സ്വത്ത്; സ്ത്രീ; ഇസ്ലാം ; യുക്തി

പിന്തുടര്‍ച്ചാവകാശ നിയമം

ഇസ്‌ലാമിലെ പിന്തുടര്‍ച്ചാവകാശ നിയമങ്ങളുടെ അടിസ്ഥാനങ്ങള്‍ എന്താണെന്നും, അതിന്റെ യഥാര്‍ത്ഥ പ്രേരകം എന്താണെന്നും മനസ്സിലായില്ലെങ്കില്‍, അത് കുതര്‍ക്കികള്‍ക്ക് തര്‍ക്കിച്ച് കാലം കഴിക്കാനുള്ള ഒരു കളിപ്പാട്ടമാകും.
സ്വത്തവാകാശത്തിന്റെ *''ഓഹരി വെക്കല്‍ കണക്കുകള്‍'*' പരതിയാല്‍, *കണക്കിലെ ''കണക്ക്''* അറിയാത്തവര്‍ ഒരുപാട് വട്ടം കറങ്ങുകയും ചെയ്യും.  എന്നിട്ട് ചോദിച്ചേക്കും:  *''കണക്ക്'' പോലും അറിയാത്ത ദൈവമാണോ അല്ലാഹു...?* എന്ന്.
ഒരു കാര്യം ആദ്യമേ ഓര്‍ത്തിരിക്കേണ്ടതുണ്ട്:  ലോകത്തുള്ള എല്ലാ സമൂഹങ്ങളിലും രാജ്യങ്ങളിലും വൈവിധ്യമാര്‍ന്ന ധാരാളം നിയമങ്ങളും ചട്ടങ്ങളുമുണ്ട്. അതുപോലെ, മതങ്ങളിലും പ്രത്യയ ശാസ്ത്രങ്ങളിലും സംഘടനകളില്‍ പോലും നിയമങ്ങളും ചട്ടങ്ങളുമുണ്ട്.   ഇന്ത്യയിലെ ചില നിയമങ്ങളെ പാക്കിസ്ഥാന്‍ കാര്‍ക്ക് വിചിത്രമായിത്തോന്നാം.   കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഘടനയും ചട്ടങ്ങളും കോണ്‍ഗ്രസ്സ് കാര്‍ക്ക് വിചിത്രമായിത്തോന്നാം.   തിരിച്ചും അങ്ങിനെത്തന്നെയായിരിക്കും.  ആ നിയമങ്ങളില്‍ ചിലത് ചിലര്‍ക്കും പലര്‍ക്കും വിചിത്രമായി ത്തോന്നാമെന്ന് സാരം.   ഇതു പോലെയാണ് ഇസ്‌ലാമിലെ പിന്തുടര്‍ച്ചാവകാശ നിയമങ്ങളെ ചില ബുദ്ധിജീവികള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത് എന്ന് പറയാതെ നിര്‍വ്വാഹമില്ല.
ആകെ മനുഷ്യവര്‍ഗ്ഗം സ്ത്രീയും പുരുഷനും ചെര്‍ന്നതാണല്ലൊ (ട്രാന്‍സ് ജെന്ററിനെ അവഗണിക്കുന്നില്ല, എന്നാല്‍ അവര്‍ ഈ രണ്ടിലേതിലോ ഒന്നില്‍ പെടും).  ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന പിന്തുടര്‍ച്ചാവകാശ നിയമത്തെ സംബന്ധിച്ച ആദ്യത്തെ താത്വിക നിര്‍ദേശം ഇതാണ്: *''പെണ്ണിന്റെ ഇരട്ടിയാണ് ആണിന്റെ ഓഹരി.''*
ഉടനെത്തന്നെ, ഇത് ഒരനീതിയല്ലേ, ഇത് അസമത്വമല്ലേ, ഇത് സ്ത്രീകളോടുള്ള ക്രൂരതയല്ലേ എന്നൊക്കെ തര്‍ക്കിക്കാന്‍ ശ്രമിക്കുന്നവര്‍, മേല്പറഞ്ഞ അടിസ്ഥാനങ്ങളെക്കുറിച്ച് തികഞ്ഞ അജ്ഞതയിലാണ് എന്ന കാര്യം ഉറപ്പാണ്.
