26), ''അവരെ നാം ഒട്ടുന്ന മണ്ണില്‍നിന്ന് സൃഷ്ടിച്ചു'' (അസ്സ്വാഫാത്ത്: 11), ''സ്വല്‍സ്വാലി(വെള്ളം ചേര്‍ന്ന് കുഴമ്പായ കളിമണ്ണ്)ല്‍നിന്ന് കേവലം മണ്പാത്രങ്ങളുണ്ടാക്കുന്നപോലെ (ലളിതമായി) അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചു'' (അര്റഹ്മാന്: 14), ''അല്ലാഹു മനുഷ്യന്റെ സൃഷ്ടിപ്പ് കളിമണ്ണില്‍നിന്ന് തുടങ്ങി'' (അസ്സജദഃ: 7), ''അവന് തന്നെയാണ് മനുഷ്യവംശത്തെ വെള്ളത്തില്‍നിന്ന് സൃഷ്ടിച്ചത്'' (അല്‍ഫുര്‍ഖാന്‍: 54). ഈ വചനങ്ങളില്‍നിന്ന് നമുക്ക് മനസ്സിലാക്കാം, വെള്ളവും മണ്ണിലെ ധാതുലവണങ്ങളും ലോഹങ്ങളുമെല്ലാം ചേര്‍ന്ന ഒരു സംയോജിതസത്താണ് മനുഷ്യസൃഷ്ടിപ്പിന്റെ ആധാരമെന്ന്.
ഏകജൈവഘടകത്തില്നിന്നാണ് ആണും പെണ്ണുമായുള്ള മുഴുവന്‍ മനുഷ്യവംശവും പെരുകിവന്നിട്ടുള്ളത്. ''നിങ്ങളെ (മനുഷ്യരെ) അല്ലാഹു സൃഷ്ടിച്ചു; ഏകജൈവഘടക(ഉദാ: കോശമോ അതിലും ചെറുതോ ആയ ജീവന്റെ ഏറ്റവും ചെറിയ യൂനിറ്റ്)ത്തില്‍നിന്ന്. പിന്നീട് അതിനെ പിളര്‍ത്തി അതിന്റെ ഇണയെ ഉണ്ടാക്കി. പിന്നീട് അല്ലാഹു എട്ടിനം കന്നുകാലി ഇണകളെ നിങ്ങള്‍ക്കുവേണ്ടി സജ്ജമാക്കി. പിന്നീട് നിങ്ങളെ അല്ലാഹു നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. മൂന്നു തമോയുഗങ്ങളായി ഒന്നിനുശേഷം മറ്റൊന്നായുള്ള സൃഷ്ടിപ്പുഘട്ടങ്ങളാണിവ. അതാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു, അവന്നാണ് ആധിപത്യം. അവനല്ലാതെ വേറെ ദൈവമില്ല. അപ്പോള്‍ നിങ്ങളെങ്ങനെ വ്യതിചലിക്കപ്പെട്ടു?'' (അസ്സുമര്‍: 6).
മനുഷ്യസൃഷ്ടിപ്പിന്റെ മുമ്പ് സുദീര്‍ഘങ്ങളായ മൂന്ന് അജ്ഞാത, അഥവാ ഇരുണ്ട യുഗങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ടെന്നും അവയില്‍ ആദ്യത്തെ ഘട്ടത്തിലാണ് ഏകജൈവഘടകവും അത് പിളര്‍ന്ന് അതിന്റെ ഇണയുമുണ്ടായെതന്നും, രണ്ടാമത്തെ ഘട്ടത്തില്‍ കന്നുകാലികള്‍ രൂപംകൊണ്ടതായും മൂന്നാമത്തെ ഘട്ടത്തിന്റെ അവസാനത്തോടെ മാതാക്കള്‍ പ്രസവിച്ച് വംശവര്ധനവുണ്ടാകുന്ന മനുഷ്യസമൂഹം നിലവില്‍വന്നുവെന്നും മനസ്സിലാകുന്നു. ഇതില്‍ ഒന്നാമത്തെ ഘട്ടത്തില്‍ ഭൂഗോളം വേര്‍പ്പെട്ട് ഒറ്റയ്ക്കായ അവസ്ഥയിലായിരുന്നിരിക്കില്ലായെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കാരണം, രണ്ടാമത്തെ ഘട്ടത്തിനു മുമ്പ് വേര്‍പ്പെട്ട ഭൂഗോളത്തിലേക്ക് പിന്നീട് സൃഷ്ടികര്‍ത്താവ് എട്ടിനം കന്നുകാലികളെ ഇറക്കി (അന്‍സല) എന്നാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. മറ്റു ഗോളങ്ങളില്‍ പലയിനം മൃഗങ്ങളും മനുഷ്യരുമുണ്ടാകാന് സാധ്യതയുണ്ട്. മുഹമ്മദ് നബി തന്റെ അനുചരന്മാരില് ഇബ്നുഅബ്ബാസിനോട് ഇങ്ങനെ സൂചിപ്പിച്ചതായി നബിവചനമുണ്ടല്ലോ. ഏതായാലും സൃഷ്ടിപ്പിന്റെ ഈ ഘട്ടങ്ങളെക്കുറിച്ച് ഭൂമിയില്‍ പഠന-പര്യവേക്ഷണങ്ങള്‍ നടത്തിയാല്‍തന്നെ മനസ്സിലാക്കാമെന്നാണ് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത് (29: 19,20).
സ്ത്രീ-പുരുഷ, അഥവാ അണ്ഡ-ബീജ സങ്കലനത്തിലൂടെയല്ലാതെ ഒരേ ശരീരത്തില്‍നിന്നുതന്നെ വംശവര്ധനവുണ്ടാവുന്ന സംവിധാനവും സ്രഷ്ടാവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യരിലും ഈ രീതി അസാധ്യമായതല്ല. ആദമിന്റെയും ഹവ്വായുടെയും ഈ രീതിയിലുള്ള സൃഷ്ടിക്ക് ഒരു പില്ക്കാലമാതൃകയാണ് യേശുവിന്റെ സൃഷ്ടി: ''അല്ലാഹുവിന്റെയടുത്ത് ഈസായുടെ (സൃഷ്ടിപ്പിന്റെ) ഉദാഹരണം ആദമിന്റെ (സൃഷ്ടിപ്പ്) പോലെയാണ്. മണ്ണില്‍നിന്ന് സൃഷ്ടിച്ചുകൊണ്ടുള്ള ദൈവിക ഇച്ഛ ഇറക്കി, അപ്പോള്‍ അതുണ്ടായി'' (ആലുഇംറാന്: 59). യേശു പിതാവില്ലാതെ, പുരുഷസ്പര്ശമേല്ക്കാത്ത കന്യക പ്രസവിച്ച കുഞ്ഞ്.
ഇത്തരത്തിലുള്ള ധാരാളം സസ്യ-ജീവശാസ്ത്രവസ്തുതകള് മുഹമ്മദ് നബിക്ക് വിവരിച്ചുകൊടുക്കാന്‍ പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് മനുഷ്യസമൂഹത്തില്‍ ഏതു ശാസ്ത്രജ്ഞനാണുണ്ടായിരുന്നത്? ഈ വസ്തുതകള്‍ ശരിയെന്നോ തെറ്റെന്നോ പറയാന്‍ ലോകത്താരാണുണ്ടായിരുന്നത്?
