ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ
ഒരു നിരീശ്വരവാദിയുടെ ദൃഷ്ടിയില്‍ മഹാന്മാരുടെയും മഠയന്മാരുടെയും മരണാനന്തരമുള്ള അവസ്ഥ ഒന്നാണ്. മനുഷ്യശരീരം മറ്റേതൊരു ജന്തുവിന്റേതും പോലെ ഭൗതിക പദാര്‍ഥം മാത്രം; മരണമെന്നത് അതിന്റെ രാസപ്രക്രിയക്കുള്ള ഒരു തയാറെടുപ്പും. വെറും സാധാരണക്കാരായ എന്നെയും നിങ്ങളെയും പോലെ മഹാപ്രതിഭകളായിരുന്ന കാള്‍മാര്‍ക്‌സും കമല സുറയ്യയുമൊക്കെ ഈ രാസപരിണാമത്തിന് വിധേയമായി ഒരു പിടി മണ്ണായി രൂപാന്തരപ്പെടുന്ന വ്യത്യസ്ത പേരുകളുള്ള പദാര്‍ഥങ്ങളല്ലാതെ മറ്റൊന്നുമല്ല. മറ്റുള്ളവരെ പോലെ പ്രിയപ്പെട്ടവര്‍ വേര്‍പ്പെട്ടുപോകുമ്പോള്‍ ദുഃഖിക്കേണ്ട കാര്യം നിരീശ്വരവാദികള്‍ക്കുണ്ടായിക്കൂടാത്തതാണ്. കാരണം, ബുദ്ധിക്കും യുക്തിക്കും വ്യാഖ്യാനിക്കാനും വിശദീകരിക്കാനും കഴിയാത്തതായി ഒന്നും ഇല്ല, ഉണ്ടാവുകയുമില്ല എന്നാണവരുടെ മതം. എന്നാല്‍ അത്തരം ഒരു വിശദീകരണവും മനുഷ്യ വികാരങ്ങളുടെ കാര്യത്തില്‍ ഇന്നേവരെ നല്‍കപ്പെട്ടിട്ടില്ല.
'ഇങ്ങനെയൊന്നുമല്ല, മനുഷ്യ സഹജമായ ഈ വികാരങ്ങള്‍ തങ്ങള്‍ക്കുമുണ്ട്' എന്ന് നിരീശ്വരവാദി കരുതുന്നുവെങ്കില്‍ പിന്നെ, യുക്ത്യാധിഷ്ഠിതമല്ലാത്തവയെല്ലാം മിഥ്യകള്‍ മാത്രമാണെന്ന വാദം അവര്‍ ഉപേക്ഷിക്കേിവരും. മസ്തിഷ്‌കവും ജീവനും മാത്രമല്ല, മനസ്സും ആത്മാവും ഉണ്ടെന്ന് എന്നെങ്കിലും നിരീശ്വരവാദി അംഗീകരിക്കേണ്ടിവരും. ദൈവം, മരണാനന്തര ജീവിതം തുടങ്ങിയവയൊക്കെ തീര്‍ത്തും മിഥ്യയെന്ന് സ്ഥാപിക്കാന്‍ നിരീശ്വരവാദം പര്യാപ്തമല്ലാതെ വരും. അതായത്, 'അദൃശ്യ കാര്യങ്ങളില്‍ അന്ധമായി വിശ്വസിക്കുന്നവരെ' പോലെതന്നെ അന്ധമായി നിഷേധിക്കുന്ന ഒരു വിഭാഗം മാത്രമായിത്തീരുന്നു യുക്തിവാദികള്‍.