ഇതില്‍ ഒന്നാമത്തെ അടിസ്ഥാനം ഇതാണ്:   കുടുംബജീവിതത്തില്‍ കൂടുതല്‍ സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ പുരുഷന്റെ മേലാണ് ഇസ്‌ലാമിക ശരീഅത്ത് ചുമത്തിയിരിക്കുന്നത് എന്നതിനാലും,  സ്ത്രീയെ ആകട്ടെ, ഒട്ടനേകം സാമ്പത്തിക ചുമതലകളില്‍ നിന്ന് കാരുണ്യപൂര്‍വ്വം ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നതിനാലുമാണ്.   അതിനാല്‍, പുരുഷന്റെ ഓഹരിയെ അപേക്ഷിച്ച് സ്ത്രീയുടേത് കുറച്ചിരിക്കുന്നത് നീതിയുക്തമത്രെ.
എന്ത് കൊണ്ടാണ് പുരുഷനേക്കാള്‍ സ്ത്രീക്ക് പകുതി അവകാശം, അല്ലെങ്കില്‍, എന്തുകൊണ്ടാണ് സ്ത്രീയേക്കാള്‍ പുരുഷന് ഇരട്ടി അവകാശം എന്നത് കൃത്യമായി മനസ്സിലാകണമെങ്കില്‍,  *ദാമ്പത്യ ജീവിതത്തിന്റെയും കുടുംബ ജീവിതത്തിന്റെയും ഇസ്‌ലാമിന്റെ കാഴ്ച്ചപ്പാട് എന്താണെന്ന് മനസ്സിലാകണം.*  അതോടൊപ്പം അത് വെറുമൊരു ഉട്ടോപ്പിയന്‍ കാഴ്ച്ചപ്പാടല്ലെന്നും, പ്രത്യുത ആ കാഴ്ച്ചപ്പാട് മനുഷ്യപ്രകൃതിയോട് ഏറ്റവും അടുത്തു നില്ക്കുന്ന, മാനവകുലത്തെ മുഴുവനായും ഉള്‍ക്കൊള്ളുന്ന സമഗ്ര സമ്പൂര്‍ണ്ണ കാഴ്ച്ചപ്പാടാണെന്നും ബോധ്യപ്പെടേണ്ടതുണ്ട്.
ആദ്യ പുരുഷനും ആദ്യ സ്ത്രീയും ചേര്‍ന്നപ്പോഴാണല്ലൊ ആദ്യ ദാമ്പത്യം ഉണ്ടായത്.  പിന്നീട് ആ ആദ്യ ദമ്പതികള്‍ക്ക് മക്കളുണ്ടായി.   അങ്ങനെ ആദ്യ കുടുംബവും ഉണ്ടായി.  ആ കുടുംബത്തിലെ മക്കള്‍ പ്രായപൂര്‍ത്തിയെത്തുകയും, അവര്‍ പിന്നീട് വിവിധ ദാമ്പത്യത്തില്‍ പ്രവേശിക്കുകയും ചെയ്തു. അങ്ങനെ കൂടുതല്‍ കുടുംബങ്ങളുണ്ടായി.  ആ കുടുംബങ്ങള്‍ ചേര്‍ന്നാണ് സമൂഹമുണ്ടാവുന്നത്.
