ഖുർആൻ സർവമത സത്യവാദം / സർവ മത സത്യ വാദം / സർവ്വ മത സത്യ വാദം / ദീൻ, ശരീഅത്ത് ഒന്നല്ലെന്ന കള്ള പ്രചരണം / സർവവേദ സത്യവാദം / സർവ വേദ സത്യ വാദം / സർവ്വ വേദ സത്യ വാദം

സ്വർഗത്തിന്റെ അവകാശികൾ
.................................................
മാർക്സ്, ഗാന്ധി, മദർ തെരേസ മുതൽ എ.കെ.ജി വരെയുള്ള ആളുകൾ സ്വർഗത്തിലോ നരകത്തിലോ എന്ന അടിയന്തിര പ്രാധാന്യമുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ അരങ്ങു തകർക്കുന്നത്. മതം രാഷ്ട്രീയത്തിൽ ഇടപെടടുത് എന്ന് വിശ്വസിക്കുകയും പറയുകയും ചെയ്യുന്ന കേരളത്തിലെ ഒരു മതേതര മുസ് ലിം മന്ത്രി ഈ ചർച്ച ഏറ്റെടുത്തതോടെ അതിന് പുതിയ മാനം കൈവന്നിരിക്കുന്നു. ദൈവത്തെയും സ്വർഗ നരകങ്ങളെയും പരസ്യമായി നിഷേധിച്ച സാക്ഷാൽ കാൾ മാർക്സിനെപ്പോലും സ്വർഗത്തിൽ പ്രവേശിപ്പിച്ചേ അടങ്ങൂ എന്ന ചില മാനവിക വാദികളുടെ വാശിയിൽ നിന്നാണ് വിവാദത്തിന്റെ തുടക്കം. അതിജീവനവുമായി ബന്ധപ്പെട്ട അതീവ ഗുരുതരമായ വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന ഒരു സമുദായത്തെ ഇത്തരം മതമീമാംസാ ചർച്ചകളിൽ തളച്ചിടുന്നത് കൊണ്ട് ആർക്കാണ് ഗുണം എന്നത് വേറെ ത്തന്നെ ആലോചിക്കേണ്ടതാണ്.
ഈ വിഷയം മുസ്ലിംകൾക്കിടയിൽ ആദ്യമായിട്ടൊന്നുമല്ല ചർച്ച ചെയ്യപ്പെടുന്നത്. പല കാലങ്ങളിലും സമൂഹങ്ങളിലും ഇസ്ലാമിക പണ്ഡിതൻമാർ ഈ ചോദ്യം കൈകാര്യം ചെയ്യുകയും ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ നിന്ന് കൊണ്ട് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, ഇപ്പോൾ നടക്കുന്നത് അത്തരം എല്ലാ വിശദീകരണളെയും അവഗണിച്ചു കൊണ്ട്, ഖുർആൻ ആയത്തുകളെ അതിന്റെ സാകല്യത്തിൽ നിന്നും സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് സ്വന്തമായ വ്യാഖ്യാനങ്ങൾ നൽകാനുള്ള ശ്രമങ്ങളാണ്. 'അല്ലാഹുവിങ്കൽ സ്വീകാര്യമായ ദീൻ ഇസ്ലാമാണ് ' എന്നർത്ഥം വരുന്ന ഖുർആൻ സൂക്തത്തെ 'മാനവികവൽക്കരിച്ചു' കൊണ്ട് 'അല്ലാഹുവിങ്കൽ സ്വീകാര്യമായ വ്യവസ്ഥ സമാധാനമാണ് ' എന്നർത്ഥം പറയുന്ന വിരുതൻമാർ വരെ ഇവരുടെ കൂട്ടത്തിലുണ്ട്.
ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയ മനുഷ്യരോട് നാം നിലപാടുകൾ സ്വീകരിക്കുന്നത് ഭൂമിയിൽ അവർ എന്ത് ചെയ്തു എന്ന് നോക്കിയിട്ടാണ്; അവർ സ്വർഗത്തിലാണോ നരകത്തിലാണോ എന്ന് നോക്കിയിട്ടല്ല. അങ്ങനെ വേണമെന്ന് ഒരാൾ ശഠിച്ചാൽ തന്നെ ഓരോ മനുഷ്യന്റെയും കർമങ്ങളുടെ ഫലം പരലോകത്ത് എന്തായിരിക്കും എന്ന് വിധികൽപിക്കാനുള്ള അറിവ് നമ്മുടെ കയ്യിൽ ഇല്ല. ഉണ്ടെന്ന് ആരെങ്കിലും അവകാശപ്പെട്ടാൽ അത് ദൈവത്തിന്റെ അധികാരത്തിൽ കൈകടത്തലാണ്. സ്വർഗത്തിലാണോ നരകത്തിലാണോ എന്ന് അല്ലാഹുവും റസൂലും അറിയിച്ചു തന്ന ചുരുക്കം ആളുകൾ മാത്രമേ ഇതിന് അപവാദമായുള്ളൂ. മുസ്ലിം പണ്ഡിതലോകം പൊതുവെ അംഗീകരിച്ച ഒരു യാഥാർത്ഥ്യമാണിത്. തങ്ങൾക്കു് പ്രിയപ്പെട്ട ആളുകൾക്കൊക്കെ സ്വർഗത്തിലേക്ക് ഫ്രീ ടിക്കറ്റ് നൽകുന്നവർ അല്ലാഹുവിന്റെ അധികാരത്തിൽ കൈകടത്തുക വഴി നരകത്തിലേക്കുള്ള സ്വന്തം ടിക്കറ്റ് ഉറപ്പു വരുത്തുകയായിരിക്കും ചെയ്യുന്നത് എന്ന് കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഒരു സമുദായത്തിനും അല്ലാഹു സ്വർഗമോ നരകമോ സംവരണം ചെയ്തു വെച്ചിട്ടില്ല എന്നാണ് ഖുർആനിൽ നിന്നും വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നത്. പരലോകത്ത് മനുഷ്യർ -ആണും പെണ്ണും - വിചാരണ ചെയ്യപ്പെടുക വക്തികൾ എന്ന നിലയിലാണ്. കുടുംബം, ഗോത്രം, സമുദായം, വംശം എന്നിങ്ങനെയുള്ള കൂട്ടങ്ങൾ ആയിട്ടല്ല. ഏതെങ്കിലും കുടുംബത്തിലോ സമുദായത്തിലോ പിറന്നത് കൊണ്ട് ഒരാൾ നരകത്തിനോ സ്വർഗത്തിനോ അർഹനാവുകയില്ല. ഒരാളുടെയും കർമ ഭാരം മറ്റൊരാൾ ചുമക്കേണ്ടി വരികയില്ല എന്ന് ഖുർആൻ ഖണ്ഡിതമായി പറയുന്നുണ്ട്. ഫാതിമാ നിന്റെ സ്വർഗം നീ തന്നെ നേടിയെടുക്കണം എന്ന് പ്രിയപുത്രിയോട് പ്രവാചകൻ പറഞ്ഞതിന്റെ ഗൗരവം ആലോചിച്ചു നോക്കേണ്ടതാണ്.
സ്വർഗനരകങ്ങളെക്കുറിച്ച് പരമാവധി നമുക്കു പറയാൻ കഴിയുന്നത് ഇത്രമാത്രമാണ്: ഭൂമിയിൽ നൻമയും പരലോകത്ത് മോക്ഷവും ലഭിക്കാൻ ആവശ്യമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് പ്രവാചകന്മാരിലൂടെ അല്ലാഹു അറിയിച്ചു തന്നിട്ടുണ്ട്. അത് ജീവിതത്തിൽ ആത്മാർത്ഥമായി അനുധാവനം ചെയ്യുന്നവർ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടെങ്കിൽ സ്വർഗത്തിന് അർഹരായിത്തീരും. അല്ലാത്തവർ അല്ലാഹു തീരുമാനിക്കുകയാണെങ്കിൽ നരകാവകാശികളായി മാറും. ഒരാളുടെ വിശ്വാസവും കർമവും നോക്കി അയാൾ അർഹിക്കുന്നത് സ്വർഗമാണോ നരകമാണോ എന്ന് നമുക്ക് പറയാൻ കഴിഞ്ഞേക്കും. പക്ഷെ അന്തിമമായി അയാൾക്ക് ലഭിക്കുക സ്വർഗമാണോ നരകമാണോ എന്ന് തീർത്തു പറയാൻ അല്ലാഹു അറിയിച്ചു തരാത്ത കാലത്തോളം ഒരു മനുഷ്യനും അധികാരമില്ല.
