യുക്തി; യുക്തിവാദം

യുക്ത്യാധിഷ്ഠിതമായ ഒരു ചിന്താരീതിയാണ് യുക്തിവാദം (Rationalism). അന്തഃപ്രജ്ഞയുടെ സഹായമില്ലാതെ വസ്തുനിഷ്ഠമായി അറിവിനെ വിശകലനം ചെയ്ത് സത്യം കണ്ടെത്താന്‍ ശ്രമിക്കുന്ന ചിന്താരീതിയെ യുക്തിചിന്ത എന്ന് സാമാന്യമായി പറയുന്നു. അന്തഃപ്രജ്ഞയെ ((Intuition) സമ്പൂര്‍ണമായി ത്യജിക്കുന്ന രീതിയെ തീവ്ര യുക്തിവാദം എന്നും, അന്തഃപ്രജ്ഞക്ക് താരതമ്യേന പ്രാധാന്യം കുറച്ചു നല്‍കുന്ന രീതിയെ മിത യുക്തിവാദമെന്നും പറയുന്നു. എന്നാല്‍ സാമാന്യമായി നിലനില്‍ക്കുന്ന ഒരു തെറ്റിദ്ധാരണ 'യുക്തിവാദം' എന്നത് 'നിരീശ്വരവാദം' എന്നതിന്റെ പര്യായമാണ് എന്നാണ്. യുക്തിവാദികള്‍ പലരും നിരീശ്വരവാദികളാവാമെങ്കിലും യുക്തിവാദവും നിരീശ്വരവാദവും രണ്ടാണ്. സാമാന്യമായി ദൈവം, പരലോകം, ആത്മാവ് തുടങ്ങിയ കാര്യങ്ങള്‍ നിരാകരിക്കുന്ന വിശ്വാസമോ ദര്‍ശനമോ ആണ് നിരീശ്വരവാദം.
എല്ലാ വിശ്വാസങ്ങളെയും സന്ദേഹത്തോടെ (സ്‌കെപ്റ്റിസം) വീക്ഷിക്കുകയും ഇന്ദ്രിയങ്ങളില്‍നിന്ന് നമുക്കു നേരിട്ടു കിട്ടുന്ന അനുഭവങ്ങള്‍, ചിന്ത, അറിവ്, ബുദ്ധി എന്നിവ ഉപയോഗിച്ച് വിശകലനം ചെയ്തു സത്യം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു രീതിയാണിത്. പുരാതന ഭാരതത്തില്‍ നിലനിന്നിരുന്ന ഒരു യുക്തിവാദ ചിന്താധാരയായ ചര്‍വാക ദര്‍ശനം ഇതിന്റെ ഉദാഹരണമാണ്. നിരീശ്വരവാദത്തിന്റെ പിതാവായി തത്ത്വചിന്താ ചരിത്രകാരന്മാര്‍ കണക്കാക്കുന്നത് ഗ്രീക്ക് ചിന്തകനായ അനക്സഗോറസി(മ.428 ബി.സി)നെയാണ്. പ്രപഞ്ചം എന്നെന്നും ഉണ്ടായിരുന്നുവെന്നും അതിന് ആരംഭമില്ലെന്നുമാണ് ഇദ്ദേഹം സിദ്ധാന്തിച്ചത്. എക്കാലത്തെയും പ്രമുഖരായ നിരീശ്വര ചിന്താഗതിക്കാരുടെ വീക്ഷണം ഇതായിരുന്നു.
അവര്‍ ആദിനിദാനത്തെയും സ്രഷ്ടിഭിന്ന സൃഷ്ടാവിനെയും മാത്രമല്ല ചരാചരോണ്മയെയും ഉണ്മയുടെ അസ്തിത്വത്തെ തന്നെയും നിരാകരിച്ചവരായിരുന്നു. സത്യത്തില്‍, ആധുനിക പദാര്‍ഥവാദികളുടെ തലവനായ റിച്ചാര്‍ഡ് ഡോക്കിന്‍സ് പോലും അജ്ഞേയവാദിയാണെന്ന് 'ഗോഡ് ഡില്യൂഷണി'ലൂടെ സഞ്ചരിച്ചാല്‍ ബോധ്യമാവും. ദൈവം ഉണ്ട് എന്നോ ഇല്ല എന്നോ മനുഷ്യബുദ്ധിക്ക് തെളിയിക്കാനാവുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. അതു തന്നെയാണ് അജ്ഞേയ വാദം.
