മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം

നദിയുടെ ഒഴുക്ക് എന്നും ഒരുപോലെയാവില്ല. ചുഴിയും മലരിയും ഓളവും കയവും ആഴവും സൃഷ്ടിക്കുന്ന തടസ്സങ്ങളില്‍ തട്ടിയും തടഞ്ഞും ഗമിക്കുന്ന നദി കടലില്‍ എത്തുംവരെ എന്തെല്ലാം അവസ്ഥാന്തരങ്ങളെയാണ് അഭിമുഖീകരിക്കുന്നത്!

ജീവിതത്തിന്റെ ഒഴുക്കും എന്നും ഒരുപോലെയാവില്ല.  ജീവിച്ചു മുന്നേറുമ്പോള്‍ പല തിരിച്ചടികളും സംഭവിക്കും. തിരിച്ചടികളുടെ ആഘാതത്താല്‍ ചിലര്‍ അടിപതറും, ചിലര്‍ തകരും. മറ്റു ചിലര്‍ മനക്കരുത്തോടെയും ഇഛാശക്തിയോടെയും ഇത്തരം ആഘാതങ്ങളെ അഭിമുഖീകരിക്കുകയും വൈകാരിക സമ്മര്‍ദങ്ങളെ അതിജീവിക്കുകയും ചെയ്യും. തിരിച്ചടികള്‍ മാരക പ്രഹരശേഷിയോടെ മനസ്സിനെ മഥിക്കുമ്പോള്‍ പതറാതെ പിടിച്ചുനില്‍ക്കാനും വികാരങ്ങളുടെ വേലിയേറ്റങ്ങളില്‍ തളരാതെ തുഴഞ്ഞ് ജീവിതവഞ്ചി കരക്കടുപ്പിക്കാനും സഹായകമാവുന്ന ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം:

