ചേകന്നൂർ Chekannur Quranist Kerala ഖുർആൻ സുന്നത്ത് സൊസൈറ്റി ഹദീസ് നിഷേധം Quran Sunnath Society

 ഇസ്ലാം;  ചേകന്നൂർ മതം:  ഇവ  തമ്മിലുള്ള വ്യത്യാസം 
ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഏറ്റവും മൗലികമായ സ്രോതസ്സ് വിശുദ്ധ ഖുര്‍ആനാണ്. വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ തൊട്ടടുത്തു നില്‍ക്കുന്നത് പ്രവാചക ജീവിതചര്യയായ ഹദീസാണ്. ഖുര്‍ആന്‍ പറയുന്നു: “അല്ലാഹുവിനെയും റസൂലിനെയും നിങ്ങള്‍ക്കിടയിലെ കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക” (അന്നിസാഅ്: 59).  “ദൈവദൂതന്‍ നിങ്ങള്‍ക്ക് നല്‍കിയത് മുറുകെപ്പിടിക്കുക. അദ്ദേഹം വിലക്കിയത് കയ്യൊഴിയുകയും ചെയ്യുക” (അല്‍ഹശ്ര്‍: 7).അല്ലാഹുവിനോടൊപ്പം പ്രവാചകനെയും അനുസരിക്കണമെന്നും അദ്ദേഹത്തിന്റെ മാതൃക പിന്‍പറ്റണമെന്നുമുള്ള കല്‍പന ഹദീസുകളുടെ അഥവാ പ്രവാചകചര്യയുടെ പ്രാമാണികതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
 മുഹമ്മദ് നബിയുടെ ജീവിതകാലത്ത് ഏതെങ്കിലും മുസ്ലിം, ഖുര്‍ആന്‍ ഞാന്‍ അനുസരിച്ചുകൊള്ളാമെന്നും പ്രവാചകന്റെ മറ്റു കല്‍പ്പനകള്‍ അനുസരിക്കാന്‍ നിര്‍വാഹമില്ലെന്നും പറഞ്ഞുവെന്ന് സങ്കല്‍പ്പിക്കുക. എങ്കില്‍ നിസ്സംശയം അയാളുടെ സ്ഥാനം ഇസ്ലാമിക സമൂഹത്തിന്റെ പുറത്തായിരിക്കും. മുഹമ്മദ്നബി ലോകാവസാനം വരേക്കുമുള്ള സകല മനുഷ്യരുടെയും പ്രവാചകനായതിനാല്‍ നബിയുടെ മരണശേഷവും ഇത്തരം നിലപാട് എടുക്കുന്നവരുടെ സ്ഥിതി മറിച്ചാകാന്‍ വഴിയില്ല. അതുകൊണ്ടാണ് ഹദീസിന്റെ പ്രാമാണികതയില്‍ സ്വഹാബികള്‍ക്കോ താബിഇകള്‍ക്കോ പൂര്‍വസൂരികളായ പണ്ഡിതന്മാര്‍ക്കോ യാതൊരു സംശയവുമില്ലാതിരുന്നത്.
 നബിചര്യ ദീനില്‍ പ്രമാണമാണെന്നതിന് ഖുര്‍ആനു പുറമെ ഒട്ടേറെ ഹദീസുകളും തെളിവാണ്. നമസ്കാരത്തെക്കുറിച്ച് നബി പറഞ്ഞു: ‘ഞാന്‍ എങ്ങനെയാണ് നമസ്കരിക്കുന്നത്, അതുപോലെ നിങ്ങളും നമസ്കരിക്കുക.’ വിടവാങ്ങല്‍ ഹജ്ജിന്റെ സന്ദര്‍ഭത്തില്‍ പ്രവാചകന്‍ പറഞ്ഞു: ‘ജനങ്ങളേ, നിങ്ങള്‍ എന്നില്‍ നിന്ന് ഹജ്ജിന്റെ അനുഷ്ഠാനങ്ങള്‍ പഠിക്കുക. ഈ വര്‍ഷത്തിനുശേഷം ഒരു പക്ഷേ, ഞാന്‍ നിങ്ങളെ കണ്ടില്ലെന്ന് വന്നേക്കും.’ മറ്റൊരു ഹദീസ് ‘എന്റെ ചര്യ ആര്‍ അവഗണിച്ചുവോ അവനുമായി എനിക്ക് യാതൊരു ബന്ധവുമില്ല.’ (ബുഖാരി, മുസ്ലിം).