ആസ്തികവാദികള്‍ ദൈവമുണ്ടെന്ന് വിശ്വസിക്കുന്നു, നാസ്തികര്‍ ഈശ്വരന്റെ അസ്തിത്വത്തെ നിഷേധിക്കുന്നു. എന്നാല്‍ അജ്ഞേയതാവാദികള്‍ ഈ രണ്ടു വാദങ്ങളും തെളിയിക്കാന്‍ പറ്റില്ല എന്നു വിശ്വസിക്കുന്നു. അജ്ഞേയതാവാദികളില്‍ തന്നെ നാസ്തിക അജ്ഞേയതാവാദികള്‍ ദൈവം ഇല്ല എന്നു വിശ്വസിക്കുകയും എന്നാല്‍ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാത്തവരുമാണ് (Agnostic Atheism). എന്നാല്‍ ആസ്തിക അജ്ഞേയതാവാദികള്‍ (Agnostic Theism) ദൈവത്തില്‍ വിശ്വസിക്കുന്നവരും അതേസമയം തന്നെ ദൈവം ഉണ്ടെന്നു തെളിയിക്കാനാവില്ല എന്നു കരുതുന്നവരുമാണ്. മറ്റൊന്ന്, ഉദാസീന അഥവാ പ്രായോഗിക അജ്ഞേയതാവാദമാണ് (Apathetic or Pragmatic Agnosticism). ദൈവം ഉണ്ടോ ഇല്ലയോ എന്നത് കാര്യമാക്കേണ്ടതില്ല എന്ന വാദമാണിത്. വേറൊന്ന് ദൃഢ അജ്ഞേയതാവാദം (Strong Agnosticism) ആണ്. ദൈവം ഉണ്ടോ ഇല്ലയോ എന്നത് നിര്‍ണയിക്കാനാവില്ല എന്ന വാദമാണിത്. ഒടുവില്‍ ഉണ്ടായത് മൃദു അജ്ഞേയതാവാദം (Weak Agnosticism) ആണ്. ദൈവം ഉണ്ടോ ഇല്ലയോ എന്നത് ഇപ്പോള്‍ നിര്‍ണയിക്കാനാവില്ല എങ്കിലും ഭാവിയില്‍ സാധിച്ചേക്കാം എന്ന വാദമാണിത്. ഇന്ന് പദാര്‍ഥവാദം (Materialism) എന്ന പദം എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന വിധം സാങ്കേതികമായി ഉപയോഗിക്കുന്നു.

ദൈവത്തെ ആരുണ്ടാക്കി?
നിരീശ്വരവാദികള്‍ നിരന്തരം ഉയര്‍ത്തുന്ന ഒരു സന്ദേഹമാണിത്. സത്യത്തില്‍ 'ആരാലും ഉണ്ടാക്കപ്പെടാത്ത അസ്തിത്വത്തിനാണ് ദൈവം' എന്ന് പറയുന്നത്. ഇസ്‌ലാം പരിചയപ്പെടുത്തുന്ന അല്ലാഹു 'ജനികനോ ജാതനോ' അല്ല. അപ്പോള്‍ ആരാണ് അല്ലാഹുവിനെ ഉണ്ടാക്കിയത് എന്ന ചോദ്യം അസംഗതമാണ്. കാരണാതീതമായ സ്വത്വം (Uncaused cause) ആണ് അല്ലാഹു. അവ്വിധം മറ്റൊരു കാരണങ്ങളാലോ കരങ്ങളാലോ ഉണ്ടാക്കപ്പെട്ടവനല്ലാത്തവനായ അല്ലാഹുവിനെ നിങ്ങള്‍ വിശ്വസിക്കണമെന്ന് പറയുമ്പോള്‍ യുക്തിവാദി വീണ്ടും ചോദിക്കുന്നത് സ്രഷ്ടാവിന്റെ സ്രഷ്ടാവ് ആരാണ് എന്നാണ്. സത്യത്തില്‍ 'നീല നിറത്തിന്റെ മണം എന്താണ്, തീവണ്ടി എന്തുകൊണ്ട് പറക്കുന്നില്ല' തുടങ്ങിയ ചോദ്യങ്ങളുടെ അന്തഃശൂന്യത തന്നെയാണ് ഇത്തരം ചോദ്യങ്ങളും ഉള്‍വഹിക്കുന്നത്. മറ്റൊരര്‍ഥത്തില്‍, ആരാണ് ദൈവത്തെ സൃഷ്ടിച്ചത് എന്ന സന്ദേഹത്തിന്റെ സാരം ദൈവമുണ്ടാവുന്നതിനും മുമ്പേ മറ്റൊരു സ്രഷ്ടാവ് എന്ന സങ്കല്‍പ്പമാണ്. 