സെക്സ് ലിബറലിസം Vs. മതം
സ്ത്രീയും പുരുഷനും അവര്‍ക്കിടയില്‍ അനുവദനീയമായ ഭാര്യാ ഭര്‍ത്തൃ ബന്ധമില്ലാതെ പരസ്പരം ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നതാണ് വ്യഭിചാരമെന്ന് എല്ലാവര്‍ക്കുമറിയാം. ഈ കൃത്യം ധര്‍മ ദൃഷ്ട്യാ തിന്മയാണെന്നും മത ദൃഷ്ട്യാ പാപമാണെന്നും സമൂഹത്തിന്റെ ദൃഷ്ടിയില്‍ അധിക്ഷേപാര്‍ഹവും അപമാനകരവുമാണെന്നും പൗരാണിക കാലം മുതല്‍ ഇന്നേ വരെയുള്ള മുഴുവന്‍ മനുഷ്യ സമുദായങ്ങളും സമ്മതിച്ചിരിക്കുന്നു. മനുഷ്യ പ്രകൃതി സ്വയം തന്നെ വ്യഭിചാരം നിഷിദ്ധമാണെന്നു കരുതുന്നു എന്നതത്രേ സാര്‍വത്രികമായ ഈ അഭിപ്രായൈക്യത്തിനു കാരണം. മനുഷ്യവംശത്തിന്റെയും മാനവ നാഗരികതയുടെയും നിലനില്‍പ് താല്‍പര്യപ്പെടുന്നു, സ്ത്രീയും പുരുഷനും കേവലം രസത്തിനും ആനന്ദത്തിനും സര്‍വതന്ത്ര സ്വതന്ത്രരായി ചേരുകയും പിരിയുകയും ചെയ്തുകൂടെന്ന്. സമൂഹത്തിന്റെ അറിവോടും സമ്മതത്തോടും സംരക്ഷണത്തോടും കൂടിയ സ്ഥിരവും ഭദ്രവുമായ കരാറനുസരിച്ചായിരിക്കണം ഇണകള്‍ തമ്മിലുള്ള ബന്ധം. അല്ലെങ്കില്‍, മനുഷ്യവംശം ഒരു ദിവസം പോലും നിലനില്‍ക്കുകയില്ല. കാരണം, മനുഷ്യശിശുവിന് തന്റെ ജീവിതത്തിനും മനുഷ്യനെന്ന നിലയ്ക്കുള്ള വികാസത്തിനും വളര്‍ച്ചക്കും നിരവധി വര്‍ഷത്തെ വാല...