*ഒരു സമൂഹം ഭൂമിയില്‍ ഏറ്റവും സമാധാനപരമായി ഏറ്റവും നീതിപൂര്‍വ്വകമായി ഏറ്റവും ആനന്ദകരമായി എങ്ങനെ നിലനില്ക്കണം എന്നതിന്റെ വ്യക്തിപരവും ദാമ്പത്യപരവും കുടുംബപരവും സാമൂഹ്യപരവുമായ ഉള്‍ക്കാഴ്ചയില്‍ നിന്നാണ് ഇസ്‌ലാമിന്റെ എല്ലാ സാമൂഹിക നിയമങ്ങളും ഉരുവം കൊള്ളുന്നത്.*
ആയതിനാല്‍, *അവകാശങ്ങളെക്കുറിച്ചല്ല*  ഇസ്‌ലാം മുന്‍ഗണന നല്കുന്നത്, *പകരം പരസ്പര ബാധ്യതകളെക്കുറിച്ചാണ് ഇസ്‌ലാം മുന്‍ ഗണനയും ഊന്നലും നല്കുന്നത്.*  ഓരോ വ്യക്തിയും തന്നില്‍ അര്‍പ്പിതമായ ബാധ്യതകള്‍ യഥാവിധി നിര്‍വ്വഹിക്കുമ്പോള്‍, അവകാശനിഷേധങ്ങള്‍ക്ക് അവസരങ്ങളില്ലാതാവണം എന്നതാണ് ഖുര്‍ആനിന്റെ ആത്യന്തിക കാതല്‍.   അഥവാ, സഹജീവിയും തുല്യനുമായ മറ്റൊരാളുടെ മുമ്പില്‍ അവകാശങ്ങള്‍ക്ക് വേണ്ടി ഓച്ചാനിച്ചു നില്‌ക്കേണ്ടി വരുന്ന നിന്ദ്യതയില്‍ നിന്ന് മുഴുവന്‍ മനുഷ്യരേയും ആദരപൂർവ്വം മോചിപ്പിക്കുക എന്നതാണ് ഖുര്‍ആനിന്റെ ലക്ഷ്യം.  *അതു വഴി അവകാശ സമരങ്ങളുടെ ആവശ്യകതയും ഇല്ലാതാവുന്നു.* 
ഏത് അവകാശ സമരങ്ങളുടെയും പ്രേരകം നീതി നിഷേധമാണ്, എന്നാല്‍ ബാധ്യതകള്‍ നിര്‍വ്വഹിക്കുക എന്ന കാരുണ്യത്തിന്റെ രീതി അവലംബിക്കുന്നതോടെ, നീതി നിഷേധം ഇല്ലാതാവും, അതു വഴി അനീതിക്കെതിരെ യുള്ള വിപ്ലവങ്ങള്‍ക്ക് പ്രസക്തിയും ഇല്ലാതാവും.
*ഉദാഹരണമായി* നിങ്ങള്‍ക്ക് ഒരു കുഞ്ഞ് ജനിക്കുന്നു എന്ന് കരുതുക.  ആ കുഞ്ഞ് ആണായാലും പെണ്ണായാലും, അതിന്റെ പരിപാലനം ആരുടെ ബാധ്യതയാണ് എന്നതാണ് ആദ്യ ചോദ്യം.   ഭൂമിയിലെ മുഴുവന്‍ ജീവികളും അവയുടെ കുഞ്ഞുങ്ങളെ താലോലിച്ചോമനിച്ച് പരിപാലിച്ച് വളര്‍ത്തിയെടുക്കുക എന്ന ബാധ്യത സ്വയം ഏറ്റെടുത്ത് നടത്തുന്നതായി നാം കാണുന്നു.    ഇത് പോലെ ഏതൊരു മനുഷ്യക്കുഞ്ഞ് പിറന്നാലും അതിന്റെ മാതാപിതാക്കളാണ് ആ പരിപാലന ബാധ്യത സ്വയം ഏറ്റെടുക്കുന്നത്.   ഇത് നൈസര്‍ഗ്ഗികമായിത്തന്നെ സംഭവിക്കുന്ന പ്രതിഭാസമാണ്.  ഇതിന് മതങ്ങളുടേയോ തത്വശാസ്ത്രങ്ങളുടെയോ നിര്‍ദ്ദേശം ആവശ്യമേയില്ല.
ഇതാണ് ശുദ്ധ പ്രകൃതി. ഇത് മനുഷ്യപ്രകൃതിയില്‍ സന്നിവേശിക്കപ്പെട്ട കാരുണ്യമെന്ന അടിസ്ഥാന വികാരമാണ്.
  കാരുണ്യത്തിന്റെ ഈ നൈസര്‍ഗ്ഗിക പരിപാലന പ്രക്രിയ എന്ന പ്രതിഭാസമാണ് ജീവജാലങ്ങളുടെ നിലനില്പ്പിന്റെ ആദ്യ അടിത്തറ.   മറിച്ച് സംഭവിക്കുന്നില്ല, അഥവാ, ഒരു മനുഷ്യക്കുഞ്ഞിനെ അതിന്റെ *ബോധമുള്ള* മാതാപിതാക്കളാരും തന്നെ വലിച്ചെറിയുകയോ അവഗണിക്കുകയോ പരിപാലിക്കാതിരിക്കുകയോ ചെയ്യുന്നില്ല.