'മുമ്പ്' എന്നത് സമയമാണ്. സമയമാവട്ടെ പ്രാപഞ്ചികമായ ചരാചരങ്ങളുടെ ചലനമാപിനിയാണ്. സോളാര്‍ വ്യവസ്ഥ പ്രകാരമാണ് ഭൂമിയില്‍ രാപ്പകലുകള്‍ അനുഭവപ്പെടുന്നത്. ശാസ്ത്രീയമായി വ്യവസ്ഥീകരിക്കപ്പെട്ട സമയ സങ്കല്‍പ്പത്തിന്റെ ആധാരം ചരാചരങ്ങളുടെ ചലനങ്ങളോടാണ്. അപ്പോള്‍ മതവിശ്വാസപ്രകാരം സമയം ദൈവിക സൃഷ്ടിയാണ്. ഫലത്തില്‍ സൃഷ്ടി രൂപപ്പെടുന്നതിന് മുമ്പേ സ്രഷ്ടാവ് ഉണ്ടായിരിക്കണം എന്ന അവസ്ഥയാണ് സങ്കല്‍പ്പിക്കുന്നത്. അതായത്, 'ദൈവത്തിനു മുമ്പേ' എന്ന ഒരവസ്ഥ ഇല്ലായിരുന്നു. അതാണ് ദൈവത്തിന്റെ അനാദ്യത്വം.

നാസ്തികതയും ശാസ്ത്രവിരുദ്ധതയും
പൊതുവെയുള്ള ധാരണ മതം ശാസ്ത്രത്തിനെതിരും നാസ്തികത ശാസ്ത്രീയവുമാണ് എന്നതാണ്. പക്ഷേ, വാസ്തവം അതല്ല. ഒരു കാര്യത്തിന്റെ പരമാവധി സാധ്യതകളെ എത്രത്തോളം സങ്കുലിചിതമാക്കാം എന്ന അനുഭവമാണ് യുക്തിമാത്രവാദം. അജ്ഞാതമായതിന്റെ അസ്തിത്വം നിഷേധിക്കുക എന്ന പ്രൊജക്ട് വര്‍ക്ക് നിരന്തരം ചെയ്യാനാണ് അവരുടെ ഉത്സാഹം. സൂചനകളില്‍നിന്നും സൂക്തങ്ങളില്‍നിന്നും അജ്ഞാതമായ കാര്യങ്ങളിലേക്കുള്ള പരീക്ഷണ സഞ്ചാരമാണ് ഭൗതികശാസ്ത്രം. അവര്‍ പുതിയ കാര്യത്തെ നിര്‍മിക്കുകയല്ല ചെയ്യുന്നത്. നേരത്തേ തന്നെ ഉണ്ടായിരുന്നതിലേക്ക് എത്തിച്ചേരുകയാണ് ചെയ്യുന്നത്. സാങ്കേതികമായ രൂപഭാവത്തില്‍ അത്തരം തത്ത്വങ്ങള്‍ പ്രയോഗവത്കരിക്കുകയും യാന്ത്രികവത്കരിക്കുകയുമൊക്കെ ചെയ്യുന്നത് പിന്നീടാണ്. ഉദാഹരണത്തിന് ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണം ഉണ്ടാക്കുകയല്ല, കണ്ടെത്തുകയാണ് ചെയ്തത്. ഊര്‍ജസിദ്ധാന്തവും ആപേക്ഷികസിദ്ധാന്തവുമെല്ലാം തഥൈവ. ഉണ്മ പ്രാക്തനമാണ്, പ്രാപ്തി നവ്യമാണ്. ഇത്തരം ചരിത്രപരമായ കണ്ടെത്തലുകളുടെ ഘട്ടത്തില്‍ അജ്ഞാതമായ കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നതിന്റെ യുക്തിരാഹിത്യം പറഞ്ഞ് ഉദാസീനരായി അവരിരുന്നുവെങ്കില്‍ ലോകം ഇന്നും കാളവണ്ടി യുഗത്തില്‍ തന്നെയാകുമായിരുന്നു. ഇന്നത്തെ സാങ്കേതിക സംവിധാനങ്ങളുടെ സാക്ഷാത്കാരങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടിലെ മനുഷ്യരോട് പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ അതിനെ 'ഹൂറികളുടെ മായാലോകം' എന്നു പറഞ്ഞ് കളിയാക്കുമായിരുന്നു.