 മുആദുബ്നു ജബലി(റ)നെ യമനിലേക്ക് ഗവര്‍ണറായി നിയോഗിച്ച വേളയില്‍, പ്രശ്നങ്ങള്‍ക്ക് എങ്ങനെയാണ് വിധി കണ്ടെത്തുക എന്ന പ്രവാചകന്റെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ‘തദ്വിഷയകമായി ഖുര്‍ആന്റെ നിര്‍ദേശം എന്താണെന്ന് പരിശോധിക്കും’ എന്നായിരുന്നു. ഖുര്‍ആനില്‍ ഇല്ലെങ്കിലോ എന്ന ചോദ്യത്തിന് ‘നബിചര്യ പരിശോധിക്കും’ എന്നും അതിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലോ എന്നു ചോദിച്ചപ്പോള്‍ ‘സ്വയം വിചിന്തനം ചെയ്ത് വിധിക്കുമെന്നും അദ്ദേഹം മറുപടി പറഞ്ഞു. മുആദിന്റെ മറുപടിയില്‍ പ്രവാചകന്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. പ്രവാചകന്റെ അവസാനകാലത്തെ ഒരു വസിയ്യത്ത് ഇപ്രകാരമായിരുന്നു. ‘ഞാന്‍ നിങ്ങള്‍ക്കിടയില്‍ രണ്ട് കാര്യങ്ങള്‍ ഉപേക്ഷിച്ചുപോകുന്നു. അവ രണ്ടും മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ വഴികേടിലാവുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും പ്രവാചകന്റെ ചര്യയുമാണത്.’ തന്റെ പേരില്‍ വ്യാജമായി ഹദീസുകള്‍ നിര്‍മിക്കപ്പെടാതിരിക്കാന്‍ പ്രവാചകന്‍ പുലര്‍ത്തിയ അതീവ ജാഗ്രതയും ഹദീസ് പ്രാമാണിക നിയമസ്രോതസ്സാണെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ‘തന്റെ പേരില്‍ മനപ്പൂര്‍വം കളവു പറയുന്നവന്‍ നരകത്തില്‍ അവന്റെ ഇരിപ്പിടം തയ്യാറാക്കിക്കൊള്ളട്ടെ’ എന്നായിരുന്നവല്ലോ വ്യാജ ഹദീസ് നിര്‍മിതിയെക്കുറിച്ച അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
 പ്രവാചകന്റെ പാഠശാലയില്‍നിന്ന് നേരിട്ട് ഇസ്ലാം പഠിച്ച സ്വഹാബികള്‍ക്കോ അവരില്‍നിന്ന് പഠിച്ച താബിഇകള്‍ക്കോ മദ്ഹബിന്റെ ഇമാമുകള്‍ അടക്കം പൂര്‍വസൂരികളായ പണ്ഡിതന്‍മാര്‍ക്കോ നബിചര്യയുടെ പ്രാമാണികതയെക്കുറിച്ച് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. പ്രവാചകന്റെ വിയോഗാനന്തരം പ്രഥമ ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട അബൂബക്കറി(റ)ന്റെ ആദ്യ പ്രഖ്യാപനം ഇങ്ങനെയായിരുന്നു: “ഞാന്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുന്നിടത്തോളം നിങ്ങളെന്നെ അനുസരിക്കുക. ഞാന്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും ധിക്കരിക്കുന്ന പക്ഷം നിങ്ങളെന്നെ അനുസരിക്കേണ്ടതില്ല.”