പ്രപഞ്ചത്തിന്റെ സ്രഷ്ടാവും
സംരക്ഷകനുമായ ഏകനായ ദൈവത്തിൽ വിശ്വസിക്കുക എന്നതാണ് ഈലോകത്തും പരലോകത്തും വിജയം വരിക്കാനുള്ള ഒന്നാമത്തെ നിബന്ധനയായി ഖുർആൻ പഠിപ്പിക്കുന്നത്. ആദ്യമനുഷ്യനും ദൈവദൂതനുമായ ആദം മുതൽ അന്ത്യപ്രവാചകനായ മുഹമ്മദ് നബി വരെയുള്ള പ്രവാചകൻമാരിൽ വിശ്വസിക്കുകയും അവരുടെ മാർഗം പിൻപറ്റുകയും ചെയ്യുക എന്നതാണ് രണ്ടാമത്തെ അടിസ്ഥാന നിബന്ധന. ഈ ദൈവദൂതൻമാർ കാണിച്ചു തന്ന സത്യസരണിയുടെ പേരാണ് ഇസ്ലാം എന്ന് ദൈവത്തിന്റെ അവസാന വേദമായ ഖുർആന്റെ അധ്യാപനങ്ങളുടെ വെളിച്ചത്തിൽ ഒരാൾക്ക് വിശ്വസിക്കുകയും വാദിക്കുകയും ചെയ്യാം. ഇസ്ലാം എല്ലാ മനുഷ്യർക്കുമുള്ള ദൈവത്തിന്റെ അനുഗ്രഹവും മാർഗദർശനവുമാണ്. അല്ലാഹുവിലും മുഹമ്മദ് നബി ഉൾപ്പെടെയുള്ള പ്രവാചകന്മാരിലും വിശ്വസിക്കുകയും വെളിപാടിന്റെ പരിസമാപ്തി കുറിച്ചു കൊണ്ട് ആഗതനായ അന്ത്യപ്രവാകന്റെ പാഠങ്ങൾ ജീവിതത്തിൽ പുലർത്തുകയും ചെയ്യുന്ന എല്ലാ മനുഷ്യരും അവർ ഏത് മതത്തിലും സമുദായത്തിലും പിറന്നവരായാലും പരലോകമോക്ഷത്തിന് അർഹരാണ് എന്നാണ് ഖുർആൻ അസന്നിഗ്ദ്ധമായി പറയുന്നത്.
ഇവിടെ ഉന്നയിക്കപ്പെടാവുന്ന ഒരു ചോദ്യമുണ്ട്. ഏകദൈവത്തിൽ വിശ്വസിക്കുകയും മുഹമ്മദ് നബിക്ക് മുമ്പ് ആഗതരായ മൂസാ, ഈസാ തുടങ്ങിയ പ്രവാചകൻമാർക്ക് അവതീർണമായ വേദങ്ങൾ അനുസരിച്ച് ജീവിക്കുകയും ചെയ്തവർ പരലോക മോക്ഷത്തിന് അർഹരല്ലെ എന്നതാണ് ആ ചോദ്യം. അതെ എന്നാണ് ഖുർആന്റെ വ്യക്തമായ ഉത്തരം. പക്ഷെ, ആ വേദങ്ങൾ കലർപില്ലാതെ അവശേഷിച്ചിട്ടില്ലാത്തത് കൊണ്ടും അത് കൊണ്ട് തന്നെ മനഷ്യജീവിതത്തിന് ശരിയായ മാർഗദർശനം നൽകാൻ ഇപ്പോൾ അവ പര്യാപ്തമല്ലാത്തത് കൊണ്ടും ഇന്നത്തെ കാലത്ത് ആ ചോദ്യത്തിന് പ്രസക്തിയില്ല. ദൈവിക വെളിപാടിന്റെ പൂർത്തീകരണത്തിന് വേണ്ടിയാണ് മുഹമ്മദ് നബി ആഗതനായത്. ഖുർആൻ ഒരു മാറ്റത്തിരുത്തലുകളും കൂടാതെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മുഹമ്മദ് നബിയുടെ ജീവിത മാതൃകകളും എല്ലാ വിശദാംശങ്ങളോടും കൂടി മനുഷ്യസമൂഹത്തിന്റെ മുമ്പിൽ നിലനിൽക്കുന്നു. അത് അന്വേഷിച്ചു കണ്ടെത്തുകയും അതിന്റെ വെളിച്ചത്തിൽ ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്യുക എന്നതാണ് ബുദ്ധിയുള്ള മനുഷ്യരുടെ ചുമതല.