പരലോക വിശ്വാസത്തെയും ദൈവാസ്തിക്യത്തെയും നിഷേധിക്കുന്ന കേവല യുക്തിവാദികള്‍ക്ക് കാര്യം മനസ്സിലാവാന്‍ കഴിഞ്ഞ മൂന്ന് തലമുറകള്‍ക്കിടയിലെ അനുഭവവ്യതിയാനങ്ങളെക്കുറിച്ച് ചിന്തിച്ചാല്‍ മതിയാവും.
മനുഷ്യ ചിന്ത എപ്പോഴും അവന്റെ ആവാസവ്യവസ്ഥ കേന്ദ്രീകരിച്ചായിരിക്കും. അതിന് അതീതമായത് അലൗകികമാവുന്നത് സ്വാഭാവികമാണ്. ഭൗമകേന്ദ്രീകൃതമായ ഒരു സങ്കല്‍പ്പത്തിന് അഭൗമികതയെ ദാര്‍ശനികമായി ഉള്‍ക്കൊള്ളാനാവില്ല. എന്നാല്‍ ലോകം പുരോഗതി പ്രാപിക്കുന്തോറും ആദ്യകാലക്കാര്‍ അഭൗമികമായി കണ്ടത് ഭൗമികമാവുകയാണ്. ഉദാഹരണമായി നമ്മുടെ ലോകം ത്രീഡയമെന്‍ഷനിലാണ്. നീളവും വീതിയും ആഴവും ഇല്ലാത്ത ഒരു ലോകം നമുക്ക് ചിന്തിക്കാനാവുന്നില്ല. കാരണം അവിടെ വസ്തുക്കള്‍ക്ക് ഉയരമോ വീതിയോ ഇറക്കമോ ഒന്നുമുണ്ടാവില്ല. എന്നാല്‍ ത്രിമാനത്തില്‍നിന്നും ചതുര്‍മാനത്തിലേക്കോ പഞ്ചമാനത്തിലേക്കോ ഉയര്‍ന്നാലുള്ളതും നമുക്ക് പെട്ടെന്ന് രൂപപ്പെടുത്തി മനസ്സിലാക്കാനാവില്ല. ഇന്ന് ഫോര്‍ഡിയും ഫൈവ്ഡിയുമൊക്കെ നമുക്ക് മുമ്പില്‍ കൃത്രിമാനുഭവങ്ങളായി എത്തിത്തുടങ്ങി. കലുലാ ക്ലെയിന്‍ തിയറി അഞ്ച് മാനങ്ങള്‍ ഉണ്ടെന്നാണ് പറയുന്നത്. സ്ട്രിംഗ് തിയറി പ്രകാരം പതിനൊന്ന് മാനങ്ങള്‍ ഉണ്ടാവുമെന്ന് പറയപ്പെടുന്നു. ഈ ശാസ്ത്രം പഴയ യവനനാസ്തികന്മാരോട് പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ ദൈവനിഷേധത്തേക്കാള്‍ വലിയ ദൗത്യമായി ശാസ്ത്രനിഷേധത്തെ വരിക്കുമായിരുന്നു. പക്ഷേ പതിനൊന്ന് മാനങ്ങള്‍ എന്ന സങ്കല്‍പ്പത്തെ മതവിശ്വാസികള്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയും. കാരണം, അല്ലാഹു, മാലാഖമാര്‍, പിശാചുക്കള്‍, ഭൂതങ്ങള്‍ തുടങ്ങിയവയുടെ സങ്കല്‍പ്പങ്ങള്‍ ത്രിമാനപരിധിക്ക് പുറത്ത് മാത്രമേ സംഭവിക്കുകയുള്ളൂ. കെട്ടിക്കൂട്ടിയ ഇരുമ്പു കോട്ടക്കകത്തും