ഒന്ന്: ശുഭപ്രതീക്ഷ വേണം. 
അശുഭ ചിന്തകള്‍ മനസ്സിനെ തളര്‍ത്തും. അസ്വസ്ഥത വളര്‍ത്തും. ശുഭവിശ്വാസി വൈകാരിക സംഘര്‍ഷങ്ങളെയും മാനസികാഘാതങ്ങളെയും ഉറച്ചുനിന്ന് നേരിടും. പ്രശ്‌നങ്ങളുടെ പ്രഹരശേഷി എത്ര കടുത്തതായാലും നല്ല ഫലങ്ങളിലും ഭാസുര ഭാവിയിലും പ്രതീക്ഷ പുലര്‍ത്തി ഓരോ നിമിഷവും അയാള്‍ ചൈതന്യധന്യമാക്കും. ഞാന്‍ ഇത് ശൂന്യതയില്‍ വിടുവായത്തം വിളമ്പുകയല്ല, കേവല സിദ്ധാന്തം പ്രസംഗിക്കുകയല്ല. നിരവധി കുടുംബ പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് വൈകാരിക വശങ്ങള്‍ ഉള്‍ക്കൊണ്ട വിഷയങ്ങള്‍ കൈകാര്യം ചെയ്ത അനുഭവത്തില്‍നിന്ന് മനസ്സിലാക്കിയെടുത്ത കാര്യങ്ങളാണ് പറയുന്നത്. തനിക്ക് നന്മകളേ സംഭവിക്കുകയുള്ളൂ എന്ന് ഉറച്ചു കരുതുന്ന ശുഭവിശ്വാസിയുടെ മുന്നില്‍ പ്രതീക്ഷ നിറഞ്ഞ ഭാവിയാണ്. സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്ന 'നാളെ'കളാണ്. പ്രതീക്ഷകള്‍ കൈവിടരുത്. തങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങളുടെയും തിരിച്ചടികളുടെയും മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ തകര്‍ന്നുപോയ നിരവധി വ്യക്തികളെ എനിക്കറിയാം. ആത്മമിത്രത്തിന്റെ വേര്‍പാട്, പ്രിയപ്പെട്ടവരുടെ മരണം, പരീക്ഷയില്‍ തോല്‍വി, മാരക രോഗം, മാറാവ്യാധി, ദാമ്പത്യ വഞ്ചന, ഹൃദയം തകര്‍ക്കുന്ന മകന്റെ പെരുമാറ്റ വൈകല്യം, മക്കളുടെ വെറുപ്പിക്കുന്ന സമീപനം, ബന്ധുക്കളുടെയും കുടുംബങ്ങളുടെയും ബന്ധവിഛേദം. ഇങ്ങനെ വേദനിപ്പിക്കുന്ന അനേകം അനുഭവങ്ങളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം മനസ്സിന് സ്വാസ്ഥ്യം പകരുക പ്രതീക്ഷയാണ്. 'എല്ലാം ശരിയാകും' എന്ന പ്രതീക്ഷ. ജീവിച്ചു മുന്നേറാന്‍ പ്രതീക്ഷ കൂട്ടിനുണ്ടാവും. ഒന്നോര്‍ത്താല്‍ പ്രതീക്ഷയും ശുഭചിന്തയും കൂടപ്പിറപ്പുകളാണ്. ഒരുമിച്ചു സഞ്ചരിക്കുന്നതാണ്.
രണ്ട്: നിങ്ങളുടെ കഴിവുകളിലും സിദ്ധികളിലും നിങ്ങള്‍ക്ക് വിശ്വാസം വേണം
ദുര്‍ബലനാവരുത്. നിങ്ങളുടെ കരുത്തില്‍ നിങ്ങള്‍ക്ക് സംശയം അരുത്. സാമൂഹിക ബന്ധങ്ങളും സൗഹൃദങ്ങളും അറ്റുപോകുന്നതും ദാമ്പത്യവഞ്ചനകള്‍ സംഭവിക്കുന്നതും താന്‍ കാരണമാണെന്ന് പലരും ധരിക്കാറുണ്ട്. ആഴത്തില്‍ ആലോചിച്ചാല്‍ താന്‍ അല്ല പ്രശ്‌നങ്ങളുടെ കാരണമെന്ന് വ്യക്തിക്ക് ബോധ്യപ്പെടും. ഇണയായാലും സഹോദരങ്ങളായാലും സുഹൃത്തായാലും അപരനിലാണ് പ്രശ്‌നമെന്ന് നന്നായി അപഗ്രഥിച്ചാല്‍ മനസ്സിലാവും. തന്നില്‍ അല്ല മറ്റുള്ളവരിലാണ് പ്രശ്‌നങ്ങളുടെ കാരണം ആരായേണ്ടതെന്ന തിരിച്ചറിവ് വ്യക്തിയില്‍ ആത്മവിശ്വാസവും ആര്‍ജവവും വളര്‍ത്തും. എത്ര കയ്പ്പുറ്റ അനുഭവമായാലും മറികടക്കാന്‍ കരുത്തും ആത്മവിശ്വാസവും തന്നെക്കുറിച്ച യാഥാര്‍ഥ്യനിഷ്ടമായ തിരിച്ചറിവും വ്യക്തിയെ പ്രാപ്തനാക്കും.
മൂന്ന്: ചിട്ടയോടെയുള്ള വ്യായാമം. 
ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ആയാലും വ്യായാമം വേണം. വ്യായാമം ഇഛാശക്തിയെ ബലപ്പെടുത്തും. നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കും. വ്യായാമം ചെയ്യുന്നവന്റെ മനസ്സും ശരീരവും ദൃഢമായിരിക്കും. പ്രശ്‌നങ്ങളെ തന്റേടത്തോടെ നേരിടാന്‍ അയാള്‍ക്ക് കഴിയും. വ്യായാമം ആത്മവിശ്വാസം വളര്‍ത്തുകയും കര്‍മശേഷി കൂട്ടുകയും ചെയ്യും. മാംസപേശികളുടെ ദൃഢത ശരീരത്തിനും മനസ്സിനും കരുത്തു പകരും.