വിശ്വാസവും സൽക്കർമ്മവുമാണ് പരലോക മോക്ഷത്തിന്റെ അടിസ്ഥാന മാനദണ്ഡം എന്ന് ഖുർആൻ ആവർത്തിച്ചു പറയുന്നത് ഈയർത്ഥത്തിലാണ്. മാനവിക വാദികൾ പറയുന്നത് പോലെ ഏകനായ ഒരു ദൈവമുണ്ടെന്ന് വിശ്വസിക്കുകയും ആ ദൈവത്തിന്റെ തന്നെ മാർഗദർശനത്തെ തിരസ്കരിച്ചു കൊണ്ട് നൻമ എന്ന് പൊതുവെ മനസ്സിലാക്കപ്പെടുന്ന കുറെ കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ ഒരാൾക്ക് പരലോക മോക്ഷം കിട്ടും എന്നല്ല ഖുർആൻ പറയുന്നത്. ഏകദൈവത്തിൽ വിശ്വസിക്കുക എന്നതിന്റെ അർത്ഥം ഖുർആൻ നിർവചിക്കുന്നത് കേവലമായ വിശ്വസമായിട്ടല്ല, കർമവുമായി ബന്ധപ്പെട്ടുത്തിയിട്ടാണ്. പ്രവാചകൻമാരിലൂടെ അവതീർണമായതും അന്ത്യപ്രവാചകനിലൂടെ പൂർത്തീകരിക്കപ്പെട്ടതുമായ സത്യമാർഗം പിന്തുടരുക എന്നത് വിശ്വാസത്തിന്റെ അനിവാര്യതയായി വന്നു ചേരുന്നതാണ്.
'മനുഷ്യൻ തീർച്ചയായും നഷ്ടത്തിലാണ്‌; വിശ്വസിക്കുകയും സൽകർമ്മങ്ങൾ അനു ഷ്ഠിക്കുകയും സത്യവും സ്ഥൈര്യവും പരസ്പരം പെദേശിക്കുകയും ചെയ്തവരൊഴികെ' എന്നർത്ഥം ഖുർആൻ വചനം അതാണ് വ്യക്തമാക്കുന്നത്.
'വിശ്വാസികൾ, ജൂതൻമാർ,
ക്രിസ്ത്യാനികൾ, സാബികൾ -ഇവരിൽ ആർ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സൽക്കർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തുവോ, അവർക്ക് അവരുടെ നാഥന്റെ സവിധത്തിൽ അർഹമായ പ്രതിഫലമുണ്ട്. അവർ ഭയപ്പെടുകയോ ദുഖിക്കുകയോ വേണ്ടതില്ല' (അൽ ബഖറ: 62 )
മാനവികവാദികൾ അവരുടെ സ്വയംകൃത സിദ്ധാന്തങ്ങൾക്ക് തെളിവായി സ്ഥിരമായി ഉദ്ധരിക്കാറുള്ള ഒരു സൂക്താണ് മുകളിൽ കൊടുത്തത്. ഖുർആന്റെ പൊതുവായ അദ്ധ്യാപനങ്ങളിൽ നിന്ന് മാറ്റിനിർത്തിക്കൊണ്ട് ഈ സൂക്തത്തെ വായിച്ചാൽ അബദ്ധത്തിൽ ചെന്നു ചാടും. ഏത് മതക്കാരനായാലും ഏത് സമുദായക്കാരനായാലും ഖുർആൻ പഠിപ്പിച്ചത് പ്രകാരം വിശ്വസിക്കുകയും കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ പരലോക മോക്ഷത്തിന് അർഹരായിത്തീരും എന്നാണ് ഈ സൂക്തവും സദൃശമായ മറ്റ് നിരവധി സൂക്തങ്ങളും പഠിപ്പിക്കുന്നത്. സ്വർഗം തങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന ജൂതൻമാരുടെയും ക്രിസ്ത്യാനികളുടെയും അവകാശവാദത്തിന് മറുപടിയായി അവതരിച്ച ഈ സൂക്തം, ജൂത, ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങളിൽ പിറന്നത് കൊണ്ട് മാത്രം ഒരാൾക്ക് പരലോക മോക്ഷം ലഭിക്കുകയില്ലെന്നും ശരിയായ വിശ്വാസവും ശരിയായ കർമവുമാണ് മോക്ഷത്തിന്റെ മാർഗമെന്നും മനുഷ്യരെ മുഴുവൻ ഉദ്ബോധിപ്പിക്കുകയാണ്. ഇതാണ് ഇസ് ലാമിന്റെ യഥാർത്ഥ മാനവികത.