മരണത്തിന്റെ മാലാഖയെത്തും എന്ന വേദവചനത്തെ സാധൂകരിക്കാന്‍ കലുസാ ക്ലെയിന്‍ തിയറി കൊണ്ട് സാധിക്കും. പ്രകാശ സൃഷ്ടിയായ മാലാഖക്ക് എങ്ങനെ ഇരുമ്പുമറ ഭേദിക്കാനാവും എന്ന യുക്തിയുടെ ചോദ്യം വരുന്നത് ത്രിമാനപരിധിയില്‍ നിന്നുകൊണ്ടാണ്. മാലാഖമാര്‍ ത്രിമാനപരിധിയെ ഉല്ലംഘിക്കാന്‍ പറ്റുന്ന ഉന്നതമായ വിതാനതയില്‍ ആയിരിക്കും. വരാന്‍ പോവുന്ന കാര്യങ്ങള്‍ പ്രവാചകന്‍ നേരത്തേ കണ്ട് പ്രവചിച്ചത് ടൈം വീല്‍ സങ്കല്‍പ്പ പ്രകാരം മനസ്സിലാക്കാന്‍ പറ്റും. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ നിയോ റിലേറ്റിവിറ്റി അനുസരിച്ച് സമയം നാലാമത്തെ മാനമാണ്. ത്രിമാനത്തെ നീട്ടുകയും ചുരുക്കുകയും ചെയ്യാമെന്നതുപോലെ ചതുര്‍മാനമായ ടൈമിനെയും നീട്ടിയും ചുരുക്കിയും അനുഭവിക്കാം എന്നാണപ്പോള്‍ വരുന്നത്. സമയത്തിനകത്ത് തുരങ്കങ്ങളുണ്ടാക്കി ഭാവിയിലേക്ക് കുതിക്കാം എന്ന് ശാസ്ത്രം പറയുന്ന കാലത്ത്, ശാസ്ത്രപൂജകരായി സ്വയം പുകഴ്ത്തുന്ന യുക്തിവാദികള്‍ ഭാവിപറഞ്ഞ പ്രവാചകനെ നിഷേധിക്കുന്നത് വിരോധാഭാസം തന്നെയാണ്.
ശാസ്ത്രം ഒരു മെത്തഡോളജി മാത്രമാണ്, ഭൗതിക പ്രതിഭാസങ്ങളെ പഠിച്ചെടുക്കാനുള്ള മനുഷ്യ നിര്‍മിത മാധ്യമമാണത്. ആ ശാസ്ത്രത്തെ ഒരു ഐഡിയോളജിയായി അവതരിപ്പിക്കാന്‍ ശ്രമിച്ചവരൊക്കെ അപകടത്തില്‍ ചാടിയിട്ടുണ്ട്. ഒരു വിഗ്രഹമെടുത്തുടച്ച് അതിനകത്ത് ദൈവമുണ്ടോ, ഇല്ലേ എന്ന് പറയാന്‍ ശാസ്ത്രത്തിനാവില്ല. ശാസ്ത്രത്തിന്റെ ജോലിയുമതല്ല. ദൈവത്തിനെ അന്വേഷിക്കേണ്ട വഴി അതല്ല താനും. പ്രാചീന നാസ്തികന്മാര്‍ ഫിലോസഫിയെ ആധാരമാക്കിയാണ് സംസാരിച്ചത്. ആത്മശാസ്ത്രവും സൗന്ദര്യശാസ്ത്രവും ഭൗതികശാസ്ത്രവുമെല്ലാം ഫിലോസഫിയുടെ ഭാഗമാണ്. സൗന്ദര്യശാസ്ത്രമുപയോഗിച്ച് ഗ്രഹിക്കേണ്ട പരലോക സങ്കല്‍പ്പത്തെ മറ്റൊരു മാര്‍ഗത്തില്‍ അന്വേഷിക്കുന്നത് മൗഢ്യമാണ്.