ഈ പ്രപഞ്ചം ഉത്ഭവത്തില്‍ ഒരു പുകപടലം പോലെയായിരുന്നു: ''സൃഷ്ടികര്‍ത്താവ് പിന്നീട് ഉപരിമണ്ഡലത്തിലേക്ക് തിരിഞ്ഞു. അതൊരു പുകയായിരുന്നു'' (ഫുസ്സ്വിലത്ത്: 11). ഇന്ന് കാണുന്ന നൂറായിരം ഗോളങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രസമൂഹങ്ങളുമെല്ലാമടങ്ങുന്ന ഈ ബ്രഹ്മാണ്ഡം തുടക്കത്തില്‍ പരസ്പരം ഒട്ടിച്ചേര്‍ന്ന ഒരൊറ്റ ഏകകമായിരുന്നു: ''ഉപരിമണ്ഡലങ്ങളും ഭൂമിയുമെല്ലാം പരസ്പരം ഒട്ടിച്ചേര്‍ന്ന അവസ്ഥയിലായിരുന്നു ആദ്യത്തിലെന്നും പിന്നീട് നാമവയെ വേര്‍പ്പെടുത്തിയതാണെന്നും നിഷേധികള്‍ക്ക് മനസ്സിലാക്കാനായില്ലേ?'' (അല്‍അമ്പിയാഅ്: 30).
ഭൂമിയെപ്പോലുള്ള വേറെയും ഗോളങ്ങളുണ്ട്. അവയ്ക്കിടയില്‍ ഒരു നിശ്ചിത കല്പന പരസ്പരം ഇറങ്ങിക്കൊണ്ടിരിക്കുന്നതിനുള്ള സംവിധാനവുമുണ്ട്: ''ഏഴ് ഉപരിമണ്ഡലങ്ങളെയും സൃഷ്ടിച്ചവന് അല്ലാഹുവാകുന്നു. അവയെപ്പോലെ ഭൂമികളുമുണ്ട്. അവയ്ക്കിടയില്‍ നിശ്ചിത കമാന്റ് (കല്പന) ഇറങ്ങിക്കൊണ്ടിരിക്കുന്നുമുണ്ട്; അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനാണെന്ന് നിങ്ങള്‍ അറിയാനാണിത്.......'' (അത്ത്വലാഖ്: 12).
ഭൂമിക്ക് മുകളില്‍ ഏഴ് ഉപരിമണ്ഡലങ്ങളുണ്ട്: ''തീര്‍ച്ചയായും നിങ്ങള്‍ക്കു മീതെ നാം ഏഴ് പഥങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സൃഷ്ടിപ്പിനെക്കുറിച്ച് നാം അശ്രദ്ധനായിത്തീര്ന്നിട്ടില്ല'' (അത്ത്വലാഖ്: 12). ഈ ഭൂമിയില്‍ മാത്രമല്ല ഇതര ഗോളങ്ങളിലും ജീവനുള്ള സൃഷ്ടികളുണ്ട്: ''ഉപരിലോകങ്ങളും ഭൂമിയും സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. ഇവ(ഈ വ്യത്യസ്തഗോളങ്ങളിലുള്ളവ)യെ ഒന്നിച്ചുകൂട്ടാനും കഴിവുള്ളവനാണല്ലാഹു'' (അശ്ശൂറാ: 29). മറ്റു ഗോളങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും അന്യോന്യം യാത്രചെയ്ത് ഒന്നിക്കാനുള്ള കാര്യത്തിലേക്കാണ് ഖുര്‍ആന്റെ ഈ സൂചനയെന്ന് മനസ്സിലാക്കാം. അല്ലാഹു ഇതിനായി നിശ്ചയിച്ച സമയമാവണമെന്നു മാത്രം.
ഭൗമികപദാര്ഥങ്ങള്കൊണ്ട് എന്ന പോലെ അഗ്നി, പ്രകാശം പോലുള്ള ഊര്ജങ്ങള്കൊണ്ടും ജീവികള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്: ''അതിനു മുമ്പ് ജിന്നിനെ അത്യുഷ്ണമുള്ള അഗ്നിജ്വാലയില്‍നിന്ന് നാം സൃഷ്ടിച്ചു'' (അല്ഹിജ്ര്: 27), ''ജിന്നിനെ പുകയില്ലാത്ത തീജ്വാലയില്‍നിന്ന് അല്ലാഹു സൃഷ്ടിച്ചു'' (അര്റഹ്മാന്: 15).
സൂര്യന് നിശ്ചിതമായ ചലനപഥമുണ്ട്. ചന്ദ്രന് അനുക്രമമായ നിര്ണിതമണ്ഡലങ്ങളുണ്ട്. രാപ്പകലുകളുടെ മാറ്റങ്ങള്‍ക്കും കാലഗണനയ്ക്കും സഹായകമാവുന്ന ഇവയ്ക്കോരോന്നിനും സുനിശ്ചിത സംവിധാനങ്ങളുണ്ട്. സൂര്യന് ചന്ദ്രനെ ഗ്രസിക്കുകയില്ല. എല്ലാം ഒരേയൊരു വ്യവസ്ഥിതിക്കു വിധേയമാണ്. പരസ്പരം ഏറ്റുമുട്ടുന്നവയല്ല. സൂര്യനും ചന്ദ്രനും മാത്രമല്ല, ഈ ബ്രഹ്മാണ്ഡത്തിലെ സകലതും ചലിക്കുന്നു. എന്നല്ല, അവയെല്ലാം നീന്തിക്കൊണ്ടിരിക്കുകയാണ്: ''സൂര്യന് അതിന് നിര്‍ണയിച്ചുവച്ചിട്ടുള്ള പഥത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്നു. പ്രതാപശാലിയും സര്‍വജ്ഞനുമായ അല്ലാഹുവിന്റെ നിര്‍ണയമാണത്. ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. പഴയ ഈന്തപ്പഴക്കുലത്തണ്ടുപോലെ വളഞ്ഞ് നേര്‍ത്ത ഒരു ഘട്ടം വരെ അതില്‍പെടുന്നു. സൂര്യന് ചന്ദ്രനെ പിടിക്കേണ്ടതായിട്ടോ രാത്രിക്ക് പകലിനെ മുന്കടക്കേണ്ടതായിട്ടോ ഉള്ള ബാധ്യതകളൊന്നുമില്ല. എല്ലാ ഓരോന്നും അതതിന്റെ സംവിധാനത്തോടെ ഈ ബ്രഹ്മാണ്ഡത്തില്‍ നീന്തിക്കൊണ്ടിരിക്കുകയണ്'' (യാസീന്‍: 38-40).
ഭൂമിക്ക് മുകളിലുള്ള ഉപരിമണ്ഡലങ്ങളിലേക്ക് മനുഷ്യന് പറന്നുയരാനാവും. അതിനുള്ള ഊര്‍ജതന്ത്രാധിത്യം അവന് ആര്‍ജിക്കേണ്ടതുണ്ട്: ''ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ഉപരിലോകമണ്ഡലങ്ങളുടെയും ഭൂമിയുടെയും മേഖലകള്‍ക്കപ്പുറത്തേക്ക് നിങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുമെങ്കില്‍ പോയിക്കൊള്ളുക. അതിനുള്ള യോഗ്യതാധികാരം നേടിയാലല്ലാതെ നിങ്ങള്‍ക്ക് കടന്നുപോകാനാവില്ല'' (അര്റഹ്മാന്: 33). മനുഷ്യന് യാത്രചെയ്യാനും അവന്റെ ഭാരമേറിയ ചരക്കുകള്‍ കടത്താനും ജലപ്പരപ്പിലോടുന്ന കപ്പലുകള്‍ ദൈവം സംവിധാനിച്ചുതന്നതുപോലെ കരയിലോടാനും ഉപരിയിലേക്കുയരാനുമുള്ള വാഹനങ്ങളും ദൈവം സംവിധാനിച്ചിട്ടുണ്ട്: ''അവരുടെ സന്തതികളെ നാം കപ്പലില്‍കയറ്റി നിറച്ചുകൊണ്ടുപോയത് അവര്‍ക്ക് ഒരു ദൃഷ്ടാന്തമാണ്. അതുപോലെ അവര്‍ക്ക് വാഹനമായി ഉപയോഗിക്കാന്‍ മറ്റുപലതും നാം സംവിധാനിച്ചിട്ടുണ്ട്'' (യാസീന്‍: 41,42).