 അബൂബക്കര്‍(റ)വിന്റെ നടപടിക്രമങ്ങളെക്കുറിച്ച് ഇബ്നുസീരീന്‍ പറയുന്നത് കാണുക: “അബൂബക്റിന്റെ മുമ്പാകെ വല്ല പ്രശ്നവും വന്നാല്‍ തദ്സംബന്ധമായി ഖുര്‍ആനില്‍ വല്ല നിയമവുമുണ്ടോ എന്നദ്ദേഹം നോക്കും. ഇല്ലെങ്കില്‍ നബിയുടെ സുന്നത്തില്‍ എന്തെങ്കിലും മാതൃകയുണ്ടോ എന്നാരായും. അവിടെയും കണ്ടെത്തിയില്ലെങ്കില്‍ സ്വന്തം ഇജ്തിഹാദ് അനുസരിച്ച് തീരുമാനമെടുക്കും എന്നിട്ട് ‘ഇത് എന്റെ തീരുമാനമാണ്, ശരിയായി വന്നാല്‍ അത് അല്ലാഹുവിന്റെ ഔദാര്യമാണ്’ എന്ന് പറയുകയും ചെയ്യും”. (ഇബ്നുല്‍ ഖയ്യിം  ഇഅ്ലാമുല്‍ മുവഖ്ഖിഈന്‍ 1:54)
 മൈമൂനുബ്നു മഹ്റാന്‍ പറഞ്ഞു: “അബൂബക്റിന്റെ സമ്പ്രദായമിതായിരുന്നു. വല്ല പ്രശ്നത്തിലും തീരുമാനമെടുക്കേണ്ടിവന്നാല്‍ ആദ്യം അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നോക്കും. അവിടെ അതിന്റെ വിധി കണ്ടില്ലെങ്കില്‍ നബിയുടെ സുന്നത്തില്‍ പരതും. ആ പ്രശ്നം സംബന്ധിച്ചുള്ള നബിചര്യ തനിക്കറിയില്ലെങ്കില്‍ അതുപോലുള്ള പ്രശ്നത്തില്‍ നബി വിധി പറഞ്ഞതായി അറിയുമോ എന്ന് ജനങ്ങളോട് ചോദിക്കും.” (അതേ പുസ്തകം, പേ: 62).‏‏
 മറ്റൊരു സംഭവം: ഒരു സ്ത്രീ തന്റെ പൌത്രന്റെ സ്വത്തില്‍ തനിക്കുള്ള അനന്തരാവകാശ വിഹിതം ചോദിച്ചുകൊണ്ടു വന്നു. പൌത്രന്റെ ഉമ്മ നേരത്തെ മരിച്ചുപോയിരുന്നു. അബൂബക്കര്‍(റ) പറഞ്ഞു: മാതാവിനുള്ള വിഹിതം നിങ്ങള്‍ക്ക് നല്‍കുന്നതിന് ഖുര്‍ആനില്‍ യാതൊരു വിധിയും കാണുന്നില്ല. അനന്തരം അദ്ദേഹം ജനങ്ങളോട് ചോദിച്ചു: നബി(സ) ഈ വിഷയത്തില്‍ എന്തെങ്കിലും വിധി പറഞ്ഞിട്ടുണ്ടോ? അന്നേരം മുഗീറത്തുബ്നു ശുഅ്ബയും മുഹമ്മദ്ബ്നുമസ്ലമ(റ)വും എഴുന്നേറ്റു നിന്ന് മൊഴി നല്‍കി: നബി വലിയുമ്മയ്ക്ക് ആറിലൊന്ന് (മാതാവിന്റെ വിഹിതം) നല്‍കാന്‍ കല്‍പ്പിച്ചിട്ടുണ്ട്. അതനുസരിച്ച് അബൂബക്ര്‍(റ) വിധിക്കുകയും ചെയ്തു. (ബുഖാരി, മുസ്ലിം)