ദൈവത്തിന് പണി നിശ്ചയിക്കുന്നതാര്?
റെഡിമെയ്ഡ് ഉത്തരങ്ങളും പ്രീപ്ലാന്‍ഡ് ചോദ്യങ്ങളുമായി നിരന്തരം ദൈവത്തെക്കുറിച്ചോര്‍ത്ത് കാലം തീര്‍ക്കുന്നവരാണ് നിരീശ്വരവാദികള്‍. ഒരാള്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കുക അയാളുടെ ശത്രുവിനെയായിരിക്കും എന്നതാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന രസതന്ത്രം. ദൈവമില്ലായെന്ന് പറയുന്നവരാണ് ദൈവമെന്ത് ജോലിയാണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നത് എന്നതാണ് കേരളീയ പരിസരങ്ങളിലെ വൈരുധ്യം. ദുരന്തങ്ങളുണ്ടാവുമ്പോള്‍ ദൈവത്തെ ആക്ഷേപിക്കുകയെന്നതാണ് അവരുടെ പ്രധാന ജോലി. അവരുടെ അടിത്തറ ദൈവനിഷേധമാണെന്ന കാര്യം അവര്‍ മറന്നുപോകുന്നു. ഇല്ലാത്ത ഒരു കാര്യത്തെ സംബന്ധിച്ച് ഉപദേശപ്രസംഗം നടത്തുന്ന എത്ര 'ബുദ്ധിജീവി'കളാണീ നാട്ടിലിപ്പോള്‍! ആരാധനാലയങ്ങളില്‍ ദൈവം ലിംഗനീതി കാണിക്കുന്നില്ലായെന്നതാണ് ഇപ്പോള്‍ ഉയരുന്ന ഒരു യുക്തിവാദം. ലിംഗനീതി നടപ്പിലാക്കിയാല്‍ ദൈവത്തെ അംഗീകരിക്കുമോ എന്ന ചോദ്യം അത്തരക്കാരോട് ആരും ചോദിക്കാറില്ലെന്നു മാത്രം. പ്രകൃതിദുരന്തങ്ങളുണ്ടാവുമ്പോഴാണ് ദൈവം ഏറ്റവും പഴികേള്‍ക്കുന്നത്. സത്യത്തില്‍ ദൈവത്തിനെതിരെ 'ശാസ്ത്രം' പറഞ്ഞു പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നവര്‍, ഏതെങ്കിലും ശാസ്ത്രീയ മാര്‍ഗത്തിലൂടെ ദുരന്തങ്ങളെ പിടിച്ചുനിര്‍ത്തുകയാണ് വേണ്ടത്. മനുഷ്യസന്നാഹങ്ങളുടെ ജാഗ്രതകള്‍ ദൈവഹിതത്തിന് മുന്നില്‍ ധൂമപാളികള്‍ മാത്രമാണെന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടി ദൈവം തന്നെയാണ് പ്രളയമിറക്കിയത്. മറ്റൊരാളാണ് അതിനുപിന്നില്‍ എങ്കിലല്ലേ അത് തടുത്തുനിര്‍ത്തുന്ന ശക്തി ദൈവത്തിനുണ്ടോ എന്ന ആലോചന പ്രസക്തമാവുന്നുള്ളൂ? ഇത്തരം ദൈവവിധികളെ തടുക്കാന്‍ ഭൗതികവാദികളുടെ കൈയില്‍ എന്ത് ബദല്‍ മാര്‍ഗങ്ങളാണുള്ളത് എന്നതാണ് ചോദ്യം.