''കുതിരകളെയും കഴുതകളെയും കോവര്‍കഴുതകളെയും നിങ്ങള്‍ക്ക് വാഹനങ്ങളായി ഉപയോഗിക്കാനും അലങ്കാരത്തിനായും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. (ഈ ആവശ്യങ്ങള്‍ക്കായി) നിങ്ങള്‍ക്കറിഞ്ഞുകൂടാത്ത പലതും അല്ലാഹു സൃഷ്ടിക്കുകയും ചെയ്യും'' (അന്നഹ്ല്: 8). മനുഷ്യന് അവ പഠിച്ചു കണ്ടെത്താനും ഉപയോഗിക്കാനുമായി ഭൂമിയിലുള്ളതും ഉപരിമണ്ഡലങ്ങളിലുള്ളതും അവയ്ക്കിടയിലുള്ള വായുമണ്ഡലവും സ്രഷ്ടാവായ ദൈവം മനുഷ്യര്‍ക്ക് അധീനമാക്കിവച്ചിരിക്കുന്നു: ''ഉപരിലോകമണ്ഡലങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ സകലതും അല്ലാഹു അവനില്‍നിന്ന് നിങ്ങള്‍ക്ക് പ്രത്യേകമുള്ളതായി വിധേയമാക്കിത്തന്നിരിക്കുന്നു'' (അല്‍ജാസിയഃ: 13).
ഇത്തരത്തിലുള്ള ഗോളശാസ്ത്രപരവും പദാര്‍ഥശാസ്ത്രപരവുമായ ഒട്ടേറെ വസ്തുതകള്‍ ഖുര്‍ആന്‍ മുഹമ്മദ് നബിയുടെ മുമ്പില്‍ നിരത്തിയിട്ടുണ്ട്. ഇതുമായി അദ്ദേഹം മനുഷ്യരോട് സംവദിക്കാന്‍ പുറപ്പെട്ടു. പക്ഷേ, അക്കാലത്ത് അത് സംവേദനം ചെയ്യാന്‍ ആരാണുണ്ടായിരുന്നത്? മനുഷ്യന് ഗോളാന്തരയാത്രകള്‍ നടത്തുമെന്നും മറ്റു ഗോളങ്ങളില്‍ ജീവികളുണ്ടെന്നും അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം പറയുന്ന ഖുര്‍ആന്റെ വിജ്ഞാനമേധാവിത്വത്തോട് പ്രതികരിക്കാന്‍ ഇന്നാര്‍ക്ക് കഴിയും? ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ശാസ്ത്രയുഗത്തിന്റെ ഉച്ചിയിലാണ് നാമിന്ന്. പക്ഷേ, മറ്റു ഗോളങ്ങളില്‍ ജീവികളില്ലായെന്ന് സ്ഥിരീകരിച്ചുകൊണ്ട് ഖുര്‍ആനെ വെല്ലുവിളിക്കുക -ഇതാര്‍ക്ക് കഴിയും? ഉണ്ട് എന്ന് പ്രഖ്യാപിക്കുക, അതുവഴി ഖുര്‍ആന്റെ വാദത്തെ സ്ഥിരീകരിക്കുക -ഇതും ഇന്നാര്‍ക്കും സാധ്യമല്ല.
മുഹമ്മദ് നബി ദൈവദൂതനായി ഇരുപത്തിമൂന്നു വര്‍ഷം ജീവിച്ചു. ആദ്യത്തെ ഏതാനും വര്‍ഷങ്ങള്‍ മക്കയില്‍. ആ വര്‍ഷങ്ങള്‍ വിഗ്രഹാരാധന ദൈവനിന്ദയാണെന്നും ബഹുദൈവസങ്കല്‍പങ്ങള്‍ വിഡ്ഢിത്തമാണെന്നും സ്ഥാപിക്കാനുള്ള വര്‍ഷങ്ങളായിരുന്നു. സൃഷ്ടിക്കാനും പരിപാലിക്കാനും സംഹരിക്കാനും വ്യത്യസ്ത ദൈവങ്ങളുണ്ടെന്ന് വിശ്വസിക്കുന്നത് വങ്കത്തമാണെന്നും എല്ലാറ്റിനുമായി സര്‍വശക്തനായ ഏകദൈവം മതിയെന്നും സ്രഷ്ടാവായ ദൈവത്തെ മനുഷ്യന് രൂപകല്പന ചെയ്യുന്നത് കടുത്ത അക്രമമാണെന്നും സ്ഥാപിക്കാനായിരുന്നു അദ്ദേഹം ഈ വര്‍ഷങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നത്.
സ്വാഭാവികമായും ഇത് സംഘര്‍ഷത്തിന്റെ വര്‍ഷങ്ങളായി മാറി, ക്ഷമയുടെയും. കാരണം അദ്ദേഹം പീഡിപ്പിക്കപ്പെട്ടു. തുടര്‍ന്ന് മദീനക്കാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. അവര്‍ അദ്ദേഹത്തിന്റെ സഹായികളായി. അദ്ദേഹം മദീനയിലേക്ക് പലായനം ചെയ്തു. അവിടെ അദ്ദേഹം ഒരു പുതിയ സമൂഹവും രാഷ്ട്രവും കെട്ടിപ്പടുത്തു. അദ്ദേഹം പല സമൂഹങ്ങളുമായി സന്ധിയുണ്ടാക്കി. ചിലരുമായി യുദ്ധത്തിലേര്‍പ്പെടേണ്ടതായും വന്നു. സംഭവബഹുലമായ ഈ കാലയളവില്‍ അദ്ദേഹവും സമൂഹവും സന്ദിഗ്ധങ്ങളായ പല സന്ദര്‍ഭങ്ങളിലൂടെയും കടന്നുപോയി. ഈ ഘട്ടങ്ങളില്‍ വിവിധ പശ്ചാത്തലങ്ങളിലാണ് ഖുര്‍ആനിലെ വചനങ്ങളെല്ലാം അവതീര്‍ണമായത്. അര്‍ഥഗാംഭീര്യമുള്ളതും സങ്കീര്‍ണങ്ങളായ ആശയങ്ങളടങ്ങിയതുമായ വചനങ്ങള്‍ അഭിസംബോധിതസമൂഹത്തിന് വളരെ ഗ്രാഹ്യമായി അനുഭവപ്പെട്ടുവെന്നത് ഖുര്‍ആന്റെ അത്ഭുതകരമായ സവിശേഷതയാണ്.
വായിക്കുന്നവന്നും കേള്‍ക്കുന്നവന്നും എന്നും പുതിയ ഒരാശയം ആ വചനങ്ങളില്‍നിന്ന് ലഭിക്കുന്നു. മനസ്സിനും ബുദ്ധിക്കും സംതൃപ്തി നല്കുന്ന ആശയങ്ങള്‍; വൈരുധ്യങ്ങളാവുന്നില്ല. മറ്റു വഴിയില്‍ മനുഷ്യന് എന്തെല്ലാം വിജ്ഞാനങ്ങള്‍ ആര്‍ജിക്കുന്നുവോ, അതിനനുസൃതമായി ഈ ഖുര്‍ആനികാശയങ്ങള്‍ക്ക് തിളക്കംകൂടുന്നു. ജീവിതത്തിലെ വഴിത്തിരിവുകളില്‍ ഈ ഖൂര്ആന് വഴികാണിക്കുന്നുവെന്നത് ഒരു വല്ലാത്ത, അനുപമമായ അനുഭൂതിയായി മുഹമ്മദ് നബിയും അനുയായികളും അനുഭവിച്ചുകൊണ്ടിരുന്നു. നൂറുകൂട്ടം സാമൂഹിക-സാമ്പത്തികപ്രശ്നങ്ങള്‍ ആ പുതിയ സമൂഹത്തില്‍ ഉയര്‍ന്നുവന്നിരുന്നു. പുതിയ സംവിധാനത്തില്‍ അവയ്ക്കെല്ലാം നൂതനങ്ങളായ പരിഹാരങ്ങളും ക്രമീകരണങ്ങളുമാണ് ഖുര്‍ആന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ വച്ചുകൊടുത്തിട്ടുള്ളത്.
ആ പ്രശ്നങ്ങളോരോന്നും ആധുനികകാലത്ത് ഓരോ ശാസ്ത്രങ്ങളായി വളര്‍ന്നിരിക്കുന്നു. കുടുംബങ്ങളുടെയും ഗോത്രങ്ങളുടെയും കാര്യങ്ങള്‍ ഇന്ന് സാമൂഹികശാസ്ത്രമായി മാറിയിരിക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ സമ്പദ്ശാസ്ത്രമായിരിക്കുന്നു. ഭരണപരമായ പ്രശ്നങ്ങള്‍ രാഷ്ട്രമീമാംസയും രാജ്യതന്ത്രവുമായിരിക്കുന്നു. ഭരണഘടനയും ജനാധിപത്യവും പാര്‍ലമെന്റും നീത്യന്യായവ്യവസ്ഥയും നിയമസംഹിതകളുമെല്ലാം നിലവില്‍ വന്നിരിക്കുന്നു.
ഈ ശാസ്ത്രങ്ങളിലൊന്നുപോലും മനുഷ്യസമൂഹത്തിന്റെ ഭാവനാമണ്ഡലത്തിലെങ്കിലും രൂപംകൊണ്ടിട്ടില്ലാത്ത ഒരു കാലഘട്ടത്തിലായിരുന്നു മുഹമ്മദ് നബി ജീവിച്ചിരുന്നത്. ഏറെ അത്ഭുതകരമായിട്ടുള്ളത് ഈ വിജ്ഞാനശാഖകളുടെയെല്ലാം മൗലികമായ പ്രമാണങ്ങളെ ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നുവെന്നതാണ്. മാനവചരിത്രത്തിന്റെ പ്രയാണഗതി തന്നെ തിരിച്ചുവിടാന്‍ മുഹമ്മദ് നബിക്കായത് ഖുര്‍ആന്‍ അദ്ദേഹത്തെ ഏല്പിച്ച ഈ പ്രമാണങ്ങളുടെ മൗലികത കൊണ്ടായിരുന്നു. ഈ ഖുര്‍ആനുണ്ടായിരുന്നില്ലെങ്കില്‍ മാനവസമൂഹത്തില്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാനാകുമായിരുന്നില്ല. ചരിത്രത്തില്‍ അദ്ദേഹം ഒന്നുമല്ലാതാകുമായിരുന്നു!
പക്ഷേ, ഈ ഖുര്‍ആനിലൂടെ അദ്ദേഹം നാഗരികതയുടെ മുഖമുദ്ര മാറ്റിക്കളഞ്ഞു, സമൂഹങ്ങളുടെ വിമോചകനായകനായിത്തീര്‍ന്നു, പതിതരുടെ അടിമത്തച്ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു: ''അവരുടെ ജീവിതഭാരങ്ങള്‍ അദ്ദേഹം (മുഹമ്മദ് നബി) ഇറക്കിവയ്ക്കുകയും അവര്‍ ധരിച്ചിരുന്ന ചങ്ങലകള്‍ അദ്ദേഹം എടുത്തുമാറ്റുകയും ചെയ്യുന്നു........'' (അല്‍അഅ്റാഫ്: 157).
ഖുര്‍ആന്‍ അവതരിപ്പിച്ച സമ്പദ്വ്യവസ്ഥ ഇന്ന് ഏറ്റവും ഉന്നതവും ഉദാത്തവുമായി നിലകൊള്ളുന്നു. സാമ്പത്തികസമത്വം ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ സാമ്പത്തികവളര്‍ച്ച മുരടിച്ചുപോവുന്നതാണ് ആധുനികലോകം അഭിമുഖീകരിക്കുന്ന വലിയ ഒരു സങ്കീര്‍ണത. മറുവശത്ത് സാമ്പത്തികവളര്‍ച്ച ഉദ്ദേശിച്ചുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്കൊടുക്കുമ്പോള് സാമൂഹികനീതി തകര്‍ന്നുപോവുകയും ചെയ്യുന്നു. മുതലാളിത്തവും സോഷ്യലിസവും അകപ്പെട്ട ഈ പ്രതിസന്ധിയില്‍നിന്ന് ഒരു മോചനമാര്‍ഗം ഖുര്‍ആന്‍ വരച്ചുകാട്ടുന്നത് എത്ര അത്ഭുതകരം! ആധുനികസമ്പദ്ശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിഞ്ഞിരുന്നിട്ടില്ലാത്ത മുഹമ്മദ് നബിയുടെ കാലഘട്ടത്തിലെ ജനങ്ങള്‍ക്കു മുമ്പില്‍ ഖുര്‍ആന്‍ നിരത്തിവയ്ക്കുന്ന സാമ്പത്തികനിയമങ്ങള്‍ എത്ര ഉദാത്തം!
പലിശ മുതലാളിത്തത്തിന്റെ ഒരു ഉപകരണമാണല്ലോ: ''ജനങ്ങളുടെ സമ്പത്തില്‍ വളര്ച്ചയുണ്ടാവുന്നതിനുവേണ്ടി നിങ്ങള്‍ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന പലിശ അല്ലാഹുവിന്റെയടുത്ത് വളരുന്നില്ല. പ്രത്യുത, അല്ലാഹുവിന്റെ തൃപ്തി ലഭിക്കാനുദ്ദേശിച്ച് നിങ്ങള്‍ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന സകാത്ത്വ്യവസ്ഥ നടപ്പാക്കുന്നവരത്രെ സത്യത്തില്‍ ധനം ഇരട്ടിപ്പിച്ചുകൊണ്ടിരിക്കുന്നവര്'' (അര്‍റൂം: 39).
വ്യക്തികളുടെ സാമ്പത്തികസ്വാതന്ത്ര്യം പൂര്‍ണമായി നിഷേധിച്ചുകൊണ്ട് സാമൂഹികനീതി നടപ്പാക്കുകയെന്നത് പ്രകൃതിവിരുദ്ധവും അപ്രായോഗികവുമാണ്. മനുഷ്യാധ്വാനമാണ് സമ്പത്ത് വര്‍ധിപ്പിക്കുന്നതും വളര്‍ത്തുന്നതും. അതിനാല്‍ അതിന് പ്രോത്സാഹനം വേണം. അധ്വാനഫലം അധ്വാനിക്കുന്നവന് അംഗീകരിച്ചുകൊടുക്കുകയെന്നതാണ് ഏറ്റവും നല്ല പ്രോത്സാഹനം. എന്നാല്‍, ഒരു വിഹിതം അവനില്നിന്നെടുക്കുക. സമൂഹത്തില്‍ തളര്‍ന്നുപോകുന്നവരെ പൊതുജീവിതനിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ അത് വിനിയോഗിക്കുക. ഈ രീതിയില്‍ വിഭവങ്ങള്‍ കൂടുതല്‍ വികേന്ദ്രീകരിക്കപ്പെടുന്നു. സമൂഹത്തില്‍ ക്ഷേമവും സംതൃപ്തിയും സംജാതമാകുന്നു. അതോടൊപ്പം ഉല്പാദനം വര്‍ധിക്കുകയും വളര്‍ച്ചകൂടുകയും ചെയ്യുന്നു. ഈ പ്രക്രിയയെ വിഘ്നപ്പെടുത്തുന്ന ഏറ്റവും നാശകാരിയായ വില്ലനാണ് പലിശയെന്ന് ഖുര്‍ആന്‍ സമര്‍ഥിക്കുന്നു.