 ഈ വിഷയത്തില്‍ രണ്ടാം ഖലീഫ ഉമറിന്റെ നിലപാടും ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ലെന്ന് അദ്ദേഹം ഖാദിശുറൈഹ്(റ)വിന് അയച്ച കത്തില്‍ നിന്ന് വ്യക്തമാകുന്നു: “താങ്കള്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ വല്ല വിധിയും കണ്ടാല്‍ അതനുസരിച്ച് തീര്‍പ്പ് കല്‍പ്പിക്കുക, അതുണ്ടായിരിക്കെ മറ്റൊന്നിലേക്കും ശ്രദ്ധ തിരിക്കരുത്. അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ വിധിയില്ലെങ്കില്‍ റസൂലിന്റെ സുന്നത്തില്‍ എന്ത് വിധിയാണോ ഉള്ളത് അതനുസരിച്ച് തീര്‍പ്പു കല്‍പ്പിക്കുക. അല്ലാഹുവിന്റെ ഗ്രന്ഥത്തിലും റസൂലിന്റെ സുന്നത്തിലും വിധിയില്ല, താങ്കള്‍ക്കു മുമ്പ് ഇജ്മാആ(ഏകകണ്ഠ)യുള്ള തീരുമാനവുമില്ല, എങ്കില്‍ താങ്കളുടെ ഇജ്തിഹാദ് പ്രകാരം തീര്‍പ്പു കല്‍പ്പിക്കുകയോ കാത്തിരിക്കുകയോ ചെയ്യാം. കാത്തിരിക്കുന്നതാണ് എന്റെ വീക്ഷണത്തില്‍ ഉത്തമമായിട്ടുള്ളത്.” (ഇഅ്ലാമുല്‍ മുവഖിഈന്‍, 1: 61, 62)
 മൂന്നാം ഖലീഫ ഉസ്മാന്‍(റ) അധികാരമേറ്റ ഉടനെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രഖ്യാപിച്ചു: “മനസ്സിലാക്കുക: ഞാന്‍ പിന്‍പറ്റുന്നവനാണ്; പുതിയ പാത തുറക്കുന്നവനല്ല. അല്ലാഹുവിന്റെ ഗ്രന്ഥത്തെയും നബിയുടെ സുന്നത്തിനെയും പിന്‍പറ്റുക എന്നതിനു പുറമെ നിങ്ങളോട് മൂന്ന് ബാധ്യതകള്‍ കൂടി എനിക്കുണ്ട്. അതിലൊന്നാമത്തേത് എനിക്കു മുമ്പുള്ള ഖലീഫമാരുടെ ഭരണകാലത്ത് നിങ്ങള്‍ ഏകകണ്ഠമായി ഉള്‍ക്കൊണ്ട തീരുമാനങ്ങളെയും സ്വീകരിച്ച മാര്‍ഗങ്ങളെയും പിന്തുടരുക എന്നതാണ്. രണ്ടാമത്തേത്, മേലില്‍ സുകൃതികള്‍ ഏകകണ്ഠമായി എടുക്കുന്ന തീരുമാനങ്ങളെ പിന്‍പറ്റുക എന്നതും. മൂന്നാമത്തേത്, നിങ്ങള്‍ നിയമം ലംഘിക്കാതിരിക്കുവോളം നിങ്ങളുടെ മേല്‍ കൈവെക്കാതിരിക്കുക എന്നതുമാകുന്നു.” (താരീഖുത്വബ്രി 3: 446)
 നാലാം ഖലീഫ ഹദ്റത്ത് അലി(റ) അധികാരമേറ്റ ശേഷം ഈജിപ്തുകാരില്‍ നിന്ന് ബൈഅത്ത് സ്വീകരിക്കാനായി തന്റെ ഗവര്‍ണര്‍ ഖൈസുബ്നു സഅദ്ബ്നി ഉബാദ(റ) വശം കൊടുത്തയച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഇപ്രകാരം കുറിച്ചു: “അറിയുക, അല്ലാഹുവിന്റെ ഗ്രന്ഥവും നബിയുടെ ചര്യയും അനുസരിച്ച് പ്രവര്‍ത്തിക്കുക, ഖുര്‍ആനും സുന്നത്തുമനുസരിച്ചുള്ള നിങ്ങളുടെ അവകാശങ്ങള്‍ നടപ്പിലാക്കുക, നബിയുടെ സുന്നത്ത് പ്രാവര്‍ത്തികമാക്കുക, നിങ്ങള്‍ ശ്രദ്ധിക്കാതിരിക്കുമ്പോഴും നിങ്ങളോട് ഗുണകാംക്ഷയുണ്ടാവുക. ഇതെല്ലാം എനിക്ക് നിങ്ങളോടുള്ള ബാധ്യതകളാകുന്നു.” (താരീഖുത്വബ്രി 3: 550)