മക്കയിലെയും സമീപദേശങ്ങളിലെയും ക്രിസ്ത്യാനികളും ജൂതൻമാരും ഉൾപ്പെടെയുള്ള മുഴുവൻ മനുഷ്യരെയും മുഹമ്മദ് നബി ഇസ്ലാമിലേക്കു് ക്ഷണിച്ചത് അത് എല്ലാ മനുഷ്യർക്കുമുള്ള സത്യമാർഗം ആയത് കൊണ്ടാണ്. ജൂതൻമാരെയും ക്രിസ്ത്യാനികളെയും വേദത്തിന്റെ ആളുകൾ എന്ന് അഭിസംബോധന ചെയ്ത് കൊണ്ടു, അവർക്കു് അവതീർണമായ വേദങ്ങളെ സത്യപ്പെടുത്തിക്കൊണ്ടാണ് ഖുർആൻ അവതരിച്ചതെന്നും അത് കൊണ്ട് മുഹമ്മദ് നബിയുടെ സന്ദേശം സ്വീകരിക്കാൻ മറ്റാരെക്കാളും ബാധ്യതപ്പെട്ടവർ അവരാണെന്നും ഖുർആൻ നിരന്തരം അവരെ ഉണർത്തുന്നത് കാണാം. അവരുടെ കൂട്ടത്തിലെ ഖുർആനെയും മുഹമ്മദ് നബിയെയും നിഷേധിച്ച ആളുകൾ കടുത്ത ദൈവധിക്കാരികളാണെന്നും പരലോക മോക്ഷത്തിന് അർഹരല്ലെന്നും ശക്തമായി താക്കീത് നൽകുകയും ചെയ്തിരിക്കുന്നു.
ഇപ്പറഞ്ഞതൊക്കെയും ഖുർആന്റയും പ്രവാചകാധ്യാപനങ്ങളുടെയും അടിസ്ഥാനത്തിൽ മുസ്ലിംകൾ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. ഇസ്ലാമാണ് മോക്ഷമാർഗം എന്ന് മുസ്ലിംകൾ വിശ്വസിക്കുന്നത് പോലെ മറ്റ് മതക്കാർക്കും അവരവരുടെ മതത്തെക്കുറിച്ച് അങ്ങനെ വിശ്വസിക്കാൻ അവകാശമുണ്ട്. എല്ലാ മതക്കാരും അങ്ങനെ വിശ്വസിക്കുന്നുമുണ്ട്. മനുഷ്യന് ഒരു മതവും ആവശ്യമില്ലെന്നും മരണത്തിന് ശേഷം മറ്റൊരു ജീവിതമില്ലെന്നും സ്വർഗവും നരകവും ഭൂമിയിൽ തന്നെയാണെന്നും നിരീശ്വരവാദികൾ വിശ്വസിക്കുന്നത് പോലെ.