ഒരു വിശ്വാസത്തെ നിരൂപണം ചെയ്യേണ്ടത് അതിന്റെ ഏതെങ്കിലും അടരുകള്‍ മാത്രം പരിശോധിച്ചുകൊണ്ടാകരുത്. ഇസ്‌ലാം പരലോക വിശ്വാസ കേന്ദ്രീകൃതമാണ്. ആത്യന്തികമായ നൈതികത അവിടെയേ പുലരുകയുള്ളൂവെന്നും ഇഹലോകം പരീക്ഷണക്കളമാണെന്നുമുള്ള വിശ്വാസത്തിന്മേലുള്ള ഒരു പ്രത്യയശാസ്ത്രം പരിചയപ്പെടുത്തുന്ന അല്ലാഹുവിനെ, പ്രളയത്തിലകപ്പെട്ട മുസ്‌ലിം അഭയാര്‍ഥിയുടെ ദൈന്യതകള്‍ നിരത്തി വിചാരണ ചെയ്യുന്നവരുടെ ബൗദ്ധിക നിലവാരം എത്രമാത്രം ദുര്‍ബലമാണ്! നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നതും കുറ്റവാളികള്‍ സുഖപരതയുടെ പളപളപ്പില്‍ അഭിരമിക്കുന്നതും ഭക്തന്മാര്‍ക്ക് മാറാവ്യാധികള്‍ പടരുന്നതുമൊക്കെയാണ് സത്യത്തില്‍ പരലോക വിശ്വാസത്തിന്റെ യുക്തിന്യായങ്ങള്‍. അങ്ങനെയൊരു വിശ്വാസമില്ലാത്തവര്‍ക്കാണ് ഇത്തരം അനുഭവങ്ങളെങ്കില്‍ അവര്‍ ആത്മഹത്യയിലോ മറ്റോ അഭയം തേടേണ്ടി വരും.
ദുരന്തം നേേത്തെ നിശ്ചയിച്ച വിധിയാണെങ്കില്‍ എന്തിന് പ്രാര്‍ഥിക്കണമെന്നും ചിലര്‍ സന്ദേഹിക്കാറുണ്ട്. നേരത്തേ നിശ്ചയിച്ച ദുരന്തവിധി പിന്നീട് മനുഷ്യരെ ബാധിക്കുമ്പോള്‍ അവരില്‍ ആരൊക്കെ പ്രാര്‍ഥനാനിരതമായി ദൈവിക സ്മരണയില്‍ അഭയം തേടും എന്ന വിഭാവനയാണ് മതാവിഷ്‌കാരം. 
ഇപ്പറഞ്ഞതിലും 'നേരത്തേ' എന്ന സമയ സങ്കല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്. വിധിതീരുമാനമായ ഘട്ടം അനാദ്യത്തിന്റെ പരിധിയിലാണ്. അത് മനസ്സിലാക്കാതെ 'ഇന്നലെ തീരുമാനിച്ച കാര്യം ഇന്ന്  എന്തിന് ചര്‍ച്ച ചെയ്യുന്നു' എന്ന അര്‍ഥത്തില്‍ വിധിവിശ്വാസം മനസ്സിലാക്കിയതാണ് പലര്‍ക്കും പറ്റിയ അമളി. ഇനി, ആ തീരുമാനമായ കാര്യം ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള ഒാപ്ഷണല്‍ ചോയ്‌സ് ഈ വ്യക്തിക്കുണ്ടുതാനും. രക്ഷാശിക്ഷകള്‍ വരുന്നത് ആ വ്യക്തികളെ നോക്കിയാണ്. അല്ലാതെ വിധാതാവിന്റെ അറിവിനെ നോക്കിയല്ല. സംഭവിച്ചു കഴിഞ്ഞത് പിന്നെ സംഭവിക്കാതിരിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കാന്‍ മാത്രം വിശ്വാസികള്‍ മന്ദബുദ്ധികളല്ല. സമാനമായത് ആവര്‍ത്തിക്കാതിരിക്കാനും മനോബലം ആര്‍ജിക്കാനുമൊക്കെയാണ് പ്രാര്‍ഥനകള്‍. ഇതിനു ബദലാകുന്നൊരു മനോവീണ്ടെടുപ്പും സമാശ്വാസ ക്രിയയും നിര്‍ദേശിക്കാന്‍ യുക്തിവാദികള്‍ക്ക് സാധിക്കുന്നുവെങ്കില്‍ അത്തരം ആക്ഷേപങ്ങള്‍ക്ക് കാതെറിയാമായിരുന്നു. ഭൗതിക ലോകത്ത് പരമമായ ക്ഷേമവും സമാധാനവും സ്ഥാപിക്കലല്ല ദൈവത്തിന്റെ ജോലി. ഈ അടിസ്ഥാനപരമായ സത്യം മനസ്സിലാക്കാത്തതു കൊണ്ടാണ് സത്യത്തില്‍ കേരളത്തില്‍ യുക്തിവാദം നിരീശ്വരവാദമായി പരിണമിച്ചതുതന്നെ. കേരളത്തിലെ യുക്തിവാദികളുടെ നേതാവായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ള ദൈവനിഷേധിയാകാന്‍ കാരണം ശ്രീ നാരായണ ഗുരുവിന്റെ മരണരംഗം നേരിട്ടു കണ്ടതാണ്. ആചാര്യശ്രേഷ്ഠനായ ശ്രീനാരായണ ഗുരു മരണവേളയില്‍ വേദനിച്ചു നിലവിളിക്കുന്നത് കണ്ടപ്പോള്‍ കൃഷ്ണപിള്ള ചിന്തിച്ചത്, ഇത്ര നല്ല മനുഷ്യനെപ്പോലും വേദനയില്ലാതെ മരണപ്പെടുത്താന്‍ സാധിക്കാത്ത ദൈവത്തെ എന്തിന് ആരാധിക്കണം എന്നായിരുന്നു. വൈകാരികതലത്തില്‍നിന്നും വൈചാരിക മണ്ഡലത്തിലേക്കുയര്‍ന്നു ചിന്തിച്ചാല്‍ അത് സംഭവിക്കുമായിരുന്നില്ല. അതേസമയം, ഒ.വി വിജയനും പൊന്‍കുന്നം വര്‍ക്കിയും അവസാനസമയത്ത് ഈശ്വരശക്തിയെ അംഗീകരിക്കുകയാണ് ചെയ്തത്. പരലോക വിശ്വാസമാണ് ഇവിടെ ഏറ്റവും പ്രധാനം. അതുകൊണ്ടാണ് ഇസ്‌ലാം അനുഷ്ഠാന ക്രമങ്ങളേക്കാളേറെ മരണാനന്തര ജീവിതത്തെ ഓര്‍മപ്പെടുത്തിയത്. ഈ തലത്തിലേക്ക് ചിന്തിച്ചെത്തിയ യുക്തിവാദി നേതാവ് പെരിയോര്‍ പറഞ്ഞത്, യുക്തിവാദമല്ലാത്ത മറ്റൊരു പ്രത്യയശാസ്ത്രം ഞാന്‍ വരിക്കുമെങ്കില്‍ അത് തീര്‍ച്ചയായും ഇസ്‌ലാമായിരിക്കുമെന്നാണ്. കേവല യുക്തിവാദം യഥാര്‍ഥത്തില്‍ അശാസ്ത്രീയമായ ഒരു അന്ധവിശ്വാസമാണ്. ശാസ്ത്രവും മതവും ലോകത്തിന് പല സംഭാവനകളും ചെയ്തിട്ടുണ്ട്. നാസ്തികതയുടെ വരവു പുസ്തകം ശൂന്യമാണ്. ദൈവത്തോട് പോരാടലല്ല, മറിച്ച് ദൈവ വിശ്വാസത്തെ യുക്തിഭദ്രമായി വ്യാഖ്യാനിക്കുകയാണ് ഇനി വേണ്ടത് എന്ന് പറഞ്ഞു തുടങ്ങിയ യൂറോപ്യന്‍ നാസ്തികന്മാരുണ്ട്. പക്ഷേ, അപ്പോഴും അപ്‌ഡേഷന്‍ നടക്കാതെ ദൈവമെടുക്കേണ്ട ജോലികളുടെ പട്ടിക തയാറാക്കുന്ന തിരക്കിലാണ് ഇന്നാട്ടിലെ ദൈവനിഷേധികള്‍. 
http://www.prabodhanam.net/inner.php?isid=649&artid=2543

Also Watch

    ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല !  ദൈവം  കെട്ടുകഥയാണെന്ന  അന്ധവിശ്വാസം  പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

GDP ജിഡിപി എന്താണ്?

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

വിജയത്തിന്റെ രഹസ്യം!!

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!

കമ്യൂണിസം, സോഷ്യലിസം, മാർക്സിസം

നിരീശ്വര യുക്തിവാദ വാദങ്ങളോട് ഒരു ചോദ്യം

യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