 സുന്നത്തിനോടുള്ള ഇതര സ്വഹാബികളുടെ നിലപാടും ഇതുതന്നെയായിരുന്നു. ഉമറിന്റെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട ഉസ്മാന്(റ)ബൈഅത്ത്(അനുസരണ പ്രതിജ്ഞ) ചെയ്തുകൊണ്ട് തെരഞ്ഞെടുപ്പിന് കാര്‍മികത്വം വഹിച്ച അബ്ദുര്‍റഹ്മാനുബ്നു ഔഫ്(റ) പറഞ്ഞു: “താങ്കള്‍ അല്ലാഹുവിന്റെ ഗ്രന്ഥവും പ്രവാചകന്റെ സുന്നത്തും മുന്‍ഗാമികളായ രണ്ട് ഖലീഫമാരുടെ പ്രവര്‍ത്തനമാതൃകയും അനുസരിച്ച് പ്രവര്‍ത്തിക്കും എന്ന ഉപാധിയോടുകൂടിയാണ് ഞങ്ങള്‍ താങ്കള്‍ക്ക് ബൈഅത്ത് ചെയ്യുന്നത്.”
 ഹദ്റത്ത് അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറഞ്ഞു: എന്തെങ്കിലും തീരുമാനമെടുക്കേണ്ടി വന്നാല്‍ ഞാനാദ്യം അല്ലാഹുവിന്റെ ഗ്രന്ഥത്തെ ആശ്രയിക്കും. അതില്‍ വിധി കണ്ടെത്താനായില്ലെങ്കില്‍ പ്രവാചകന്റെ ഹദീസ്പ്രകാരം തീരുമാനമെടുക്കും.” ഇബ്നുഅബ്ബാസില്‍ നിന്നും ഇതേ കാര്യം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. (അല്‍മുവാഫഖാത്ത് 4: 807)
 സ്വഹാബികള്‍ക്കുശേഷം താബിഇകളും ഹദീസിനോട് ഇതേ സമീപനം തന്നെയാണ് പുലര്‍ത്തിയത്. ഉമവി ഖലീഫ ഹദ്റത് ഉമറുബ്നു അബ്ദില്‍ അസീസ് ഒരാള്‍ക്കെഴുതിയ കത്തില്‍ ഇപ്രകാരം എഴുതി: “അല്ലാഹുവിനെ ഭയപ്പെടാനും അവന്റെ കല്‍പനപ്രകാരം ചരിക്കാനും അവന്റെ ദൂതന്റെ സുന്നത്ത് അനുധാവനം ചെയ്യാനും അനാചാരത്തിന്റെ വക്താക്കള്‍ അതില്‍ കടത്തിക്കൂട്ടിയ കാര്യങ്ങളെ ഉപേക്ഷിക്കാനും ഞാന്‍ താങ്കളോട് വസിയ്യത്ത് ചെയ്യുന്നു. സുന്നത്ത് പ്രയോഗവത്കരിക്കാന്‍ തുടങ്ങിയപ്പോഴാണ് അനാചാരത്തിന്റെ വക്താക്കള്‍ അതില്‍ കടത്തിക്കൂട്ടലുകള്‍ ആരംഭിച്ചത്. അവര്‍ സുന്നത്തിനെ പുറകോട്ട് തട്ടിമാറ്റി. അതിനെ അനുധാവനം ചെയ്യുന്നതില്‍നിന്ന് വിടുതല്‍ നേടി. സുന്നത്ത് അനുധാവനം ചെയ്യാന്‍ നീ ബാധ്യസ്ഥനാണ്. എന്തുകൊണ്ടെന്നാല്‍ അതു മാത്രമേ നിന്നെ വഴികേടില്‍ നിന്ന് രക്ഷപ്പെടുത്തുകയുള്ളൂ.” (അബൂദാവൂദ്)