ലാഭം നിര്ണിതകണക്കില് ഉറപ്പുവരുത്താന്‍ കഴിയാത്ത വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ പലിശയ്ക്ക് മൂലധനം സ്വീകരിക്കാന്‍ തയാറാവുകയില്ല. പണം ബാങ്കുകളിലും കുത്തകവ്യക്തികളിലും കുന്നുകൂടുകയല്ലാതെ ഉല്പാദനസംരംഭങ്ങളില് മുതലിറക്കപ്പെടില്ല. ഇതുവഴി ഉല്പാദനം കുറയുന്നു, തൊഴിലില്ലായ്മ വര്‍ധിക്കുന്നു, വളര്‍ച്ചയ്ക്കു പകരം തളര്‍ച്ചയുണ്ടാകുന്നു. വമ്പിച്ച സംഖ്യ പലിശയായി നല്കാന് ബാങ്കുകള്‍ക്ക് കഴിയാതെവരുന്നു. ബാങ്കിംഗ്വ്യവസായം തകരുകയും പൊതുസാമ്പത്തികമാന്ദ്യം ലോകത്തെയൊന്നാകെ ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലെത്തിക്കുകയും ചെയ്യുന്നു. തകര്‍ന്ന ലോകം മെല്ലെ എഴുന്നേറ്റുവരും. കുറച്ചുകാലം കഴിയുമ്പോള്‍ വീണ്ടും തകര്‍ന്നുവീഴുന്നു. വീണ്ടും പല ശ്രമങ്ങളിലൂടെയും എഴുന്നേല്ക്കാന് ശ്രമിക്കുന്നു; പക്ഷേ, വീണ്ടും തളര്‍ന്നുവീഴുന്നു. മത്തുബാധിച്ച ഒരു ഭ്രാന്തന് എഴുന്നേറ്റുനില്ക്കാന് ശ്രമിക്കുന്നപോലെയെന്ന് ഖുര്‍ആന്‍ പറയുന്നു: ''പലിശ തിന്നുന്നവര്‍ ശൈത്വാന്ബാധയേറ്റ് മറിഞ്ഞുവീഴുന്നവന് എഴുന്നേല്ക്കാന് ശ്രമിക്കുന്നതുപോലെയല്ലാതെ എഴുന്നേല്ക്കുകയില്ല'' (അല്‍ബഖറഃ: 275).
പലിശ നിരോധിക്കുകയും ദാനം നിര്‍ബന്ധമാക്കുകയും ചെയ്ത ഖുര്‍ആന്റെ സംവിധാനം ഏറെ ശാസ്ത്രീയവും ആധുനികവുമാണെന്ന് കാണാന്‍ പ്രയാസമില്ല. ഇത് സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. സമ്പത്തിന്റെ വിതരണത്തിനും വികേന്ദ്രീകരണത്തിനുമായി ഖുര്‍ആന്‍ അവതരിപ്പിച്ച സംവിധാനത്തിന്റെ മഹത്വം മനസ്സിലാക്കാന്‍ ഒരു എളുപ്പവഴിയുണ്ട്. ഇതേ ലക്ഷ്യത്തിനായി കമ്യൂണിസം അവലംബിച്ച വഴി പരിശോധിക്കുക. സമ്പത്ത് മുഴുവന്‍ സമൂഹത്തിന്റെ പൊതുഉടമസ്ഥതയിലേക്ക് എന്ന പേരില്‍ സ്റ്റേറ്റ് ഉടമസ്ഥതയിലേക്ക് മാറ്റി. കൂടുതല്‍ കഠിനമായ സമ്പദ്കേന്ദ്രീകരണത്തിലേക്കും തുടര്‍ന്ന് നാശത്തിലേക്കുമാണതെത്തിച്ചത്.
ഖുര്‍ആന്‍ അവതരിപ്പിച്ച മറ്റൊരു അടിസ്ഥാന സാമ്പത്തികാശയം ഉല്പാദന-ഉപഭോഗസന്തുലനമാണ്. ഇതിലൂടെ ഖുര്‍ആന്‍ പഠിപ്പിച്ചുതരുന്ന വെല്‍ഫെയര്‍ എക്കണോമിക്സ് (ക്ഷേമധനശാസ്ത്രം) ഈ കാലത്തെ സമ്പദ്ശാസ്ത്രവിദഗ്ധര്ക്കുപോലും വളരെ നവീനമാണ്. ഇതോടൊപ്പം സമ്പത്തികസദാചാരത്തിന്റെ ഒരു വലിയ പട്ടിക തന്നെ ഖുര്‍ആന്‍ മുഹമ്മദ് നബിക്ക് നല്‍കിയിട്ടുണ്ട്. പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് അറേബ്യന്സമൂഹത്തില് ജീവിച്ച മുഹമ്മദ് നബിക്ക് ഇതെല്ലാം മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നോ? അചിന്ത്യം!?
അതീവ സങ്കീര്‍ണമായ ഒരു ബൃഹദ് വിഷയമാണല്ലോ അനന്തരാവകാശനിയമം. ഗണിതശാസ്ത്ര ഇക്വേഷനുകളില്ലാതെ കേവലം സാധാരണവാക്കുകളടങ്ങിയ ഖുര്‍ആനിലെ രണ്ടു വാചകങ്ങളില്‍ ഈ സങ്കീര്‍ണമായ വിഷയം മുഴുവനും ഒതുങ്ങിയിരിക്കുന്നു (അന്നിസാഅ്: 11,12 വാക്യങ്ങള്‍ പരിശോധിക്കുക). എന്തൊരാശ്ചാര്യം! രക്തബന്ധം എന്ന ഏക അടിസ്ഥാനത്തിലൂടെ പക്ഷപാതിത്വത്തിന്റെ എല്ലാ വാതിലുകളുമടക്കുന്ന ഖുര്‍ആന്റെ ഈ രീതി അപാരം തന്നെ! ലോകത്തിന്നുവരെ ആര്‍ക്കെങ്കിലും കുറ്റമറ്റ ഒരു അനന്തരാവകാശനിയമം അവതരിപ്പിക്കാനായിട്ടുണ്ടോ? കഴിയുമെങ്കില്‍തന്നെ എത്ര വലിയ ഗ്രന്ഥം വേണ്ടിവരും?!
ഖുര്‍ആന്‍ നല്കുന്ന നീതിന്യായസങ്കല്‍പവും നിയമങ്ങളും നിയമനിര്‍മാണത്തിന്റെ അടിസ്ഥാനതത്ത്വങ്ങളുമെല്ലാം തന്നെ ഇതേപോലെ ഉദാത്തവും ഉന്നതവുമാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും മനശ്ശാസ്ത്രസങ്കീര്ണതകളെയും സ്വഭാവപ്രകൃതങ്ങളെയും നിഗൂഢമായ വികാരവിചാരധാരകളെയും വളരെ ആശ്ചര്യകരമായി ഈ രംഗത്ത് പരിഗണിച്ചിട്ടുള്ളതായികാണാം. ഖുര്‍ആന്റെ സ്വാധീനമില്ലാത്ത സമൂഹങ്ങളിലെ നീതിന്യായ-നിയമങ്ങളുടെ കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകളിലെ ചരിത്രം ഭേദഗതികളുടെയും പരിഷ്കരണങ്ങളുടെയും നിരന്തരമായ ചരിത്രമായിത്തീര്ന്നതിന്റെ കാരണം ഇവിടെ വ്യക്തമാണല്ലോ. ഖുര്‍ആന്റെ നിയമങ്ങള്‍ക്ക് ഇന്നും ഭേദഗതികളാവശ്യമാവുന്നില്ല. ഇത്തരം ഒരാവശ്യം ഉന്നയിക്കുന്നവര്ക്കൊന്നുംതന്നെ അതിനേക്കാള്‍ മെച്ചപ്പെട്ട ബദല്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
നീതിന്യായ നിര്‍വഹണത്തില്‍ ഭരണനിര്‍വഹണവിഭാഗത്തിന് (എക്സിക്യൂട്ടീവ്) അധികാരമുപയോഗിക്കാനുള്ള അവകാശം, നീതിനിര്വഹണവിഭാഗ(ജുഡീഷ്യറി)ത്തിന്റെ സുരക്ഷയും സ്വതന്ത്രമായ അവസ്ഥയും ഉറപ്പുവരുത്തുകയെന്നതു മാത്രമാക്കിയത് ഖുര്‍ആനാണ്. ഇന്നും ഈ നിലപാടിലേക്ക് പൂര്‍ണമായി എത്തിച്ചേരാന്‍ ആധുനികസമൂഹങ്ങള്ക്കായിട്ടില്ല. എക്സിക്യൂട്ടീവിന്റെ തലവന്‍ കോടതിയുടെ അന്തിമവിധിക്കു മേല്‍ മാപ്പുകൊടുക്കാനും ഇളവു കൊടുക്കാനുമുള്ള അധികാരം ആധുനികഭരണകൂടങ്ങള്‍ ഇന്നും നിലനിര്‍ത്തുന്നു. ഇതിലൂടെ സ്വജനപക്ഷപാതവും താല്പര്യസംരക്ഷണവും നിലനില്ക്കുന്നു.