പറഞ്ഞു വന്നത്, ഒരു കാരുണ്യവികാരമാണ് കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന്റെ അടിസ്ഥാന പ്രേരകം എന്ന അനിഷേധ്യമായ യാഥാര്‍ത്ഥ്യത്തെ ക്കുറിച്ചാണ്.   ഇതേ പരിപാലന സംവിധാനമാണ് ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന എല്ലാ പരിപാലന പ്രക്രിയകളും.   അത് വ്യക്തിയായ പുരുഷന്റെയോ സ്ത്രീയുടെയൊ ആവട്ടെ,
അവര്‍ ചേര്ന്നുണ്ടായ ദാമ്പത്യത്തിന്റേതാവട്ടെ, ആ ദാമ്പത്യത്തില്‍ വിരിഞ്ഞ മക്കളടങ്ങുന്ന കുടുംബത്തിന്റേതാവട്ടെ, ആ കുടുംബങ്ങളടങ്ങുന്ന സമൂഹത്തിന്റേതാവട്ടെ, കുറെ സമൂഹങ്ങളടങ്ങുന്ന ഒരു രാഷ്ട്രത്തിന്റേതാവട്ടെ, കുറെ രാഷ്ട്രങ്ങളടങ്ങുന്ന മുഴു ലോകത്തിന്റേതുമകട്ടെ, *പരിപാലനവും പരിരക്ഷയും മേല്പറഞ്ഞ കാരുണ്യത്തില്‍ ചാലിച്ചതായിരിക്കണം എന്നത് ഖുര്‍ ആനിന്റെ അടിസ്ഥാന നിര്‍ബന്ധിത തത്വമാണ്.* 
കാരണം, ഖുര്‍ആന്‍ എന്ന ദൈവിക ഗ്രന്ഥം  ജനങ്ങള്‍ക്ക് വേണ്ടിയുള്ള ''കാരുണ്യം'' ആണ്.  മനുഷ്യരോടുള്ള നിസ്സ്വാര്‍ത്ഥ ഗുണകാംക്ഷയാണ്.  അത് കൊണ്ടുവന്ന പ്രവാചകന്‍ ''സര്‍വ്വലോക ചരാചരങ്ങള്ക്കും വേണ്ടിയുള്ള കാരുണ്യം'' ആണ്.  അത് അവതരിപ്പിച്ച ദൈവമാകട്ടെ ''പരമകാരുണ്യവാനും കരുണാനിധിയും കാരുണ്യത്തിന്റെ ഏക ഉറവിടവും'' ആണ്.  അത് ഏല്പ്പിക്കപ്പെട്ടവർ  കാരുണ്യത്തിന്റെ മാതൃകകളാണ്, ആകണം, ആയേ തീരൂ.
ഖുര്‍ആനിന് വിരുദ്ധമായി ഖുര്‍ആനിന്റെ വക്താക്കള്‍ എന്ന് ചമയുന്നവര്‍ കാട്ടിക്കൂട്ടുന്ന വൈകൃതങ്ങളോട് ഖുര്‍ആന്‍ യോജിക്കുന്നില്ല എന്നത് തിരിച്ചറിയേണ്ടതുണ്ട്,  മറിച്ച്, ആ വൈകൃതങ്ങളെ അപലപിക്കുകയാണ് ഖുര്‍ ആനും പ്രവാചകനും ചെയ്തിട്ടുള്ളത് എന്നും.
മേല്‍ പറഞ്ഞ കാരുണ്യമെന്ന അടിത്തറയിലാണ് സമൂഹത്തിന്റെ പുനഃസ്സംവിധാനവും ആസൂത്രണവും പരിപാലനവും സുരക്ഷയും ഉറപ്പു വരുത്താന്‍ ഖുര്‍ആന്‍ ശ്രമിക്കുന്നത്.  അതിലേക്കാണ് ഖുര്‍ആന്‍ മാനവതയെ ക്ഷണിക്കുന്നത്.