 മദ്ഹബിന്റെ ഇമാമുകളില്‍ പ്രഥമനായ ഇമാം അബൂഹനീഫ പറയുന്നു: “വല്ല വിധിയും എനിക്ക് അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍നിന്ന് ലഭിച്ചാല്‍ ഞാന്‍ അതിന് പ്രാധാന്യം നല്‍കും. അതില്‍ വിധി കണ്ടെത്താനായില്ലെങ്കില്‍ റസൂലിന്റെ സുന്നത്തിനും പ്രാമാണികമായി അറിയപ്പെട്ട അദ്ദേഹത്തിന്റെ അസറുകള്‍ക്കും പ്രാധാന്യം നല്‍കും. അല്ലാഹുവിന്റെ ഗ്രന്ഥത്തിലോ റസൂലിന്റെ സുന്നത്തിലോ വിധി കണ്ടെത്താനായില്ലെങ്കില്‍ സ്വഹാബികളുടെ ഇജ്മാഇ(ഏകാഭിപ്രായം)നെ പിന്‍പറ്റും. അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ യുക്തമെന്ന് തോന്നുന്ന സ്വഹാബിയുടെ അഭിപ്രായം ഞാന്‍ സ്വീകരിക്കും. അല്ലാത്തത് തള്ളിക്കളയുകയും ചെയ്യും. ഇതിനപ്പുറം വല്ലവരുടെയും അഭിപ്രായം ഞാന്‍ സ്വീകരിക്കില്ല. അത്തരം കാര്യത്തില്‍ അവരെപ്പോലെ ഞാനും ഇജ്തിഹാദ് ചെയ്യും.” (അല്‍ഖത്വീബുല്‍ ബഗ്ദാദി ‏‏‏‏ താരീഖു ബഗ്ദാദ്)
 ഇമാം ബൈഹഖി ഉസ്മാനു ഉമറില്‍നിന്ന് ഉദ്ധരിക്കുന്നു: ഒരാള്‍ ഇമാം മാലിക്കിന്റെ സന്നിധിയില്‍ വന്ന് ഒരു പ്രശ്നത്തെക്കുറിച്ചു ചോദിച്ചു. പ്രവാചകനില്‍നിന്നുള്ള ഹദീസാണ് അതിന് മറുപടിയായി അദ്ദേഹം നല്‍കിയത്. ഇതു കേട്ടശേഷം ആ മനുഷ്യന്‍ വീണ്ടും ചോദിച്ചു: ഈ വിഷയത്തില്‍ അങ്ങയുടെ അഭിപ്രായമെന്താണ്? അപ്പോള്‍ ഇമാമിന്റെ മറുപടി ഈ ഖുര്‍ആന്‍ സൂക്തമായിരുന്നു: “അദ്ദേഹത്തിന്റെ കല്‍പനയ്ക്ക് വിപരീതം പ്രവര്‍ത്തിക്കുന്നവരെ ഇഹത്തില്‍ തന്നെ വിപത്ത് പിടികൂടുന്നതും പരലോകത്ത് കഠിനമായ ശിക്ഷ ബാധിക്കുന്നതും ഭയപ്പെട്ടുകൊള്ളട്ടെ.” (അന്നൂര്‍: 63)
 റബീഅ് പറഞ്ഞു: ഒരു ദിവസം ഇമാം ശാഫിഈ ഒരു ഹദീസ് ഉദ്ധരിച്ചു. അപ്പോള്‍ ഒരാള്‍ ചോദിച്ചു: ‘അബൂ അബ്ദില്ലാ, അങ്ങ് ഈ ഹദീസ് സ്വീകരിക്കുന്നുണ്ടോ’? ഇമാം പറഞ്ഞു: ‘ഞാന്‍ അല്ലാഹുവിന്റെ ദൂതനില്‍നിന്ന് ഒരു ഹദീസ് ഉദ്ധരിക്കുകയും എന്നിട്ടത് സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നത് കണ്ടാല്‍ എന്റെ ബുദ്ധി നശിച്ചു എന്നതിന് ഞാന്‍ നിങ്ങളെ സാക്ഷി നിര്‍ത്തുകയാണ്’.