കൊലപാതകിക്ക് മാപ്പുകൊടുക്കാനുള്ള അധികാരം ഖുര്‍ആന്‍ ഭരണത്തലവന് നല്‍കുന്നില്ല. വിധികര്‍ത്താവായ ന്യായാധിപനു പോലും ഈ അധികാരം ഖുര്‍ആന്‍ വകവച്ചുകൊടുത്തിട്ടില്ല. എന്നാല്‍, കൊല്ലപ്പെട്ടവന്റെ ഏറ്റവുമടുത്ത നിയമാനുസൃത അവകാശിക്ക് മാപ്പു നല്‍കാനുള്ള അധികാരം നല്കിയിരിക്കുന്നു: ''........ ഇനി കൊലയാളിക്ക് തന്റെ സഹോദരന്റെ പക്ഷത്തുനിന്ന് വല്ല മാപ്പും ലഭിക്കുകയാണെങ്കില്‍ അവന് മര്യാദ പാലിക്കുകയും നല്ല നഷ്ടപരിഹാരം കൊടുക്കുകയും ചെയ്യേണ്ടതാണ്. നിങ്ങളുടെ രക്ഷിതാവിന്റെ ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു ഇത്....'' (അല്‍ബഖറഃ: 178), ''അന്യായമായി വല്ലവനും കൊല്ലപ്പെടുന്നപക്ഷം അവന്റെ അവകാശിക്ക് നാം അധികാരം വച്ചുകൊടുത്തിട്ടുണ്ട്. എന്നാല്‍, കൊലയില്‍ അതിരു കടക്കരുത്'' (അല്‍ഇസ്രാഅ്: 33). എന്നുമാത്രമല്ല, മാപ്പു നല്കാന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. മരണത്തിന്റെ വക്കില്‍നിന്ന് ജീവന് തിരിച്ചുകിട്ടുന്ന കൊലപാതകി കൊല്ലപ്പെട്ടവന്റെ കുടുംബത്തിന്റെ ഏറ്റവുമടുത്ത മിത്രമായിത്തീരുന്നു. മറിച്ച്, ഭരണകൂടം മാപ്പു നല്കിയിരുന്നെങ്കില് പകരത്തിനു പകരം കൊലകളുടെ ഒരു ശൃംഖലതന്നെ തുടരുകയാവും ഫലം.
മനശ്ശാസ്ത്രവും സാമൂഹികശാസ്ത്രവും ഏറ്റവും നന്നായി അറിയുന്നവന്റെ നിയമമാണ് ഖുര്‍ആനിലുള്ളത്. മുഹമ്മദ് നബിയുടെ നിയമങ്ങളല്ല അവയെന്ന് ഇവിടെ ശരിയായി മനസ്സിലാക്കാം. മുഹമ്മദ് നബിയെന്നല്ല, മനുഷ്യരില്‍ ആധുനികന്മാരാരും തന്നെ സദൃശമായ ഒരു നിയമം ഇന്നേവരെ അവതരിപ്പിച്ചിട്ടില്ലല്ലോ.
കടുത്ത ശിക്ഷാനിയമങ്ങള്‍ ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ട്. എന്നാല്‍, അതിനേക്കാള്‍ കടുത്തതാണ് തെളിവുനിയമങ്ങള്‍. സത്രീയുടെയും പുരുഷന്റെയും ലൈംഗികസമ്മര്ദങ്ങളെ വേണ്ടവിധം കണക്കിലെടുത്തുകൊണ്ടുതന്നെയാണ് ഖുര്‍ആന്‍ വ്യഭിചാരത്തെ മ്ലേഛമായ സാമൂഹികതിന്മയായി കാണുന്നത്. ഉത്തരവാദിത്വങ്ങള്‍ പരസ്പരം ഏറ്റെടുക്കുന്ന നിയമാനുസൃതബന്ധങ്ങളാണ് സ്ത്രീപുരുഷന്മാര്ക്കിടയില് ഉണ്ടാവേണ്ടതെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നു. ഇതിനായി ഉദാരമായ വിവാഹ-വിവാഹമോചനനിയമങ്ങളടങ്ങുന്ന ബൃഹത്തായ കുടുംബവ്യവസ്ഥ ഖുര്‍ആന്‍ നല്‍കുന്നുണ്ട്. മനുഷ്യചരിത്രത്തിലാദ്യമായി ഭാര്യക്ക് ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യാനുള്ള അവകാശം അത് പ്രഖ്യാപിച്ചു. ഈ വ്യവസ്ഥകളെയെല്ലാം മാനിക്കുന്ന ഒരു സമൂഹത്തില്‍ സ്ത്രീപുരുഷന്മാര് പരസ്പരം പാലിക്കേണ്ട കണിശമായ പെരുമാറ്റച്ചട്ടമുണ്ട്.
നോട്ടത്തിലൂടെയും പ്രകടനത്തിലൂടെയും മറ്റുമുള്ള ലൈംഗികപ്രലോഭനം തടഞ്ഞിട്ടുണ്ട്. ഇതിനെയെല്ലാം അവഗണിച്ച് വ്യഭിചാരത്തിലെത്തുന്നവര് സാമൂഹികഭദ്രതയും കുടുംബബന്ധങ്ങളും തകര്ക്കുന്നുവെന്നതുകൊണ്ടാണ് ഖുര്‍ആന്‍ അവര്‍ക്ക് കടുത്ത ശിക്ഷ നല്കാന് ഭരണകൂടത്തോടാവശ്യപ്പെടുന്നത്. എന്നാല്‍, സത്യം പറയുന്നവരെന്ന് തെളിയിക്കപ്പെട്ട നാലു ദൃക്സാക്ഷികള്‍, സാക്ഷാല്‍ അവിഹിത ലൈംഗികബന്ധപ്പെടല്‍ കണ്ടവരായി ഉണ്ടാകണമെന്നതാണ് തെളിവുനിയമം അനുശാസിക്കുന്നത്. വ്യക്തികളുടെ അഭിമാനത്തിന് ക്ഷതം വന്നുപോകാനുള്ള സാധ്യത ഇവിടെ ഖുര്‍ആന്‍ കണക്കിലെടുക്കുന്നുവെന്നതാണ് മുഹമ്മദ് നബിയെ മാത്രമല്ല, മുഴുവന്‍ മനുഷ്യരെയും ഈ ഗ്രന്ഥം ആശ്ചര്യപ്പെടുത്തിക്കളയുന്ന മറ്റൊരു കാര്യം. ഈ മ്ലേഛമായ പ്രവൃത്തി കാണാനിടയായ ഒരു വ്യക്തി നാലു സാക്ഷികളില്ലാത്ത സാഹചര്യത്തില്‍ വ്യഭിചാരാരോപണം ഉന്നയിക്കാന്‍ പാടില്ല. വ്യഭിചാരാരോപണം നടത്തുന്നവര്‍ക്കും കടുത്ത ശിക്ഷയാണ് ഖുര്‍ആന്‍ വിധിക്കുന്നത്. വ്യഭിചാരിക്ക് നൂറ് അടിയാണെങ്കില്‍ ആരോപിച്ചവന് എണ്‍പത് അടി!!