മനുഷ്യന്റെ മോക്ഷത്തിന്റെയും ഈ ലോകത്തെയും പരലോകത്തെയും വിജയത്തിന്റെയും സമാധാനത്തിന്റെയും മാർഗം തങ്ങളുടെ കയ്യിലുണ്ടെന്ന് ഒരു വിഭാഗം ന്യായമായിത്തന്നെ വിശ്വസിക്കുകയും എന്നിട്ട് മറ്റു മനുഷ്യരിൽ നിന്ന് അത് മറച്ചു പിടിക്കുകയും ചെയ്യുക എന്നത് കടുത്ത അക്രമവും സ്വാർത്ഥതയുമാണ്. അത് കൊണ്ടാണ് ഇസ് ലാമിനെ തങ്ങൾക്ക് ചുറ്റുമുള്ള മനുഷ്യർക്ക് പ്രബോധനം ചെയ്യാനും തങ്ങൾ ജീവിക്കുന്ന സമൂഹവുമായി ഇഴുകിച്ചേർന്നും സ്നേഹവും സൗഹാർദ്ദവും പങ്കുവെച്ചും ജീവിക്കാനും മുസ്ലിംകൾ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നത്. ഇസ്ലാമിന്റെ സന്ദേശം സ്വീകരിക്കുന്നവരും സ്വീകരിക്കാതെ തന്നെ അതിനോട് അനുഭാവപൂർണമോ ശത്രുതാപരമോ ആയ സമീപനം പുലർത്തുന്നവരും ഉണ്ടാവും. ഇവരുടെ കൂട്ടത്തിൽ നിഷേധാതമകവും ശത്രുതാപരവുമായ സമീപനം പുലർത്തുന്നവരെയാണ് ഖുർആൻ സാങ്കേതികമായി കാഫിർ (സത്യനിഷേധികൾ) എന്ന് വിളിക്കുന്നത്. കാഫിറുകൾ നരകാവശകാശികൾ ആണെന്ന് ഖുർആൻ ആവർത്തിച്ചു പറയുന്നുണ്ട്. ഇസ്ലാമിനെക്കുറിച്ച് മനസ്സിലാക്കാൻ അവസരം ലഭിക്കുകയും എന്നിട്ടും അതിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന ആളുകൾ അവരുടെ നിലപാട് എത്ര അനുഭാവപൂർണമായിരുന്നാലും ഫലത്തിൽ ദൈവനിഷേധികൾ തന്നെയാണെന്നും പരലോകത്തിൽ അവർ ശിക്ഷാർഹരായിരിക്കുമെന്നും നബി തിരുമേനി പഠിപ്പിച്ചിട്ടുണ്ട്.
ഇസ്ലാമിനെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും ജീവിതത്തിൽ ഒരിക്കൽ പോലും അവസരം ലഭിച്ചിട്ടില്ലാത്ത എത്രയോ മനുഷ്യർ ഭൂമിയിൽ ജീവിച്ചു മരിച്ചു പോയിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇപ്പോഴും ജീവിക്കുന്നുണ്ട്. പരലോകത്ത് അവരുടെ ഭാഗധേയം എന്തായിരിക്കുമെന്ന് നീതിമാനും കരുണാവാരിധിയുമായ ദൈവത്തിനാണ് ഏറ്റവും നന്നായി അറിയുക. ആരുടെ കാര്യത്തിലും വിധികൽപിക്കാൻ നമുക്ക് അധികാരമില്ല. ദൈവദൂതൻമാർ ആഗതരായിട്ടില്ലാത്ത ഒരു സമൂഹവും ശിക്ഷിക്കപ്പെടുകയില്ല എന്നർത്ഥം വരുന്ന ഖുർആൻ വചനം ഇവിടെ അനുസ്മരിക്കാവുന്നതാണു്.
വാൽക്കഷ്ണം: സ്വന്തം സ്വർഗത്തെക്കുറിച്ച് എപ്പോഴും ആകുലനായിരിക്കുകയും തന്റെ കയ്യിലുള്ള വെളിച്ചം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയും എല്ലാ മനുഷ്യർക്കും നൻമയും സൻമാർഗദർശനവും പരലോകമോക്ഷവും കൈവരുമാറാവട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ മുസ്ലിം; യഥാർത്ഥ മാനവികൻ.
-ടി.കെ.എം
https://www.facebook.com/mohammed.iqbal.351104/posts/10215657000570842

Also Watch:
    ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല !  ദൈവം  കെട്ടുകഥയാണെന്ന  അന്ധവിശ്വാസം  പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

GDP ജിഡിപി എന്താണ്?

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

വിജയത്തിന്റെ രഹസ്യം!!

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!

കമ്യൂണിസം, സോഷ്യലിസം, മാർക്സിസം

നിരീശ്വര യുക്തിവാദ വാദങ്ങളോട് ഒരു ചോദ്യം

യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