 ഇമാം അഹ്മദ് സ്വീകരിച്ച ഗവേഷണരീതിശാസ്ത്രം വിശദീകരിച്ചുകൊണ്ട് അല്ലാമാ ഇബ്നുല്‍ ഖയ്യിം എഴുതി: “അദ്ദേഹം ഒന്നാം സ്ഥാനം അല്ലാഹുവിന്റെ ഗ്രന്ഥത്തിനും സാധുവായ ഹദീസുകള്‍ക്കും നല്‍കും. അവയില്‍നിന്ന് ഒന്നും ലഭിച്ചില്ലെങ്കില്‍ സ്വഹാബികളുടെ അഭിപ്രായം സ്വീകരിക്കും. അതുമില്ലെങ്കില്‍ ഖിയാസിലേക്ക്(അനുമാനം) തിരിയുന്നതിനു മുമ്പ് സാധുതയുടെ ഉയര്‍ന്ന മാനദണ്ഡത്തിലെത്തിയില്ലെങ്കിലും ഒട്ടും അസ്വീകാര്യം എന്ന ഗണത്തില്‍ പെടാത്ത വല്ല നിവേദനവും ഉണ്ടോ എന്ന് പരിശോധിക്കും” (ഇബ്നു അബ്ദില്‍ ബര്‍റ് – താരീഖ് ബഗ്ദാദ്).
 ചുരുക്കത്തില്‍, ഇസ്ലാമിക സമൂഹത്തെ ശിഥിലീകരിക്കാന്‍ അറിഞ്ഞോ അറിയാതെയോ തീവ്രവാദ ചിന്തകളും കര്‍മപരിപാടികളുമായി രംഗത്തുവന്ന ഖവാരിജുകളെയും യവനതത്വചിന്തയുടെയും സംസ്കാരത്തിന്റെയും സ്വാധീനവലയത്തില്‍ പെട്ട മുഅ്തസിലികളെയും ആധുനിക പാശ്ചാത്യനാഗരികതയാല്‍ സ്വാധീനിക്കപ്പെട്ട ചില മുസ്ലിംമോഡേണിസ്റുകളെയും ഒഴിച്ചുനിര്‍ത്തിയാല്‍ ഇസ്ലാമിക സമൂഹത്തിലെ ബഹുഭൂരിപക്ഷവും ഹദീസിന്റെ പ്രാമാണികതയെ സംശയലേശമന്യേ അംഗീകരിച്ചവരാണ്.  https://islampadasala.com/?p=7460


 Also Watch: 
    ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല!  ദൈവം  കെട്ടുകഥയാണെന്ന  അന്ധവിശ്വാസം  പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മനസ്സ് തളരരുത്; പൊരുതാനുള്ളതാണ് ജീവിതം: വിജയം, സന്തോഷം, മനസ്സമാധാനം

ദൈവം ഉണ്ടോ ഇല്ലയോ? ദൈവം, മരണാനന്തര ജീവിതം: യുക്തിപരമായ തെളിവ് Malayalam God Rationalism Yukthivadi Evolution Science Religion Yukthivadam Freethinkers Hindu Christian Bible Quran Islam Atheism ദൈവം, പരിണാമം, യുക്തിവാദം, യുക്തിവാദി

GDP ജിഡിപി എന്താണ്?

മുഹമ്മദ്‌ നബി: വിമര്‍ശനങ്ങള്‍; മറുപടി

വിജയത്തിന്റെ രഹസ്യം!!

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം!!

കമ്യൂണിസം, സോഷ്യലിസം, മാർക്സിസം

നിരീശ്വര യുക്തിവാദ വാദങ്ങളോട് ഒരു ചോദ്യം

യുക്തി ദൈവം യുക്തിവാദം നിരീശ്വര വാദം Yukthivadam Yukthivadi Atheism Atheist Freethinkers Malayalam

ആ ചോദ്യങ്ങള്‍ക്ക് 'നിരീശ്വരവാദ'ത്തില്‍ ഉത്തരമില്ലല്ലോ