എന്നാല്‍, ഏതു സാഹചര്യത്തിലും കൊലപാതകിയെ കൊല്ലണമെന്നും വ്യഭിചാരിയെ പ്രഹരിക്കണമെന്നും ഖുര്‍ആന്‍ ശഠിക്കുന്നില്ല. 'ശിക്ഷകള്‍ നടപ്പാക്കാതിരിക്കാന്‍ പഴുത് കാണുന്നിടത്തോളം അത് ഒഴിവാക്കുക' എന്ന് നബിവചനം. സമൂഹത്തിന്റെ ആരോഗ്യമാണ് മര്മപ്രശ്നം. സമൂഹത്തില്‍ പട്ടിണിയില്ലാതാക്കിയ ശേഷമാണ് കള്ളന്റെ കൈമുറിക്കേണ്ടത് എന്ന് ഖലീഫാ ഉമര്‍ വിധിച്ചത് ഖുര്‍ആന്റെ ഈ ആശയമുള്‍ക്കൊണ്ടാണ്. ശിക്ഷാനിയമങ്ങള്‍ക്ക് അടിസ്ഥാനമാവേണ്ട ഒരു തത്ത്വം ഖുര്‍ആന്‍ ഇവിടെ വ്യക്തമാക്കിത്തരുന്നുണ്ട്. ആധുനികഭരണകൂടങ്ങളെപ്പോലെ ശിക്ഷിക്കാന്‍ വേണ്ടി ശിക്ഷിക്കുക, അതല്ലെങ്കില്‍ ശല്യങ്ങളെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി ശിക്ഷിക്കുക -ഇത് രണ്ടും ഖുര്‍ആന്റെ നയമല്ല.
തെറ്റുകുറ്റങ്ങള്‍ക്കുള്ള യഥാര്‍ഥ ശിക്ഷ പരലോകത്താണ്. ഈ ലോകത്ത് സമൂഹത്തിന് ഗുണപാഠമാവുന്നതിനു വേണ്ടിയാണ് ശിക്ഷ. അതീവ രഹസ്യമായി കുറ്റവാളിയെ ഉന്മൂലനംചെയ്യേണ്ട കാര്യമില്ല. പരമാവധി വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ട്. എന്നാല്‍, സമൂഹത്തില്‍ കുഴപ്പമുണ്ടാകാതിരിക്കാന്‍ കൃത്യമായ നീതിനിര്‍വഹണം വേണ്ടതുമുണ്ട്.
ഖുര്‍ആനില്‍ അതീവ വൈദഗ്ധ്യത്തോടെ ഉള്‍ക്കൊള്ളിച്ചിട്ടുള്ള വൈവിധ്യമാര്‍ന്ന വിജ്ഞാനങ്ങളുടെ വൈപുല്യം വിസ്മയകരം തന്നെ. മനുഷ്യരുടെ ധിഷണാപരവും നാഗരികവുമായ വളര്‍ച്ചയ്ക്കനുസൃതമായി ഖുര്‍ആന്‍ കൂടുതല്‍ കൂടുതല്‍ പ്രോജ്വലമായിക്കൊണ്ടിരിക്കുന്നു.
ഖുര്‍ആനില്‍ അതീവ വൈദഗ്ധ്യത്തോടെ ഉള്‍ക്കൊള്ളിച്ചിട്ടുള്ള വൈവിധ്യമാര്‍ന്ന വിജ്ഞാനങ്ങളുടെ വൈപുല്യം വിസ്മയകരം തന്നെ. മനുഷ്യരുടെ ധിഷണാപരവും നാഗരികവുമായ വളര്‍ച്ചയ്ക്കനുസൃതമായി ഖുര്‍ആന്‍ കൂടുതല്‍ കൂടുതല്‍ പ്രോജ്വലമായിക്കൊണ്ടിരിക്കുന്നു.
ഇന്ന് വിജ്ഞാനം വളരെയധികം ശാഖകളും ഉപശാഖകളുമായി വികസിച്ചിരിക്കുകയാണല്ലോ. ഏതെങ്കിലുമൊരു ശാഖയില്‍ പരിജ്ഞാനം നേടിയ ഒരാള്‍ ഖുര്‍ആനെ സമീപിക്കുമ്പോള്‍ അയാളുടെ മേഖലയില്‍ ധാരാളം കണ്ടെത്തലുകള്‍ അയാള്‍ക്ക് ഖുര്‍ആനില്‍നിന്ന് ലഭിക്കുന്നു. ഏറ്റവും പ്രഗത്ഭനായ ഒരു മനശ്ശാസ്ത്രജ്ഞനെപ്പോലും അത്ഭുതപ്പെടുത്തുന്ന മനശ്ശാസ്ത്ര ആശയങ്ങള്‍ അയാള്‍ക്ക് ഖുര്‍ആനില്‍നിന്ന് ഇന്നും ലഭിക്കുന്നു. സ്ത്രീ-പുരുഷലൈംഗികമനശ്ശാസ്ത്രത്തിലുള്ള വ്യത്യാസങ്ങള്‍പോലും അതിസൂക്ഷ്മമായി പരിഗണിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കുമ്പോള്‍ ഒരു മനശ്ശാസ്ത്രജ്ഞന് എങ്ങനെ ആശ്ചര്യപ്പെടാതിരിക്കും! ഭൗതികപദാര്ഥശാസ്ത്രമാകട്ടെ, സാമൂഹികശാസ്ത്രമാകട്ടെ എല്ലാ വിജ്ഞാനശാഖകള്‍ക്കും ഖുര്‍ആന്‍ തനതായ എന്തെങ്കിലും നല്‍കാതിരുന്നിട്ടില്ല.
ആത്മീയമേഖലയെയും ഭൗതികമേഖലയെയും ഭംഗിയായി സമന്വയിപ്പിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍. ഭൗതികതയെ അവഗണിക്കുന്ന ആത്മീയതയെയോ ആത്മജ്ഞാനത്തെയോ ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല. മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും മഹത്വത്തെയും നിരാകരിക്കുന്ന യാതൊരു ആത്മീയാധ്യാപനവും ഖുര്‍ആന്‍ നല്‍കുന്നില്ല. മനുഷ്യനും, അവന്റെ സ്രഷ്ടാവും രക്ഷിതാവുമായ ദൈവവും തമ്മില്‍ നേരിട്ട് മധ്യസ്ഥരോ സഹായികളോ ഇല്ലാതെ സ്ഥാപിക്കപ്പെടുന്ന സുശക്തവും അനുഭൂതിസാന്ദ്രവുമായ ഒരു ബന്ധത്തിന്റെ അനുപമമായ ആധ്യാത്മജ്ഞാനം ഖുര്‍ആനില്‍ മറ്റെല്ലാ വിജ്ഞാനശാഖകളോടൊപ്പം നിറഞ്ഞുനില്ക്കുന്നു.
ഈ ആത്മീയതയെയും ഭൗതികതയെയും ഒരുപോലെ ഖുര്‍ആന്‍ മരണശേഷം അനശ്വരമാകുന്ന ജീവിതവുമായി ബന്ധിപ്പിച്ചിരിക്കുന്നു. മരണശേഷം ജീവിതമില്ലായെന്ന് വാദിക്കുന്നവരെ ഖുര്‍ആന്‍ ഭൗതികമായിത്തന്നെ വെല്ലുവിളിക്കുന്നു. ഒരിക്കല്‍ മനുഷ്യന് ഈ ഭൂമുഖത്ത് ഉണ്ടായി എന്നത് യാഥാര്‍ഥ്യമെങ്കില്‍ ആ പ്രക്രിയയുടെ ആവര്ത്തനസാധ്യതയെ നിങ്ങള്‍ എങ്ങനെ തള്ളിക്കളയുന്നുവെന്ന് അത് ചോദിക്കുന്നു. ചത്തുവരണ്ട ഭൂമിയില്‍ ഉണങ്ങിപ്പൊടിഞ്ഞുപോയ വിത്തുകള്‍ വീണ്ടും മുളച്ചുപൊങ്ങുന്നത് നിങ്ങള്‍ക്ക് കാണാനാകുന്നില്ലേ? അതേപോലെ നിങ്ങള്‍ മരിച്ചു പൊടിഞ്ഞലിഞ്ഞ് മണ്ണില്‍ ചേര്‍ന്ന ശേഷം വീണ്ടും മണ്ണിലുള്ളതോ വെള്ളത്തിലുള്ളതോ വായുവിലുള്ളതോ ആയ നിങ്ങളുടെ അംശങ്ങളില്‍നിന്ന് നിങ്ങള്‍ വീണ്ടും രൂപം കൊടുക്കപ്പെടാമെന്ന് എന്തുകൊണ്ട് അംഗീകരിച്ചുകൂടാ?