നാല്: ജീവിതത്തില്‍ സാക്ഷാത്കരിക്കേണ്ട ബഹുമുഖ ലക്ഷ്യങ്ങള്‍ വേണം. 
ഒന്നില്‍ പിഴക്കുമ്പോള്‍ മറ്റൊന്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനേക ലക്ഷ്യങ്ങള്‍ ഉതകും. ഒരു പരാജയം സംഭവിക്കുമ്പോള്‍ മോഹഭംഗത്തിനടിപ്പെട്ട് തളരാതിരിക്കാന്‍ മറ്റൊരു ലക്ഷ്യം എത്തിപ്പിടിക്കാനുള്ള അഭിവാഞ്ഛ നിങ്ങളെ മുന്നോട്ടു തള്ളിക്കൊണ്ടിരിക്കും. ലക്ഷ്യങ്ങള്‍ പലതാവാം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികോന്നമനം, തൊഴില്‍, സൗഹൃദം, സാമൂഹിക ബന്ധങ്ങള്‍, കുടുംബം, സര്‍ഗസിദ്ധി വികാസം അങ്ങനെ നിരവധി രംഗങ്ങളില്‍ നേട്ടങ്ങളാര്‍ജിക്കാനുള്ള മനസ്സിന്റെ വെമ്പല്‍ കൂടുന്തോറും വൈകാരിക സംഘര്‍ഷങ്ങള്‍ക്ക് നിങ്ങളെ കീഴടക്കാനുള്ള സാധ്യത കുറഞ്ഞുവരും. അന്തിമ വിജയം നിങ്ങള്‍ക്കായിരിക്കും.
അഞ്ച്: ദൈവവുമായി ശക്തവും സുദൃഢവുമായ ബന്ധം. 
ദൈവമാണ് ഏറ്റവും നല്ല സഹായി. തിരിച്ചടികളില്‍ പതറാതെ മുന്നോട്ടു നീങ്ങാനുള്ള കരുത്തും സ്ഥൈര്യവും നല്‍കാന്‍ കഴിവുറ്റവന്‍ ദൈവം മാത്രമാണ്. ആപത് വേളകളിലെ പ്രാര്‍ഥന, വുദൂ, രണ്ട് റക്അത്ത് നമസ്‌കാരം എന്നിവ സംഘര്‍ഷം അനുഭവിക്കുന്ന മനസ്സില്‍ കുളിര്‍മഴയായി പെയ്തിറങ്ങും, വെന്തെരിയുന്ന ഹൃദയത്തെ തണുപ്പിക്കും. കാര്യങ്ങളുടെ പരിണതി അല്ലാഹുവിനെ ഏല്‍പിച്ച് തവക്കുല്‍ ചെയ്ത് മുന്നോട്ടു പോയാല്‍ ഏതു പരീക്ഷണ ഘട്ടങ്ങളെയും അതിജീവിക്കാന്‍ സാധിക്കും. പ്രവാചകന്മാരുടെ കഥകള്‍ വായിച്ചാല്‍ അറിയാം, അല്ലാഹു അവരുടെ ജീവിതത്തില്‍ എങ്ങനെ ഇടപെട്ടുവെന്നും എങ്ങനെ സഹായിച്ചുവെന്നും പ്രതിസന്ധികള്‍ തരണം ചെയ്ത് അവര്‍ എങ്ങനെ വിജയിച്ചുവെന്നും.
വൈകാരിക സംഘര്‍ഷങ്ങളെ വിജയകരമായി നേരിട്ട മഹതിയാണ് മൂസാ നബി(അ)യുടെ മാതാവ്. കുഞ്ഞിനെ പെട്ടിയിലാക്കി പുഴയില്‍ ഒഴുക്കാന്‍ അല്ലാഹു ആജ്ഞാപിച്ചപ്പോള്‍ ആ മനസ്സ് എന്തെല്ലാം വിചാരപ്രപഞ്ചങ്ങളിലൂടെ സഞ്ചരിച്ചിരിക്കും, എന്തെല്ലാം വികാരങ്ങള്‍ ആ മനസ്സിലൂടെ തിരയടിച്ച് കടന്നുപോയിട്ടുണ്ടാവും. ''മൂസായുടെ മാതാവിന്റെ മനസ്സ് പെടപെടക്കുകയായിരുന്നു. (നമ്മുടെ വാഗ്ദാനത്തില്‍) വിശ്വസിക്കുന്നവരില്‍ പെട്ടവളാകുന്നതിന് നാം അവളുടെ ഹൃദയം ദൃഢീകരിച്ചില്ലെങ്കില്‍ അവള്‍ ഈ രഹസ്യം വെളിപ്പെടുത്തുമായിരുന്നു'' (ഖസ്വസ്വ് 10). 'കുഞ്ഞിനെ നഷ്ടപ്പെടുക' എന്ന വിപത്ത് താങ്ങാവുന്നതിലധികം വൈകാരിക സംഘര്‍ഷമുളവാക്കുന്ന പ്രശ്‌നമായിട്ടും അവര്‍ തളര്‍ന്നില്ല, തകര്‍ന്നില്ല. മറിച്ച് അല്ലാഹുവിന്റെ പിന്‍ബലം തന്റെ കൂട്ടിനുണ്ടെന്ന ദൃഢബോധ്യം അവരെ ധീരയാക്കി, ദൃഢചിത്തയാക്കി. അല്ലാഹുവിനോടൊപ്പം നിലകൊണ്ടാല്‍ ഏതു പ്രതിസന്ധി ഘട്ടങ്ങളിലും അല്ലാഹു കൂട്ടിനുണ്ടാവും.
http://www.prabodhanam.net/inner.php?isid=652&artid=2609
Also Watch:
ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല !  ദൈവം  കെട്ടുകഥയാണെന്ന  അന്ധവിശ്വാസം  പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

GDP ജിഡിപി എന്താണ്?

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

വിജയത്തിന്റെ രഹസ്യം!!

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!

കമ്യൂണിസം, സോഷ്യലിസം, മാർക്സിസം

നിരീശ്വര യുക്തിവാദ വാദങ്ങളോട് ഒരു ചോദ്യം

യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