*അപ്പോള്‍ ആരാണ് സ്ത്രീ ?* എന്ന് ചോദിച്ചാല്‍, *മനുഷ്യ സമൂഹത്തിന്റെ മാതാവാണ് സ്ത്രീ.* എന്നാണുത്തരം. മാതാവിന്റെ പാദങ്ങളുടെ താഴെയാണ് സ്വര്‍ഗ്ഗമുള്ളതെന്ന് പ്രവാചകന്‍ പറഞ്ഞതിന്റെ ആഴം ചിന്തിച്ചെടുക്കേണ്ടതുണ്ട്.  സ്തീ മകളായാലും, ഭാര്യയായാലും സഹോദരിയായാലും മാതാവായാലും അവരെ കാരുണ്യപൂര്‍വ്വം പരിപാലിക്കുക എന്ന ബാധ്യതയാണ് പുരുഷനുള്ളത്.   എന്നാല്‍, സ്ത്രീയുടെ ഇണയായ പുരുഷന്‍ മരിച്ചു പോയാലോ അവളുടെ മകനോ പിതാവോ സഹോദരനോ ആണ് അവളെ സംരക്ഷിച്ച് പരിപാലിക്കേണ്ടത്.   ഇണയും മകനും സഹോദരനും പിതാവുമൊക്കെയില്ലാത്ത അവസ്ഥയില്‍ ആരാണ് സ്ത്രീയെ സംരക്ഷിക്കുക ? അവിടെയാണ് സമൂഹ്യ രാഷ്ട്രനിയമങ്ങള്‍ അവളുടെ സംരക്ഷണം ഏറ്റെടുക്കുന്നത്.  ഇതാണ് ഇസ്‌ലാമിക ശരീ അതതിന്റെ ഇവ്വിഷയത്തിലെ ആദ്യ ചട്ടങ്ങൾ. 
എന്നാൽ, *ഇതിനെയൊക്കെ മറികടക്കുന്ന അവസാന അത്താണി* യെന്ന ഏറ്റവും കരുത്തുറ്റ ഒരു വജ്രായുധമുണ്ട്. എന്താണാ വജ്രായുധം ? അതാണ്  *"അനാഥ സംരക്ഷണം എന്ന അതിമഹത്തായ ബാധ്യത"*.  ഈ വജ്രായുധത്തെ മറികടന്നു കൊണ്ട് യാതൊരാൾക്കും മുസ്‌ലിമാവുക സാധ്യമേയല്ല. അതോടൊപ്പമുള്ള മറ്റൊരു വജ്രായുധമാണ്  *''വിധവാ സംരക്ഷണം എന്ന ഗൗരവമേറിയ ബാധ്യത''*.  അതോടെ സ്ത്രീയുടെ എല്ലാ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നു.  ഇവിടെ ലൂപ് ഹോളുകളില്ല.  എല്ലാം മനോഹരമായി പരിഹരിക്കപ്പെടുന്ന സമഗ്ര ദർശനമാണത്. .  അഥവാ, സ്ത്രീയുടെ സമ്പൂര്‍ണ്ണ സുരക്ഷയും സംരക്ഷണവും പരിപാലനവും അതിമനോഹരമായി, സമഗ്ര സമ്പൂര്‍ണ്ണമായി സംവിധാനിക്കപ്പെട്ട ആദര്‍ശമാണ് ഇസ്ലാമിക  ദര്‍ശനം.   ഇത് പോലൊന്ന് മനുഷ്യരുണ്ടാക്കിയ യാതൊരു നിയമചട്ടങ്ങളിലും ഇന്ന് ഭൂമുഖത്ത് കാണപ്പെടുന്നില്ല എന്നതാണ്  *ഇത് മനുഷ്യ നിര്‍മ്മിതമല്ല, തീര്‍ത്തും ദൈവീകമാണ്* എന്ന് ഉറപ്പിച്ച് വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം.
ഇനിയുള്ളത് കണക്കിലെ കണക്ക് അറിയായ്മയാണ്.  അതാകട്ടെ, കണക്കറിയാമെന്ന അഹങ്കാരത്തിൽ നിന്നുൽഭൂതമായ ഹുങ്കാണ്. എങ്ങിനെയും ഖുർആനിനെ ഇകഴ്ത്തി പുച്ഛിച്ച്‌ വെടക്കാക്കണം എന്ന യുക്തി "വാതം" ബാധിച്ച ചിന്തയുടെ  സന്തതിയാണ്.


Credits: Not belongs to this blog.


Also Watch: 
    ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല !  ദൈവം  കെട്ടുകഥയാണെന്ന  അന്ധവിശ്വാസം  പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:

അഭിപ്രായങ്ങള്‍