ആധുനികജീവശാസ്ത്രത്തിന് അനുകൂലമായി മാത്രം പ്രതികരിക്കല്‍ നിര്‍ബന്ധമായ ഇത്തരം സമര്‍ഥനങ്ങള്‍ പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുഹമ്മദ് നബിക്ക് ലഭിച്ച ഖുര്ആനിലടങ്ങിയിരിക്കുന്നുവെന്നതാണ് അതിനെ ഒരത്ഭുതഗ്രന്ഥമാക്കുന്നത്.
മനുഷ്യന് വീണ്ടും മരണശേഷമുണ്ടാകുന്നതിന് ആദ്യമുണ്ടായത് എങ്ങനെയെന്ന് പഠിച്ചുനോക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നു: ''സൃഷ്ടിപ്പ് അല്ലാഹു എങ്ങനെ ആരംഭിക്കുകയും പിന്നീട് ആ പ്രക്രിയ എങ്ങനെ ആവര്‍ത്തിക്കുന്നുവെന്നും അവര്‍ പഠിച്ചുനോക്കുന്നില്ലേ?'' (അല്‍അന്‍കബൂത്ത്: 19), ''നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിച്ച് പഠനം നടത്തിനോക്കൂ; അപ്പോഴറിയാം അല്ലാഹു സൃഷ്ടിപ്പ് ആരംഭിച്ച പ്രക്രിയ എങ്ങനെയെന്ന്'' (അല്‍അന്‍കബൂത്ത്: 20).
മനുഷ്യന് വീണ്ടും മരണശേഷമുണ്ടാകുന്നതിന് ആദ്യമുണ്ടായത് എങ്ങനെയെന്ന് പഠിച്ചുനോക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നു: ''സൃഷ്ടിപ്പ് അല്ലാഹു എങ്ങനെ ആരംഭിക്കുകയും പിന്നീട് ആ പ്രക്രിയ എങ്ങനെ ആവര്‍ത്തിക്കുന്നുവെന്നും അവര്‍ പഠിച്ചുനോക്കുന്നില്ലേ?'' (അല്‍അന്‍കബൂത്ത്: 19), ''നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിച്ച് പഠനം നടത്തിനോക്കൂ; അപ്പോഴറിയാം അല്ലാഹു സൃഷ്ടിപ്പ് ആരംഭിച്ച പ്രക്രിയ എങ്ങനെയെന്ന്'' (അല്‍അന്‍കബൂത്ത്: 20).
''സ്വന്തം സൃഷ്ടിപ്പിന്റെ കഥ മറന്നുപോയ മനുഷ്യന് നമുക്ക് ഒരു ഉദാഹരണം പ്രയോഗിച്ചുതന്നുകൊണ്ട് ന്യായവാദം നടത്തുന്നു: ഇതാ, ഈ ദ്രവിച്ചു പൊടിഞ്ഞ അസ്ഥികൂടം. ഇതാരാണ് വീണ്ടും ജീവിപ്പിക്കാന്‍ പോകുന്നത്? പറയുക: ആദ്യത്തെ പ്രാവശ്യം അവനെ സൃഷ്ടിച്ച് വളര്‍ത്തി വലുതാക്കിയവന് തന്നെ ആ എല്ലുകളെ ജീവിപ്പിക്കുന്നുവെന്ന്'' (യാസീന്‍: 78,79).
ഇല്ലായ്മയില്‍നിന്ന് ഒരിക്കല്‍ മനുഷ്യന് ഉണ്ടായെങ്കില്‍ പിന്നീട് അതേ പദാര്‍ഥങ്ങളില്‍നിന്നോ അതേ കോശങ്ങള്‍ പെരുകിയോ മനുഷ്യന് വീണ്ടും വളര്‍ന്നുണ്ടാവില്ലായെന്ന് സ്ഥാപിക്കാന്‍ എന്ത് ന്യായം? ഒരിക്കല്‍ ഉണ്ടായ പ്രക്രിയ വീണ്ടും ആവര്‍ത്തിക്കാനുള്ള സാധ്യതയുടെ ന്യായം ആദ്യം ഉണ്ടായി എന്നതുതന്നെയാണല്ലോ എന്നാണ് ഖുര്‍ആന്‍ ഇവിടെ സമര്‍ഥിക്കുന്നത്. ഇതിന്റെ അര്‍ഥം ആദ്യം മനുഷ്യന് രൂപംകൊണ്ട ഏകജൈവഘടകം (നഫ്സുന്‍ വാഹിദഃ) അമീബയെപ്പോലെയോ മറ്റു ചില സസ്യബീജം പോലെയോ അനുകൂല കല്പന (ഇീാാമിറ) വരുന്നതുവരെ നശിക്കാതെ കിടക്കാന്‍ സംവിധാനമുണ്ടെന്നാവാം.
ക്ലോണിംഗ് പഠിച്ച ആധുനികമനുഷ്യന് മാത്രം മനസ്സിലാവുന്ന ഇത്തരം കാര്യങ്ങള്‍ എങ്ങനെയാണ് മുഹമ്മദ് നബി ആ കാലത്ത് ജീവിച്ച സമൂഹങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തത് എന്ന് ഇന്ന് ചിന്തിക്കാന്‍തന്നെ പ്രയാസം തോന്നുന്ന കാര്യമാണ്.
ഖുര്‍ആനെക്കുറിച്ച് ഇത്രയും മനസ്സിലാക്കിയാല്‍തന്നെ മതി; അതൊരു അത്ഭുതമാണെന്ന കാര്യത്തില്‍ സന്ദേഹത്തിനിടമില്ല. അത്ഭുതമല്ല, ധിഷണാശാലികള്‍ക്ക് അതൊരു മഹാത്ഭുതമാണ്. അനന്തമായ വിജ്ഞാനങ്ങളുടെ ഒരു മഹാസാഗരം. പരിശോധിക്കുന്ന ആരെയും അതിശയിപ്പിക്കും വിധം അനേകം വിജ്ഞാനങ്ങളെ വളരെ സ്വാഭാവികതയോടെ സമന്വയിപ്പിച്ച്, സംഗ്രഹിച്ച്, മനുഷ്യജീവിതവുമായി ബന്ധിപ്പിച്ച് സമര്‍പ്പിക്കപ്പെട്ട ഈ ഖുര്‍ആന്‍ മനുഷ്യരുടെ അഖിലസാധ്യതകള്‍ക്കും യോഗ്യതകള്‍ക്കും അതീതമായ അത്യത്ഭുതഗ്രന്ഥം തന്നെ. അത് ആദ്യം മുഹമ്മദ് നബിയെ വിസ്മയിപ്പിച്ചു. പിന്നെ അദ്ദേഹത്തിന്റെ അനുചരന്മാരെ വിസ്മയിപ്പിച്ചു. തുടര്‍ന്ന് ലോകത്തെ തോല്പിച്ചു. അവസാനം മനുഷ്യസഞ്ചയത്തെ ഒന്നടങ്കം വിസ്മയിപ്പിച്ചു.
ഈ ഖുര്‍ആന്‍ അജയ്യനും പ്രതാപശാലിയുമായ ദൈവത്തില്‍നിന്ന് അവതീര്‍ണമായതുതന്നെ; നിസ്സംശയം.
ഈ ഖുര്‍ആന്‍ അജയ്യനും പ്രതാപശാലിയുമായ ദൈവത്തില്‍നിന്ന് അവതീര്‍ണമായതുതന്നെ; നിസ്സംശയം.
ARTICLE CREDIT: http://www.islamonlive.in/islampadanam/node/47
Also Watch:
ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല ! ദൈവം കെട്ടുകഥയാണെന്ന അന്ധവിശ്വാസം പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