പരമാണു മുതല്‍ അണ്ഡകടാഹം വരെയുള്ള പ്രപഞ്ചത്തിലെ വസ്തുക്കള്‍ മുഴുക്കെ പ്രത്യേക പ്രകൃതി നിയമങ്ങള്‍ക്ക് വിധേയമായാണ് നിലകൊള്ളുന്നത്. അവയെ കുറിച്ചൊക്കെ പഠിക്കാനും പലതും കണ്ടെത്താനും ആ അറിവുകള്‍ ഉപയോഗിച്ച് പലതും സംഭവിപ്പിക്കാനും മനുഷ്യന് സാധിക്കുന്നുണ്ട്. വസ്തുക്കളെല്ലാം അവയുടേതായ സ്ഥിരം പ്രകൃതിനിയമങ്ങള്‍ പ്രകാരം മാത്രം നിലകൊള്ളുന്നത് മൂലമാണ് ഇവിടെ വിവിധ ശാസ്ത്ര ശാഖകള്‍ ഉണ്ടായത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് നിരീശ്വരവാദികള്‍ നമ്മോട് ശാസ്ത്രബോധമുള്ളവരും യുക്തിചിന്തയുള്ളവരും ആകാനാവശ്യപ്പെടുന്നത്. എന്നാല്‍, ഈ നിരീശ്വരവാദികളടക്കമുള്ള മനുഷ്യരുടെ ജീവിതാനുഭവങ്ങള്‍ ഒരു പ്രകൃതി നിയമത്തിനും വഴങ്ങാത്ത ഒന്നാണ്. എവിടെ നിന്നോ വീണു കിട്ടുന്നതും എപ്പോഴോ കൈമോശം വരാനിരിക്കുന്നതും, ആ രണ്ട് നിമിഷങ്ങള്‍ക്കിടയിലെ കുറേ മുന്നറിവില്ലാത്ത അനുഭവങ്ങളുമാണ് മനുഷ്യ ജീവിതം. വ്യക്തിയുടെ ജീവിതത്തിലെ സുഖ ദുഃഖങ്ങള്‍, ജയാപചയങ്ങള്‍, ലാഭ നഷ്ടങ്ങള്‍, നേട്ടങ്ങള്‍, കോട്ടങ്ങള്‍... ഒക്കെ നിയതിയുടെ മാത്രം നിയന്ത്രണം മൂലമോ ഏതോ ആകസ്മികതകളിലെന്നവണ്ണമോ മാത്രം സംഭവിക്കുന്നവയാണ്. ഇന്ന ഇന്ന പ്രകാരത്തിലാവണം ഇവ തന്റെ ജീവിതത്തില്‍ എന്നുറപ്പിക്കാന്‍ ആശ്രയിക്കത്തക്ക ഒരു ഖണ്ഡിത പ്രകൃതി നിയമവും ലോകത്തില്ല. ഈ അനന്തവിശാല പ്രപഞ്ചവും അതിലെ എണ്ണമറ്റ നക്ഷത്ര ഗോളാദികളും അവയുടെയൊക്കെ കൃത്യമായ ചലനങ്ങളും മറ്റും മറ്റും എങ്ങനെ എന്ന് ഏറക്കുറെ നമുക്കറിയാന്‍ കഴിഞ്ഞേക്കും. എന്നാല്‍ തന്നെയും പ്രപഞ്ചത്തിനൊരു ഉല്‍പത്തിയുണ്ടോ, ഉണ്ടെങ്കില്‍ അതിന് മുമ്പെന്തായിരുന്നു സ്ഥിതി, ഇതിനൊരറ്റമുണ്ടോ, ഉണ്ടെങ്കില്‍ അതിനപ്പുറമെന്ത് എന്നതൊക്കെ എന്നും സമസ്യയായി തുടരും. അതുകൊണ്ടുതന്നെ, നാമടക്കമുള്ള പ്രപഞ്ചം ഇല്ലാതായിക്കഴിഞ്ഞാല്‍ പിന്നെ എന്ത് എന്ന ചിന്തയും എന്നും പ്രസക്തമായിരിക്കും. കേവലം യുക്തി ചിന്തക്കോ ലാബോറട്ടറി പരീക്ഷണങ്ങള്‍ക്കോ കണ്ടെത്താന്‍ കഴിയുന്ന ഒന്നല്ല അത്.
credit:http://www.prabodhanam.net/inner.php?isid=575&artid=1283
Also Watch:
ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല ! ദൈവം കെട്ടുകഥയാണെന്ന അന്ധവിശ്വാസം പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